Tuesday, June 21, 2011

പ്ലാച്ചിമട ട്രൈബ്യൂണല്‍ അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ നീക്കം; സമരക്കാര്‍ നാളെ മുഖ്യമന്ത്രിയെ കാണും
പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കോളകമ്പനിയില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കുന്നതിനായി കേരളസര്‍ക്കാര്‍ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ അട്ടിമറിക്കാനുള്ള കോളകമ്പനിയുടെ നീക്കത്തിനെതിരെ കൊക്കകോള വിരുദ്ധസമരസമിതിയും പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യസമിതിയും രംഗത്ത്‌. മാസങ്ങള്‍ക്കുമുമ്പ്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പാസാക്കിയ ബില്‍ ഇപ്പോള്‍ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക്‌ അയച്ചുകൊടുത്തിരിക്കയാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ അയച്ചുകൊടുത്ത ബില്‍ വിവിധ വകുപ്പുകളുടെ അനുമതിക്കായി കറങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ വീണ്ടും ആഭ്യന്തരമന്ത്രാലയത്തില്‍ മടങ്ങിയെത്തിയാലേ രാഷ്‌ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കാനാകൂ. എന്നാല്‍ ഈ നടപടിക്രമത്തിന്‌ കാലതാമസം വരുന്നത്‌ കോളയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ബില്ലിനെതിരെ കോളകമ്പനി കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ച നിവേദനം ഇതിന്റെ ഭാഗമാണ്‌.
ഏറെ കാലത്തെ സമരത്തിന്‌ ശേഷം പ്ലാച്ചിമടക്കാര്‍ നേടിയെടുത്ത പ്രത്യേകട്രൈബ്യൂണല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ കണ്ടതോടെ പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യസമതിയും കൊക്കകോള വിരുദ്ധസമരസമിതിയും ഒന്നിച്ച്‌ നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ തീരുമാനിച്ചിരിക്കയാണ്‌. നാളെ(ബുധന്‍) വൈകീട്ട്‌ അഞ്ചിന്‌ നേരില്‍ കണ്ട്‌ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി സമയം അനുവദിച്ചുതന്നിട്ടുണ്ടെന്ന്‌ സമരസമിതി നേതാവ്‌ വിളയോടി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്നത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണെന്നതിനാല്‍ ഇവിടുത്തെ യു ഡി എഫ്‌ സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ്‌ സമരക്കാരുടെ ആദ്യനീക്കം. മുഖ്യമന്ത്രിയെ കാണുന്നതിന്റെ മുന്നോടിയായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും കോളവിരുദ്ധസമരത്തിന്‌ സജീവപിന്തുണ തന്നിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരനെയും സമരക്കാര്‍ നേരില്‍ കണ്ട്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. ഇടതുസര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്ല്‌ പാസാക്കുന്ന വേളയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ വ്യക്തിയാണ്‌ ഉമ്മന്‍ചാണ്ടിയെന്ന്‌ മറ്റൊരു സമരനേതാവ്‌ വ്യക്തമാക്കുന്നു. അതിനാല്‍തന്നെ പഴയതുപോലെ ശക്തമായ സമരപരിപാടികള്‍ ഇതിനായി വീണ്ടും തുടങ്ങേണ്ടിവരില്ലെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നേരത്തെ പാസാക്കിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ബില്ലിന്‌ വിരുദ്ധമാണ്‌ കേരളത്തില്‍ മാത്രം പ്രത്യേക ട്രൈബ്യുണല്‍ ഉണ്ടാക്കിയതെന്നും പ്ലാച്ചിമട പ്ലാന്റുമായി ബന്ധപ്പെട്ട്‌ നിലവില്‍ സുപ്രീംകോടതിയില്‍ കേസ്‌ നടന്നുകൊണ്ടിരിക്കെ ഇത്തരത്തിലൊരു ബില്‍ പാസാക്കുന്നതിന്‌ കേരളസര്‍ക്കാരിന്‌ അധികാരമില്ലെന്നുമടക്കമുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രസര്‍ക്കാരില്‍ കോളകമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നത്‌. എന്നാല്‍ കോളയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ്‌ പ്ലാച്ഛിമടയില്‍ കോള നടത്തിയ നഷ്‌ടപരിഹാരത്തെക്കുറിച്ച്‌ പഠിക്കാനായി നിയോഗിച്ച്‌ ഉന്നതാധികാരസമിതിയില്‍ അംഗമായിരുന്ന എസ്‌ ഫെയ്‌സി പറയുന്നത്‌. 5 വര്‍ഷത്തിനുള്ളില്‍ നടത്തിയ നാശനഷ്‌ടങ്ങളെ മാത്രമാണ്‌ 2010ല്‍ കേന്ദ്ര പാസാക്കിയ ഗ്രീന്‍ ട്രൈബ്യണല്‍ പരിഗണിക്കൂ എന്നിരിക്കെ പത്ത്‌ വര്‍ഷത്തിനു മീതെയായി കോളകമ്പനി ഉണ്ടാക്കിയ നാശനഷ്‌ടത്തിനായി പ്രത്യേക ട്രൈബ്യൂണലിന്‌ പ്രസക്തിയുണ്ട്‌. കേരളത്തിന്‌ അധികാരമുള്ള വിഷയങ്ങള്‍ മാത്രമാണ്‌ ബില്ലില്‍ പറഞ്ഞിട്ടുള്ളതെന്നതിനാല്‍ സത്യത്തില്‍ ഇതിന്‌ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക്‌ പോകേണ്ടതില്ലായിരുന്നു- ഫെയ്‌സി കൂട്ടിചേര്‍ത്തു. കോളകമ്പനിയുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയില്‍ കേസ്‌ നടക്കുന്നതിനാല്‍ ബില്‍ പാസാക്കാന്‍ അധികാരമില്ലെന്ന കോളയുടെ വാദത്തില്‍ കഴമ്പില്ലെന്ന്‌ നിയമവിദഗ്‌ധനായ കാളീശ്വരം രാജ്‌ പറയുന്നു. ഇന്ത്യക്കാകമാനം ബാധകമാകാന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉള്ളപ്പോള്‍ കേരളത്തിനു മാത്രം പ്രത്യേക ബില്‍ എന്ന കാര്യത്തില്‍ കോളയ്‌ക്ക്‌ നിയമപരമായി വാദിക്കാമെങ്കിലും ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനത്തിന്‌ അധികാരമുള്ള കൃഷി, വെള്ളം, ആരോഗ്യം എന്നിവയടക്കമുള്ള കാര്യമാണ്‌ ട്രൈബ്യൂണലിലുള്ളതെന്ന്‌ പറഞ്ഞ്‌ സംസ്ഥാനത്തിന്‌ പ്രതിരോധിക്കാം- കാളീശ്വരം രാജ്‌ കൂട്ടിചേര്‍ത്തു.(സിറാജ്‌-20-6-11)

No comments:

Post a Comment