Tuesday, September 6, 2011

കുട്ടികളുടെ ആധാര്‍ കാര്‍ഡ്‌ നിര്‍മ്മാണം; ഫോം പൂരിപ്പിക്കേണ്ട കാലാവധി 14 വരെ നീട്ടി `സമ്പൂര്‍ണ്ണ'യ്‌ക്കെതിരെ ദേശീയകമ്മീഷനു മുമ്പാകെ പരാതി
വ്യക്തികളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ആധാര്‍ കാര്‍ഡ്‌ നിര്‍മാണപ്രക്രിയയില്‍ കേരളത്തിലെ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതി വ്യാപകമാകുന്നു. സ്‌കൂളുകളില്‍ `സമ്പൂര്‍ണ്ണ' എന്ന അപരനാമത്തില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ശക്തമായ പ്രതിഷേധിച്ചതിനു പിന്നാലെ ചില സൈബര്‍ ആക്‌ടിവിസ്റ്റുകളും രംഗത്തെത്തിയിരിക്കുകയാണ്‌.
സൈബര്‍ ആക്‌ടിവിസ്റ്റ്‌ മേഖലയില്‍ സജീവമായി ഇടപെടുന്ന അനിവര്‍ അരവിന്ദ്‌, അഡ്വ. കാമയാനി ബാലി മഹാബാല്‍, സാമൂഹ്യപ്രവര്‍ത്തക ഉഷാ രാമനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പദ്ധതിക്കെതിരെ രംഗത്തുള്ളത്‌. ഏറെ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനു മുമ്പ്‌ വിശദമായ അന്വേഷണം നടത്തണമെന്നും കുട്ടികള്‍ക്കുമേല്‍ ഇത്‌ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട്‌ നേഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ചൈല്‍ഡ്‌ റൈറ്റ്‌സ്‌ ചെയര്‍പേര്‍സനു മുമ്പാകെയാണ്‌ ഇവര്‍ പരാതി നല്‍കിയിരിക്കയാണ്‌. വിദ്യാഭ്യാസ വകുപ്പ്‌ ധൃതി പിടിച്ച്‌ ഇറക്കിയ സര്‍ക്കുലറിന്റെ കോപ്പിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്‌. ആധാര്‍ പദ്ധതിക്കെതിരെ ദേശീയതലത്തില്‍ കാമ്പയിന്‍ നടത്തുന്ന `സെ നോ ടു യുഐഡി കാമ്പയിന്‍' എന്ന ഓണ്‍ലൈന്‍ സംഘടനയുടെ പേരിലാണ്‌ ഇവര്‍ പരാതി നല്‍കിയത്‌. ആധാര്‍ പദ്ധതിക്കു പിന്നില്‍ സി ഐ എ ബന്ധമുണ്ടെന്നും പാര്‍ലിമെന്ററി സ്റ്റാന്‍ിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ യാതൊരു നിമപരിരക്ഷയും കിട്ടില്ലെന്നും കുട്ടികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പരാതിയില്‍ പറയുന്നു. ഇത്തരം തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍മാണം ലണ്ടന്‍ അടക്കമുള്ള പല രാജ്യങ്ങളിലും നിര്‍ത്തിവെച്ചിരിക്കയാണെന്നും പദ്ധതിക്കു പിന്നില്‍ നിരവധി ദുരൂഹതകളുണ്ടെന്നും വിശദമാക്കുന്നതാണ്‌ പരാതി. `സമ്പൂര്‍ണ്ണ' എന്ന അപരനാമത്തില്‍ സ്‌കൂളുകളില്‍ ഇതിന്റെ പ്രവര്‍ത്തി തുടങ്ങിയത്‌ രക്ഷിതാക്കളടക്കം പലരും അറിഞ്ഞിട്ടില്ലെന്നതാണ്‌ മറ്റൊരു വസ്‌തുത. ധൃതി പിടിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌ ഇറക്കിയ ഒരു ഉത്തരവ്‌ മാത്രമാണ്‌ ഇതു സംബന്ധിച്ച്‌ പുറത്തിറങ്ങിയിട്ടുള്ളത്‌. സമ്പൂര്‍ണ്ണ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി എല്ലാ വിദ്യാര്‍ഥികളും ആഗസ്റ്റ്‌ 31നകം ഫോം പൂരിപ്പിച്ച്‌ നല്‍കണമെന്ന്‌ കാണിക്കുന്ന ഈ ഉത്തരവ്‌ അതാത്‌ വിദ്യാലയങ്ങള്‍ക്ക്‌ ഒരാഴ്‌ച മുമ്പാണ്‌ അയച്ചുകൊടുത്തത്‌. ഓണപ്പരീക്ഷാനടത്തിപ്പിനിടയില്‍ ധൃതി പിടിച്ച്‌ ഇറക്കിയ ഉത്തരവിന്മേല്‍ യാതൊരു നടപടിയും സ്വകരിക്കാന്‍ സ്‌കൂള്‍ അധികൃര്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ തിയ്യതി സെപ്‌തംബര്‍ 14 വരെ നീട്ടികൊടുത്തിട്ടുണ്ടെന്നാണ്‌ പദ്ധതിയുടെ നടത്തിപ്പുകാരായ ഐ ടി അറ്റ്‌ സ്‌കൂള്‍ കോഴിക്കോട്‌ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി കെ ബാബു പറഞ്ഞത്‌.
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും 12 അക്ക ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ്‌ തയ്യാറാക്കുന്നതിനായുള്ള പദ്ധതിയാണ്‌ യൂണിക്‌ ഐഡി എന്ന ആധാര്‍ പദ്ധതി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാ പൗരന്മാരുടെയും വിരലടയാളം, കൃഷ്‌ണമണിയുടെ അടയാളം തുടങ്ങിയ ബയോമെട്രിക്‌ വിവരണങ്ങളും ശേഖരിക്കുന്നുണ്ട്‌. സര്‍ക്കാരിന്റെ വിശ്വസ്‌തരായ ഏജന്‍സികള്‍ക്കും പുറമെ വിവിധ സ്വകാര്യ ഏജന്‍സികളെയും ഉപയോഗിച്ചാണ്‌ ഇവ തയ്യാറാക്കുന്നത്‌. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. എന്‍ പി ആര്‍ ഡാറ്റാകലക്ഷന്റെ (നേഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റാര്‍) മറവില്‍ കേരളത്തില്‍ ആധാര്‍ കാര്‍ഡ്‌ തയ്യാറാക്കുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അക്ഷയ പോലുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത്‌ വന്നത്‌ പദ്ധതി പ്രവര്‍ത്തനത്തിലെ ദുരൂഹത കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കയാണ്‌. കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന ഈ തിരിച്ചറിയല്‍കാര്‍ഡ്‌ നിര്‍മ്മാണം എത്രത്തോളം ശാസ്‌ത്രീയവും നിയമവിധേയവുമാണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യധാരാ രാഷ്‌ട്രീയക്കാര്‍ വിഷയം ഏറ്റെടുത്തിട്ടില്ലെങ്കിലും പാര്‍ലിമെന്റിന്റെ അംഗീകാരം പോലും ഇല്ലാതെ കോടികള്‍ ചെലവഴിക്കപ്പെടുന്ന ഈ പദ്ധതി ധൃതി പിടിച്ച്‌ നടപ്പാക്കുന്നത്‌ എന്തിനാണെന്നതിന്‌ വ്യക്തമായ ഉത്തരം ആര്‍ക്കുംതന്നെയില്ല- (സിറാജ്‌ ദിനപത്രം 5-9-11)