Saturday, February 5, 2011


കാബിനറ്റില്‍ വരാനിടയില്ലെന്ന്‌ സൂചന

കൊക്കകോളയ്‌ക്കെതിരായ ട്രെബ്യൂണല്‍ അട്ടിമറിക്കപ്പെടുന്നു ?


പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയില്‍ നിന്ന്‌ നഷ്‌ടപരിഹാരം ഈടാക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേകട്രെബ്യൂണല്‍ നിയമമാക്കുന്നതു സംബന്ധിച്ച തീരുമാനം സര്‍ക്കാരിന്റെ ബജറ്റ്‌സെഷനില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന്‌ സൂചന. നേരത്തെ വ്യവസായവകുപ്പിന്റെ എതിര്‍പ്പുണ്ടായിട്ടും ജലവിഭവവകുപ്പിന്റെയും നിയമവകുപ്പിന്റെ അംഗീകാരം ട്രെബ്യൂണല്‍ തീരുമാനത്തിന്‌ ലഭിച്ചിരുന്നു. അതിനുശേഷം നിയമത്തിന്റെ കരട്‌ രൂപം തയ്യാറാക്കിയെങ്കിലും വീണ്ടും ചില നിയമതടസ്സങ്ങള്‍ വന്നുചേര്‍ന്നതിനാല്‍ ധൃതിപിടിച്ച്‌ വിഷയം കാബിനറ്റില്‍ വെയ്‌ക്കാനിടയില്ലെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്‌.
നിലവില്‍ ജലവകുപ്പിന്റെയും നിയമവകുപ്പിന്റെയും പരിഗണനയിലാണുള്ളതെന്നും ടബ്യൂണലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നിയമമാക്കുന്നതിനെക്കുറിച്ചും തനിക്കൊന്നുമറിയില്ലെന്നുമാണ്‌ പ്ലാച്ചിമടയിലെ നഷ്‌ടത്തെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കുകയും ട്രബ്യൂണല്‍ ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്‌ത പ്ലാച്ചിമട ഉന്നതാധികാരസമിതിയുടെ തലവനുമായിരുന്ന കെ ജയകുമാര്‍ ഐ എ എസ്‌ പറഞ്ഞത്‌. ചില തടസ്സങ്ങള്‍ വന്നുപെട്ടിട്ടുണ്ട്‌ എന്നാണ്‌ ഇതുസംബന്ധിച്ച്‌ തങ്ങള്‍ക്കും ലഭിച്ച വിവരമെന്നാണ്‌ പ്ലാച്ചിമടസമരനേതാവ്‌ വിളയോടി വേണുഗോപാലും പറയുന്നത്‌. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ട്രെബ്യൂണല്‍ നിയമമാക്കുമെന്നാണ്‌ പ്രതീക്ഷ. എവിടെയാണ്‌ മാര്‍ഗ്ഗതടസ്സമെന്ന്‌ വ്യക്തമല്ല. അതിനാല്‍ വിഷയം ഉന്നയിച്ച്‌ രണ്ടുദിവസത്തിനകം തിരുവനന്തപുരത്തേക്ക്‌ നീങ്ങുമെന്നും വിളയോടി പ്രതികരിച്ചു. അടുത്ത നിയമസഭയില്‍ ട്രെബ്യൂണല്‍ നിയമമാക്കുമെന്ന്‌ കഴിഞ്ഞ നിയമസഭാവേളയില്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായി നിയമവകുപ്പിന്റെ നീണ്ട നാളത്തെ പരിശോധനയ്‌ക്കുശേഷം ബില്ലിനുള്ള അനുകൂലനിലപാട്‌ നിയമവകുപ്പില്‍ നിന്നും ലഭിച്ചിരുന്നു. ജലവിഭവ വകുപ്പിന്റെയും നിയമവകുപ്പിന്റെയും അംഗീകാരം നേടിയിട്ടും വീണ്ടും വന്നുപെട്ട നിയമതടസ്സം എന്താണെന്ന്‌ വ്യക്തമല്ല. ബജറ്റ്‌സെഷനില്‍ ട്രെബ്യൂണല്‍ തീരുമാനം നിയമമായി മാറിയില്ലെങ്കില്‍ വ്യവസായവകുപ്പാകും പ്രതികൂട്ടിലാകുകയെന്നാണ്‌ പ്ലാച്ചിമടസമരവുമായി രംഗത്തുണ്ടായിരുന്ന ചിലരുടെ വിലയിരുത്തല്‍.
പ്ലാച്ചിമടയില്‍ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച ആഘാധത്തെക്കുറിച്ച്‌ പഠിക്കാനായി നിയോഗിച്ച കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമതിയ്‌ക്കെതിരെ വ്യവസായവകുപ്പ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌ കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായതാണ്‌. കൊക്കകോളകമ്പനിയില്‍ നിന്ന്‌ 216.26 കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നും ട്രെബ്യൂണല്‍ രൂപവത്‌ക്കരിച്ച്‌ വിചാരണ ചെയ്യണമെന്നുമുള്ള സമതിയുടെ റിപ്പോര്‍ട്ടിനെതിരെ അന്ന്‌ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്‌ണന്‍ ദീര്‍ഘമായ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. കോളകമ്പനിയെപോലുള്ളവര്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്താല്‍ കേരളത്തിലേക്ക്‌ സ്വകാര്യകമ്പനികള്‍ വ്യവസായവശ്യാര്‍ഥം എത്തില്ലെന്ന പ്രചാരണമാണ്‌ വ്യവസായവകുപ്പ്‌ നടത്തിയിരുന്നത്‌. ഇത്‌ വിവാദമാകുകയും ഇതിനെതിരെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പരസ്യമായി നിലപാട്‌ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എങ്കിലും ജൂണ്‍ 30ന്‌ തന്നെ ട്രബ്യൂണല്‍ രൂപവത്‌ക്കരിക്കാന്‍ മന്ത്രിസഭ മുന്‍കൈ എടുക്കുകയുമായിരുന്നു. പിന്നീട്‌ ഏറെനാളായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ അംഗീകാരത്തിനായി നീങ്ങുന്നതിനാല്‍ പ്ലാച്ചിമട സമരവും ഏതാണ്ട്‌ നിശ്ശബ്‌ദമായിരുന്നു. സമരക്കാരുടെയും മറ്റും കടുത്ത ആവശ്യം പരിഗണിച്ച്‌ പ്ലാച്ചിമടയിലെ നഷ്‌ടത്തെക്കുറിച്ച്‌ പഠിക്കാന്‍ ഇടതുസര്‍ക്കാരാണ്‌ പ്രത്യേക സമതിയെ നിയമിച്ചത്‌. വിശദമായ തെളിവെടുപ്പുകള്‍ക്കൊടുവില്‍ പ്ലാച്ചിമട നിവാസികള്‍ക്ക്‌ ഏറെക്കുറെ അനുകൂലമായ റിപ്പോര്‍ട്ട്‌ സമിതി സമര്‍പ്പിക്കുകയും ചെയ്‌തതിനാല്‍ പ്ലാച്ചിമടനിവാസികള്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഇടതുസര്‍ക്കാരിന്റെ അവസാനനിയമസഭാ സമ്മേളനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അതില്‍ ട്രെബ്യൂണല്‍ വിഷയം വന്നില്ലെങ്കില്‍ വരുന്ന സര്‍ക്കാര്‍ എന്തു തീരുമാനം എടുക്കുമെന്നതിനെക്കുറിച്ച്‌ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. (സിറാജ്‌ 5-2-11)

1 comment:

  1. പണത്തിനു മീതെ പരുന്ത് പറക്കില്ല

    ReplyDelete