Tuesday, December 28, 2010

ബിനായക്കിന്റെ മോചനത്തിനായുള്ള അനിവറിന്റെ ഇടപെല്‍ റിക്കാര്‍ഡിലേക്ക്‌മാവോയിസ്റ്റ്‌ ബന്ധത്തിന്റെ പേരില്‍ ഛത്തീസ്‌ഗഢിലെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ ആരോഗ്യപ്രവര്‍ത്തകനുമായ ബിനായക്‌ സെന്നിന്റെ ജയില്‍മോചനം ആവശ്യപ്പെട്ട്‌ ലോകത്തിന്റെ നിരവധി ഭാഗത്തുനിന്നായി സൈബര്‍ രംഗത്ത്‌ നടത്തികൊണ്ടിരിക്കുന്ന ഇടപെടല്‍ റെക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു.
ബിനായക്‌ സെന്നിന്റെ മോചനം ആവശ്യപ്പെട്ട്‌ തൃശൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അനിവര്‍ അരവിന്ദ്‌ സൈബര്‍ രംഗത്ത്‌ നടത്തിയ ഇടപെടലാണ്‌ ലോകശ്രദ്ധ നേടുന്നത്‌. `ബിനായക്‌ സെന്നിനെ ശിക്ഷിച്ചതിലൂടെ ഇന്ത്യന്‍ നീതിന്യായം പരാജയപ്പെട്ടിരിക്കുന്നു' എന്ന്‌ കാണിച്ച്‌ ഇന്ത്യന്‍ പ്രസിഡന്റിന്‌ ഒപ്പിട്ടു സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈനില്‍ അനിവര്‍ പോസ്റ്റ്‌ ചെയ്‌ത പരാതിയാണ്‌ മൂന്ന്‌ ദിവസം കൊണ്ട്‌ ലോകത്തെ ഒന്നാമത്തെ പരാതിയായി വന്നിരിക്കുന്നത്‌. ലോകത്തെ സ്വകാര്യ പരാതികള്‍ പ്രസിദ്ധീകരിക്കുന്ന പെറ്റീഷന്‍ ഓണ്‍ലൈന്‍ ഡോട്ട്‌ കോമിലാണ്‌ (Petitiononline.com) ബിനായക്‌ സെന്നിനെ ജീവപര്യന്തം ശിക്ഷിച്ച ഡിസംബര്‍ 24 ന്‌ വൈകിട്ടോടെ അനിവര്‍ പരാതി പോസ്റ്റ്‌ ചെയ്‌തത്‌.
വിവിധ കമ്യൂണിറ്റി സൈറ്റുകളുമായി ലിങ്ക്‌ ചെയ്‌ത പരാതിയില്‍ ഇന്നലെ വൈകീട്ടോടെ നാലായിരത്തിനടുത്ത്‌ അംഗങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്‌. ഇത്ര ചുരുക്കം ദിവസംകൊണ്ട്‌ ഇത്രമാത്രം പേര്‍ സൈബര്‍ മേഖലയിലുള്ള പരാതിയില്‍ ഒപ്പിടുന്നത്‌ ഇതാദ്യമാണെന്ന്‌ അനിവര്‍ പറയുന്നു. പ്രധാനപ്പെട്ട പത്ത്‌ പരാതികള്‍ എന്ന പേരില്‍ പെറ്റീഷന്‍ ഓണ്‍ലൈനില്‍ ഇത്‌ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. കുര്‍ദുകള്‍ക്കെതിരെ നടക്കുന്ന അതിക്രമവുമായി ബന്ധപ്പെട്ട ഇറാന്‍ സര്‍ക്കാറിന്‌ നല്‍കിയ പരാതിയാണ്‌ രണ്ടാമതുള്ളത്‌. മറ്റ്‌ എട്ടണ്ണവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്‌.
സെന്നിന്റെ വിധിക്കെതിരെ ചുരുക്കം ദിവസംകൊണ്ട്‌ സൈബര്‍ രംഗത്തെ വിവിധ കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളില്‍ സജീവ ചര്‍ച്ച വന്നതും പ്രസിഡന്റിനായി സമര്‍പ്പിച്ച പരാതിയില്‍ ആയിരങ്ങള്‍ ഒപ്പിട്ടതും സൈബര്‍ ആക്‌ടിവിസത്തിന്റെ വലിയൊരു സാധ്യതയാണ്‌ തുറന്നിരിക്കുന്നതെന്ന്‌ ഇപ്പോള്‍ കേരളത്തിലുള്ള അനിവര്‍ അരവിന്ദ്‌ പറഞ്ഞു. ബിനായക്‌ സെന്നിനെ 2007ല്‍ ഛത്തീസ്‌ഗഢ്‌ സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌തതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ പേരില്‍ സൈറ്റ്‌ തുടങ്ങി സാമൂഹിക ഇടപെടല്‍ നടത്തിയിരുന്നു. അതിലൂടെ ലഭിച്ച അംഗീകാരമാണ്‌ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി പ്രസിഡന്റിന്‌ നല്‍കിയ കത്തില്‍ ഒപ്പിടാന്‍ നിരവധി പേര്‍ രംഗത്തെത്തിയതെന്ന്‌ അനിവര്‍ പറയുന്നു.
പരമ്പരാഗത ആക്‌ടിവിസത്തിന്റെ പ്രതിസന്ധിയെ മറികടന്ന്‌ ഇന്റര്‍നെറ്റിനെ ഉപയോഗിച്ച്‌ സെന്നിന്റെ മോചനത്തിനായി എന്തു ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ്‌ ഇത്തരമൊരു ഇടപെടല്‍ നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഫ്രീസോഫ്‌റ്റ്‌ മേഖലയുടെ വ്യാപനത്തിനായി ഇടപെട്ടതിന്റെ അനുഭവസമ്പത്തും ( ഐടി അറ്റ്‌ സ്‌കൂള്‍ പദ്ധതിയുടെ മുഖ്യസൂത്രധാരകനായിരുന്നു) സാമൂഹിക പ്രതിബന്ധതക്കായി ഇന്റര്‍നെറ്റ്‌ മേഖലയെ മാറ്റിത്തീര്‍ക്കുന്നതിന്‌ നടത്തിയ ശ്രമവുമാണ്‌ ഈ മലയാളി യുവാവിനെ സൈബര്‍ ആക്‌ടിവിസത്തിന്‌ തുടക്കമിടാന്‍ പ്രേരിപ്പിച്ചത്‌. ഓണ്‍ലൈന്‍ രംഗത്തെ സംഘടനയായ മൂവിംഗ്‌ റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ കൂടിയാളിദ്ദേഹം.
ബിനായക്‌ സെന്നിനു വേണ്ടി വെബ്‌സൈറ്റ്‌ തുടങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന്റെ മോചനത്തിനായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യക്യാമ്പുകളും സിനിമാപ്രദര്‍ശനവും പൊതുപരിപാടികളും നടത്തിയിരുന്നു. സൈറ്റിലൂടെ രൂപം കൊണ്ട ബന്ധങ്ങളുപയോഗിച്ചും വിവിധ സംഘടനകളെ ഏകോപിപ്പിച്ചുമാണ്‌ പരിപാടികള്‍ നടത്തിയത്‌. സെന്നിന്റെ മോചനത്തിനായി ചത്തീസ്‌ഗഢിലെ റായ്‌പൂര്‍ കോടതിയിലേക്ക്‌ 2008 മുതല്‍ 2009 വരെ മാര്‍ച്ച്‌ നടത്തിയിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ അവിടെയെത്തിയതും അതിനെ നിയന്ത്രിച്ചതുമൊക്കെ സൈറ്റിലൂടെയായിരുന്നു. 2009ല്‍ സെന്‍ മോചിതനായതിനുശേഷം നിര്‍ജീവമായിരുന്ന സൈറ്റിനെ ഇപ്പോള്‍ വീണ്ടും ഉപയോഗിച്ചപ്പോള്‍ ലോകത്തെങ്ങുമുള്ള പഴയതും പുതിയതുമായ ബന്ധങ്ങള്‍ സജീവമായിരിക്കയാണ്‌.
കുസാറ്റില്‍ നിന്ന്‌ ബി ടെക്‌ ബിരുദം നേടിയ അനിവര്‍ ബംഗളൂരുവിലെ തന്റെ ജോലിസമയം കഴിഞ്ഞുള്ള വേളയിലാണ്‌ ഇത്തരത്തില്‍ ഏറെ സാമൂഹികപ്രസക്തമായ മേഖലയില്‍ മുഴുകുന്നത്‌. ഓണ്‍ലൈനിനൊപ്പം തന്നെ ഓഫ്‌ലൈനിലൂടെയും ഇടപെട്ടാലേ ഈ ആക്‌ടിവിസം വികസിപ്പിക്കാനാകൂ എന്നും സാമൂഹിക ഇടപെടലിന്റെ സഹായകമായി മാത്രമേ ഇന്റര്‍നെറ്റിനെ കാണാനാകൂ എന്നും അനിവര്‍ പറയുന്നു. (സിറാജ്‌ 28-12-10)
pls go& sign u r petition http://go.binayaksen.net/petition , http://www.binayaksen.net/2010/12/poem-binayak-sen/

Saturday, December 4, 2010

നിഴല്‍: മന്തിനെതിരായ ഗുളിക കഴിച്ച്‌ 2009 ല്‍ 14 പേര്‍ മരിച...

നിഴല്‍: മന്തിനെതിരായ ഗുളിക കഴിച്ച്‌ 2009 ല്‍ 14 പേര്‍ മരിച...: "ഏറെ ആശങ്കകള്‍ക്കിടയിലും വീണ്ടും മന്തുരോഗപ്രതിരോധ ഗുളികളുമായി ആരോഗ്യവിഭാഗം അധികൃതര്‍ രംഗത്തിയതോടെ അതിനെതിരായ പ്രതിക്ഷേധവും ഉയരുന്നു. അഞ്ചു..."

മന്തിനെതിരായ ഗുളിക കഴിച്ച്‌ 2009 ല്‍ 14 പേര്‍ മരിച്ചെന്ന്‌.... ?
ഏറെ ആശങ്കകള്‍ക്കിടയിലും വീണ്ടും മന്തുരോഗപ്രതിരോധ ഗുളികളുമായി ആരോഗ്യവിഭാഗം അധികൃതര്‍ രംഗത്തിയതോടെ അതിനെതിരായ പ്രതിക്ഷേധവും ഉയരുന്നു. അഞ്ചു മുതല്‍ ഏഴു വരെ 2.8 കോടിയോളം ഡി ഇ സി ഗുളികകള്‍ 11 ജില്ലകളിലായി വിതരണം ചെയ്യാനാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഡി ഇ സി ഗുളിക കഴിച്ച കുട്ടികള്‍ അടക്കമുള്ള നിരവധി പേര്‍ക്കുണ്ടായ അസ്വസ്ഥതകളും മരണവും മുന്‍വര്‍ഷങ്ങളില്‍ വാര്‍ത്തയായതാണ്‌. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ ഗുളിക കഴിച്ച്‌ തല കറങ്ങിവീണതിനെതുടര്‍ന്നും അല്ലാതെയും 14 ഓളം പേര്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ടെന്നാണ്‌ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `ജനാരോഗ്യപ്രസ്ഥാനം' പുറത്തുവിടുന്ന വിവരം. ഡി ഇ സി ഗുളികകള്‍ കഴിക്കുന്നതിനെതിരായ പ്രചാരണമെന്ന നിലയില്‍ ജനാരോഗ്യപ്രസ്ഥാനം കഴിഞ്ഞ ദിവസം ഇറക്കിയ ലഘുലേഖയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
`ആരോഗ്യവകുപ്പിന്റെ തലയ്‌ക്ക്‌ മന്ത്‌ കാലിന്‌ ഭ്രാന്ത്‌!! ` എന്ന പേരില്‍ ഇറക്കിയ ലഘുലേഖയില്‍ മന്തുമരുന്നായ ഡൈ ഈതൈല്‍ കാര്‍ബമസിന്റെ (ഡി ഇ സി)ദോഷഫലങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. മാര്‍ട്ടിന്റെയില്‍- ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌ എന്ന വൈദ്യശാസ്‌ത്രരംഗത്തെ തന്നെ ലോകത്തെ ആധികാരിക ഗ്രന്ഥത്തിലെ വിവരങ്ങളാണ്‌ ലഘുലേഖയില്‍ ഉള്ളത്‌. കര്‍ശനമായ നിരീക്ഷണത്തിന്‍മേല്‍ മൂന്ന്‌ ദിവസം ആശുപത്രിയില്‍ കിടത്തി രോഗിയെ നിരീക്ഷിച്ച ശേഷമേ ഗുളിക കൊടുക്കാവൂ, ഛര്‍ദി മുതല്‍ തളര്‍ച്ചവരെയുള്ള അസ്വസ്ഥതകളും മരണവും സംഭവിക്കാമെന്നും നിരവധിപേര്‍ മരിച്ചതായി പുസ്‌തകത്തിലുണ്ടെന്നും ലഘുലേഖയില്‍ പറയുന്നു.
മണ്ണില്‍ വീഴാന്‍ പോലും പാടില്ലാത്ത മരുന്നാണിത്‌. 2009 ല്‍ മന്തുമരുന്ന്‌ കഴിച്ചതിനെതുടര്‍ന്ന്‌ പതിനായിരിക്കണക്കിന്‌ പേര്‍ ഗുരുതരമായി പാര്‍ശ്വഫലമനുഭവിച്ചു. ഇതിനു പുറമെ 14 ഓളം പേര്‍ പല ദിവസങ്ങളിലായി സംസ്ഥാനത്തെങ്ങും മരണപ്പെട്ടതായും ഇതില്‍ പറയുന്നു. ഇത്തരത്തിലുള്ള മരണം സംബന്ധിച്ച്‌ അന്ന്‌ പത്രങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ പകര്‍പ്പും ലഘുലേഖയില്‍ ഉണ്ട്‌.
മരുന്ന്‌ വിതരണം നടത്തിയ ശേഷം ഒരു കോടി പേര്‍ കഴിച്ച മരുന്ന്‌ ഗുണനിലവാരം ഇല്ലെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചതും നമ്മള്‍ കണ്ടതാണെന്നും ലഘുലേഖയിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ ജനാരോഗ്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ സാജന്‍സിന്ധു പറയുന്നത്‌. പതിനാലായിരം ആളുകള്‍ക്കു മാത്രമേ കേരളത്തില്‍ മന്തുരോഗത്തിന്‌ വിദുരസാധ്യതയുള്ളൂ എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. എന്നിട്ടും എല്ലാവരെയും ഇത്‌ കഴിപ്പിക്കുന്നതിനു പിന്നില്‍ മരുന്നുകമ്പനിയുടെ താത്‌പ്പര്യമല്ലാതെ മറ്റെന്ത്‌? കേന്ദ്രസര്‍ക്കാര്‍ സൗജന്യമായാണ്‌ നല്‍കുന്നതെന്ന്‌ പറഞ്ഞാലും നമ്മുടെ നികുതിപണത്തില്‍ നിന്നാണ്‌ ആ തുക മരുന്നുകമ്പനിക്ക്‌ നല്‍കുന്നതെന്ന്‌ നാം ഓര്‍ക്കണം. മന്തിന്‌ കാരണമാകുന്ന വിരകളെ ശരീരത്തില്‍ നിന്ന്‌ നിര്‍മാര്‍ജനം ചെയ്യാന്‍ ഫലവത്താണീ ഗുളികയെന്നാണ്‌ ആരോഗ്യവിഭാഗം അവകാശപ്പെടുന്നത്‌. എന്നാല്‍ ചുരുക്കം ശതമാനം മാത്രം പേരില്‍ ഉണ്ട്‌ എന്ന്‌ സംശയിക്കുന്ന മന്തുരോഗത്തിന്റെ പേരില്‍ ഏവര്‍ക്കും ഗുളിക കൊടുക്കുന്നതിലൂടെ ശരീരത്തിന്‌ നിര്‍ബന്ധമായും വേണ്ട ഓര്‍ഗന്‍സുകളും നശിക്കുമെന്നും ഇതുവഴി പ്രതിരോധശേഷിയാണ്‌ നശിക്കുന്നുതെന്നും അദ്ദേഹം പറയുന്നത്‌. ഇതു കൂടാതെ ഗുളിക കഴിക്കുന്നതിലൂടെ നീര്‍ക്കെട്ടും മറ്റും വരുന്നുണ്ടെന്നും ഈയടുത്തകാലം മുതല്‍ കേരളത്തില്‍ വ്യാപകമായി ചിക്കുന്‍ഗുനിയ പിടിപെട്ടതിന്റെ പൊരുളും ഇതുമായി കൂട്ടിവായിക്കേണ്ടിവരും. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ ഏത്‌ കോടതിയിലും നിരത്താന്‍ തങ്ങള്‍ തയ്യാറാണെന്നും സാജന്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ശുദ്ധകളവാണെന്നും ഗുളിക കഴിച്ചതിന്റെ പേരില്‍ ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്നുമാണ്‌ കോഴിക്കോട്‌ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്‌ണന്‍ പറയുന്നത്‌. നേരിയ തലകറക്കമൊക്കെ ചിലര്‍ക്ക്‌ അനുഭവപ്പെട്ടതല്ലാതെ മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഈ ഗുളികകൊണ്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. മരണം ഗുളിക കഴിച്ചതിനെതുടര്‍ന്നാണെന്ന്‌ പറഞ്ഞാല്‍ സര്‍ക്കാരിന്‌ നഷ്‌ടപരിഹാരം കൊടുക്കേണ്ടിവരുമെന്നതിനാലാണ്‌ അത്തരത്തില്‍ പ്രതികരിക്കുന്നതെന്നാണ്‌ ഇതിനോട്‌ സാജന്റെ പ്രതികരണം.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഗുളികകള്‍ നല്‍കി മന്തിനെ തുടച്ചുമാറ്റുക എന്ന്‌ പറഞ്ഞ്‌ 2004 ലാണ്‌ പദ്ധതി തുടങ്ങിയതെങ്കിലും ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും അഞ്ചുവര്‍ഷത്തിനുശേഷവും ഈ പദ്ധതി തുടരുന്നതിലും ആശങ്കയുണ്ട്‌. മരുന്ന്‌ നല്‍കുന്നവരില്‍ 35 ശതമാനവും ഇത്‌ കഴിക്കാത്തതിനാലാണ്‌ കാലാവധി നീട്ടുന്നതെന്നാണ്‌ ആരോഗ്യവിഭാഗം ഇതിന്‌ മറുപടി പറയുന്നത്‌.

Friday, November 19, 2010

രാജന്റെ മൃദേഹം എന്തു ചെയ്‌തു? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം


വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ 40 വര്‍ഷത്തിനു ശേഷം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനെ ശിക്ഷിച്ച പശ്ചാത്തലത്തില്‍ അടിയന്തിരാവസ്ഥാനാളില്‍ പൊലീസ്‌ ഉരുട്ടികൊന്നുവെന്ന്‌ പറയപ്പെടുന്ന രാജന്റെ മരണം സംബന്ധിച്ച്‌ പുനരന്വേഷണം വേണമെന്ന്‌ ആവശ്യമുയരുന്നു. വര്‍ഗീസ്‌ കേസ്‌ തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായ സഹായങ്ങള്‍ ചെയ്‌തുകൊടുത്ത മുന്‍ നക്‌സലൈറ്റ്‌ നേതാവ്‌ എ വാസുവിന്റെ നേതൃത്വത്തിലുള്ള സമാനമനസ്‌ക്കരുടെ കൂട്ടായ്‌മയാണ്‌ ഇത്തരമൊരു ഉദ്യമത്തിന്‌ ശ്രമിക്കുന്നത്‌. രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും ശേഷിക്കാത്തതിനാല്‍ സി ബി ഐ അന്വേഷണമെങ്കിലും നടത്തണമെന്ന ആവശ്യമാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌. വര്‍ഗീസ്‌ വിധി സംബന്ധിച്ച്‌ വര്‍ഗീസ്‌ സ്‌മാരകബുക്‌സ്റ്റാള്‍ ഇന്നലെ കോഴിക്കോട്‌ നടത്തിയ ചര്‍ച്ചയ്‌ക്കിടയില്‍ ഇതു സംബന്ധിച്ച്‌ പ്രമേയവും പാസാക്കിയിട്ടുണ്ട്‌.
1976 ഫെബ്രുവരിയിലാണ്‌ നക്‌സലൈറ്റ്‌ ബന്ധം ആരോപിച്ച്‌ കോഴിക്കോട്‌ ആര്‍ ഇ സി കോളജിലെ വിദ്യാര്‍ഥിയായ രാജനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കക്കയത്തെ പൊലീസ്‌ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍വച്ച്‌ രാജന്‍ കൊല്ലപ്പട്ടുവെന്നും പൊലീസ്‌ രഹസ്യമായി സംസ്‌ക്കരിക്കുകയുമായിരുന്നു എന്നുമാണ്‌ പിന്നീട്‌ പലരും പുറത്തുവിട്ട വിവരമെങ്കിലും മൃതദേഹം എന്തുചെയ്‌തുവെന്ന്‌ ഇതുവരെ നീതിപീഡനത്തിന്‌ കണ്ടെത്താനായിട്ടില്ല. ഏകമകന്റെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി രാജന്റെ അച്ഛന്‍ ഈച്ചരവാരിയര്‍ നടത്തിയ നിയമപോരാട്ടങ്ങളെല്ലാം വിജയം കണ്ടെങ്കിലും മൃതദേഹം എന്തു ചെയ്‌തുവെന്നും എവിടെ സംസ്‌ക്കരിച്ചുവെന്നും അറിയാന്‍ കഴിയാതെയാണ്‌ ആ അച്ഛന്‍ മരിച്ചത്‌. അടിയന്തിരാവസ്ഥയുടെ കേരളത്തിന്റെ പീഡിതപ്രതീകമായി രാജനെ എല്ലാവര്‍ഷവും നക്‌സലൈറ്റുകാരും മറ്റും അഘോഷിക്കാറുണ്ടെങ്കിലും മൃതദേഹം കണ്ടെത്താനോ അന്നത്തെ പൊലീസ്‌ അധികാരികളെയും മറ്റും ശരിയാംവണ്ണം ശിക്ഷിക്കാനോ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളൊന്നും നടത്തിയിരുന്നില്ല.
എന്നാല്‍ നക്‌സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ ഐ ജി ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പഴയകാല നക്‌സലൈറ്റ്‌ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമാണ്‌ രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന ആവശ്യമുന്നയിച്ച്‌ രംഗത്തുവന്നിരിക്കുന്നത്‌. രാജന്റെ കൊലപാതകത്തിനു പിന്നിലും ഇപ്പോള്‍ വര്‍ഗീസ്‌കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷ്‌മണയ്‌ക്ക്‌ പങ്കുണ്ടെന്നാണ്‌ ഇവരുടെ ഭാക്ഷ്യം. അടിയന്തിരാവസ്ഥയിലെ ഞെട്ടിക്കുന്ന ഓര്‍മയായ കക്കയം പൊലീസ്‌ കേമ്പ്‌ നടപ്പാക്കിയ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍, അന്നത്തെ കേമ്പില്‍ പ്രധാന ഉദ്യോഗസ്ഥന്‍മാരായ ലക്ഷ്‌ണ, പുലിക്കോടന്‍ രാഘവന്‍ എന്നിവരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാല്‍ രാജന്‍കേസിന്റെ പുനരന്വേഷണത്തിന്‌ പ്രസക്തി ഏറെയാണെന്നാണ്‌ എ വാസു പറയുന്നത്‌. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പുറപ്പെടുവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മുമ്പ്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനെയും നേരില്‍ കണ്ടിരുന്നു. എന്നാല്‍ അവര്‍ പിന്നീടൊന്നും ചെയ്‌തില്ല. വി എസ്‌ അച്യുതാനന്ദന്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആയ വേളയിലും ഈ ആവശ്യവുമായി കണ്ടെങ്കിലും ഒന്നിനും തുടക്കം കുറിച്ചില്ല. അതിനിടയില്‍ രാജന്‍ കേസില്‍ നിയമപരമായി ഏറെ ഇടപെട്ട അഡ്വ. രാംകുമാറുമായും സംസാരിച്ചിരുന്നു. പഴയ എന്തെങ്കിലും രേഖകള്‍ ആവശ്യപ്പെട്ടതിനാല്‍ രാജനെ അറസ്റ്റ്‌ ചെയ്‌തപ്പോഴുള്ള പേരാമ്പ്ര കോടതിയിലെ എഫ്‌ ഐ ആര്‍ കണ്ടെത്തിയെങ്കിലും അതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ പറഞ്ഞത-വാസു പറഞ്ഞു.
ഇപ്പോള്‍ വര്‍ഗീസ്‌ വധം സംബന്ധിച്ച്‌ അനുകൂലമായ വിധി വന്നതോടെ രാജന്റെ സുഹൃത്തുക്കളും മറ്റു സമാനമനസ്‌ക്കരും ഐക്യപ്പെട്ട്‌ ഈ വിഷയത്തില്‍ മുന്നോട്ട്‌ പോകാനാണ്‌ തീരുമാനം. `വര്‍ഗ്ഗീസ്‌ രക്തസാക്ഷിത്വവും കോടതി വിധിയും' എന്ന പേരില്‍ ഇന്നലെ വര്‍ഗീസ്‌ സ്‌മാരക ബുക്‌സ്റ്റാള്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്‌ ഇതിന്റെ ഭാഗമായിരുന്നു. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നടന്ന രാജന്‍ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തണമെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്നും വര്‍ഗീസ്‌ സ്‌മാരക ബുക്‌സ്റ്റാള്‍ ഭാരവാഹി എം വി കരുണാകരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.(സിറാജ്‌ 19-11-10)

Friday, November 5, 2010

എന്‍ഡോസള്‍ഫാന്‍: മരുന്നു തളിയില്ലാത്തപ്പോള്‍ ഏന്തിന്‌ പുതിയ പഠനസംഘം?


 

എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചത്‌ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴൊരു സംഘത്തെ നിയോഗിച്ചതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. കീടനാശിനി നിര്‍മാണക്കമ്പനിയെ സഹായിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ മൂലം കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായതായി അറിവില്ലെന്ന്‌ കേന്ദ്രമന്ത്രി കെ വി തോമസ്‌ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കാസര്‍കോട്ടേക്ക്‌ കേന്ദ്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്‌.
ഒമ്പത്‌ വര്‍ഷത്തോളമായി കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സാഹചര്യത്തില്‍ പഠനത്തില്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. അത്‌ കീടനാശിനി കമ്പനിക്ക്‌ സഹായകരമാകുമെന്ന്‌ എന്‍ഡോസള്‍ഫാനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ പറയുന്നു.
പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയും നിരവധി പേര്‍ മരണമടയുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ 2003 മുതല്‍ കോടതി തന്നെ കീടനാശിനിക്ക്‌ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനു മുമ്പ്‌ 2000 മുതല്‍ തന്നെ ഹെലികോപ്‌റ്റര്‍ വഴി കീടനാശിനി തളിക്കുന്നത്‌ നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ കെമിക്കല്‍ പഠനം നടത്തിയാല്‍ പ്രദേശത്ത്‌ കീടനാശിനിയുടെ ഘടകങ്ങള്‍ കണ്ടെത്താന്‍ സാധ്യത കുറവാണെന്നാണ്‌ 2001 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം സംബന്ധിച്ച്‌ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ഡോ. എ അച്യുതന്‍ പറയുന്നത്‌.
പ്രദേശത്തുള്ള രോഗികളുടെ ആരോഗ്യസ്ഥിതി, പ്രദേശത്തെ കെമിക്കല്‍ ഇംപാക്ട്‌ എന്നിവ സംബന്ധിച്ച പഠനങ്ങളാണ്‌ നടത്താനുള്ളത്‌. ഇതില്‍ ആദ്യത്തെ പഠനത്തില്‍ തെളിവുകള്‍ കണ്ടെത്തുക ഏറെ ശ്രമകരമാണെന്നാണ്‌ അച്യുതന്റെ വിലയിരുത്തല്‍. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പഠനം നടത്തിയാലേ ശരീരത്തില്‍ നിന്ന്‌ ഇതിന്റെ തെളിവ്‌ കണ്ടെത്താനാകൂ. മരുന്നുതളി ഇപ്പോള്‍ ഇല്ലാത്തതിനാല്‍ കെമിക്കല്‍ പഠനത്തില്‍ കാര്യമായ തെളിവ്‌ കിട്ടാനും സാധ്യത കുറവാണ്‌. എന്ത്‌ പഠനമാണ്‌ നടത്താന്‍ പോകുന്നതെന്ന്‌ വ്യക്തമല്ലാത്തതിനാല്‍ ഇപ്പോഴുള്ള വിവാദത്തില്‍ നിന്ന്‌ രക്ഷ നേടാനുള്ള രാഷ്‌ട്രീയ നീക്കമാകാം ഈ പഠനമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ ഉദ്ദേശ്യശുദ്ധിയില്‍ വിശ്വാസമുള്ളതിനാല്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയെ സഹായിക്കുന്ന തരത്തിലേക്ക്‌ പഠനം നീങ്ങിയേക്കുമെന്ന്‌ പറയാനാകില്ലെന്നാണ്‌ ഇത്തരം പരിസ്ഥിതി ആഘാത വിഷയത്തില്‍ സജീവമായി ഇടപെടുന്ന തണല്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ഉഷ പറയുന്നത്‌. എന്തുതരം പഠനമാണ്‌ കേന്ദ്രസംഘം നടത്താനുദ്ദേശിക്കുന്നതെന്ന്‌ വ്യക്തമല്ല. അതുകൂടി വ്യക്തമായാലേ കാര്യങ്ങള്‍ പറയാനാകൂവെന്നും അവര്‍ പറഞ്ഞു.
2001ല്‍ എന്‍ഡോസള്‍ഫാന്റെ ആഘാതം സംബന്ധിച്ച്‌ പഠിച്ച റിപ്പോര്‍ട്ട്‌ അച്യുതനും സംഘവും കേരള സര്‍ക്കാറിന്‌ നല്‍കിയെങ്കിലും പിന്നീട്‌ ഗൗരവാര്‍ഹമായ തുടര്‍പഠനങ്ങളൊന്നും നടത്തിയിരുന്നില്ല. അവിടുത്തെ സ്ഥലവാസികളില്‍ കണ്ടുവരുന്ന മാരക രോഗങ്ങള്‍ക്ക്‌ മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാകും ഇതിന്‌ കാരണമെന്നുമാണ്‌ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന്‌ അച്യുതന്‍ പറയുന്നു. കാസര്‍കോട്ട്‌ നിരോധം നിലനില്‍ക്കെ എന്‍ഡോസള്‍ഫാന്‌ അനുകൂലമായി മന്ത്രി കെ വി തോമസ്‌ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അച്യുതന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ മനുഷ്യശരീരത്തില്‍ വരുത്തുന്ന ആഘാതം സംബന്ധിച്ച്‌ ആഗോളതലത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അടുത്തിടെ അമേരിക്കപോലും ഇത്‌ നിരോധിക്കുകയും ചെയ്‌തു. എന്നിട്ടും ഇന്ത്യ പോലുള്ള രാജ്യത്ത്‌ നിരോധം ഏര്‍പ്പെടുത്താത്താത്‌ കീടനാശിനി കമ്പനിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്നാണ്‌ ആരോപണം.