Wednesday, October 19, 2011

നിഴല്‍: ''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ...

നിഴല്‍: ''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ...: ''ഒരു നല്ല മകനെ പ്രസവിച്ച് രാജ്യത്തിന് നല്‍കിയപ്പോള്‍ രാജ്യം അവനെ കൊലയാളിയായി തിരിച്ചുതന്നതെന്തിനാണ്?'' കണ്ഠമിടറിക്കൊണ്ട് ചോദിക്കുന്നത് രാ...

''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ'- അര്‍പുതം അമ്മാള്‍



''ഒരു നല്ല മകനെ പ്രസവിച്ച് രാജ്യത്തിന് നല്‍കിയപ്പോള്‍ രാജ്യം അവനെ കൊലയാളിയായി തിരിച്ചുതന്നതെന്തിനാണ്?'' കണ്ഠമിടറിക്കൊണ്ട് ചോദിക്കുന്നത് രാജീവ് ഗാന്ധിവധകേസില്‍ പ്രതിചേര്‍ത്ത് 21 വര്‍ഷം മുമ്പ് 19-ാം വയസ്സില്‍ ജയിലിലടക്കപ്പെട്ട പേരറിവാളന്‍ എന്ന ചെറുപ്പക്കാരന്റെ അമ്മ അര്‍പുതം അമ്മാള്‍. മകന്‍ പേരറിവാള്‍ അടക്കം ജയിലിലുള്ള മൂന്ന് പ്രതികളുടെ വധശിക്ഷ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തില്‍ മകന്റെ അന്തിമമായ മോചനം ആവശ്യപ്പെട്ട് അലയുന്ന ഈ അമ്മ കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
രാജീവ് ഗാന്ധി വധകേസില്‍ എന്റെ മകന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അതിനായി കേസ് പുനര്‍വിചാരണ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധിവധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. കൊലപാതകവുമായി ചുറ്റിപ്പറ്റി എന്തൊക്കെ കഥകള്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ക്കുപോലും ഇതില്‍ പങ്കുണ്ടെന്ന ആക്ഷേപമില്ലേ? വിവരാവകാശനിയമപ്രകാരം അറിഞ്ഞ അറിവ് വച്ച് എന്റെ മകന്‍ അടക്കമുള്ള മൂന്നു പേരെയും തൂക്കിലേറ്റുന്നതില്‍ വലിയ താല്‍പ്പര്യമുള്ളത് കേന്ദ്രമന്ത്രി ചിദംബരത്തിനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്്. എന്തിനാണ് നിരപരാധികളെ ഇങ്ങിനെ തൂക്കിലേറ്റാന്‍ ധൃതി പെടുന്നത്. യഥാര്‍ത്ഥത്തില്‍ കൊല നടത്തിയവരെ കണ്ടെത്തണമെന്നുതന്നെയാണ് എന്റെയും ആവശ്യം. അങ്ങിനെ വന്നാലും അവരെ തൂക്കികൊന്നുകൊണ്ട് ശിക്ഷിക്കരുതെന്നാണ് തന്റെയും അഭിപ്രായം. രാജീവ് ഗാന്ധിയുടെ ജീവനുള്ള വില തന്നെ എന്റെ മകനുമില്ലേ? എന്റെ മകനെ രാജ്യം എന്തിനാണ് കൊലയാളിയാക്കി മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ നളിനിയ്ക്ക് മാപ്പ് കൊടുത്തവര്‍ക്ക് എന്തേ എന്റെ മകനും അത് നല്‍കികൂടാ. ആദ്യമൊക്കെ സോണിയാഗാന്ധി വധശിക്ഷയ്‌ക്കെതിരായിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. നിരപരാധിയായ അവനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം നിയമത്തെ അംഗീകരിക്കുന്ന ഞങ്ങള്‍ മാതാപിതാക്കള്‍ പൊലീസുമായി സഹകരിക്കുകയായിരുന്നു. എട്ടുദിവസം കഴിഞ്ഞിട്ടും അവനെ പുറത്തുവിടാത്തിതനെതുടര്‍ന്ന് സ്റ്റേഷനില്‍ പോയപ്പോഴാണ് അവനെ രാജീവ് ഗാന്ധിവധകേസില്‍ ബോംബ് നിര്‍മിച്ചു എന്ന പേരില്‍ കേസിലെ 18-ാം പ്രതിയാക്കിയ വിവരം അറിഞ്ഞത്. ഇന്ന് ബോംബിനുവേണ്ടിയുള്ള ഒമ്പത് വാട്ട് ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നായി മാറിയിരിക്കുന്നു അവന്റെ കുറ്റം. ചെന്നൈ ജയിലില്‍ പോയി മകനെ നേരില്‍ കണ്ടപ്പോള്‍ എന്നോട് ഒന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല അവന്‍. 'അമ്മ എന്തിനാണിവിടെ വന്നതെന്ന്' ചോദിച്ച് അവന്‍ പൊട്ടിക്കരയുമ്പോള്‍ ചുറ്റും നിറയെ പൊലീസുകാരായിരുന്നു. 19 വയസ്സുവരെ സ്വന്തം അച്ഛനോ അമ്മയോ ഒരു വടിയെടുത്തുപോലും തല്ലാതെ നല്ല കുട്ടിയായി വളര്‍ത്തിയ എന്റെ മകനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യം വിവരിക്കുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു.
തമിഴ്‌നാട്ടിലേതുപോലെ എന്റെയും എന്റെ മകന്റെയും വേദനാനിര്‍ഭരമായ കഥകള്‍ മലയാളികള്‍ക്കും നല്ല വണ്ണം അറിയാമെന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ളവര്‍ ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചതില്‍ അവരോട് വലിയ ഭക്തിയുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി അച്ഛനെയും അമ്മയെയും കാണാതെ ജയിലിലെ പീഡനം സഹിച്ച് മകനും അവന്റെ മോചനം ആവശ്യപ്പെട്ട് ഞാനടക്കമുള്ള കുടുംബവും സഹിക്കാത്ത വേദനയില്ല. എന്നാലിപ്പോള്‍ കേരളീയരായ നിങ്ങളും ലോകത്തെങ്ങുമുള്ള പലരും എന്റെ മകന്റെ മോചനത്തിനായി നടത്തുന്ന പ്രവര്‍ത്തി കാണുമ്പോള്‍ മനസ്സിന് ആശ്വാസമുണ്ട്. ആദ്യകാലത്ത് നിരപരാധിയായ മകനെ പ്രതിചേര്‍ത്തപ്പോള്‍ അതിനെതിരായി ശബ്ദിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ടെന്നും അവന്റെ യഥാര്‍ത്ഥ കഥ പറയുന്ന പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ തമിഴിലും നിരവധി ഭാഷകളിലും ഇറങ്ങിയിട്ടുമുണ്ട്. മകനും ഒപ്പമുള്ള മറ്റു രണ്ടു പേരായ മുരുകനും ശാന്തനും നീതി ലഭിക്കണമെന്നും എന്നെപ്പോലെ മറ്റൊര അമ്മയ്ക്കും ഇത്തരമൊരി ഗതി ഉണ്ടാകരുതെന്നും വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞുകൊണ്ടാണ് ആഐ അമ്മ സംസാരം നിര്‍ത്തിയത്.