Tuesday, December 28, 2010

ബിനായക്കിന്റെ മോചനത്തിനായുള്ള അനിവറിന്റെ ഇടപെല്‍ റിക്കാര്‍ഡിലേക്ക്‌



മാവോയിസ്റ്റ്‌ ബന്ധത്തിന്റെ പേരില്‍ ഛത്തീസ്‌ഗഢിലെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ ആരോഗ്യപ്രവര്‍ത്തകനുമായ ബിനായക്‌ സെന്നിന്റെ ജയില്‍മോചനം ആവശ്യപ്പെട്ട്‌ ലോകത്തിന്റെ നിരവധി ഭാഗത്തുനിന്നായി സൈബര്‍ രംഗത്ത്‌ നടത്തികൊണ്ടിരിക്കുന്ന ഇടപെടല്‍ റെക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു.
ബിനായക്‌ സെന്നിന്റെ മോചനം ആവശ്യപ്പെട്ട്‌ തൃശൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അനിവര്‍ അരവിന്ദ്‌ സൈബര്‍ രംഗത്ത്‌ നടത്തിയ ഇടപെടലാണ്‌ ലോകശ്രദ്ധ നേടുന്നത്‌. `ബിനായക്‌ സെന്നിനെ ശിക്ഷിച്ചതിലൂടെ ഇന്ത്യന്‍ നീതിന്യായം പരാജയപ്പെട്ടിരിക്കുന്നു' എന്ന്‌ കാണിച്ച്‌ ഇന്ത്യന്‍ പ്രസിഡന്റിന്‌ ഒപ്പിട്ടു സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈനില്‍ അനിവര്‍ പോസ്റ്റ്‌ ചെയ്‌ത പരാതിയാണ്‌ മൂന്ന്‌ ദിവസം കൊണ്ട്‌ ലോകത്തെ ഒന്നാമത്തെ പരാതിയായി വന്നിരിക്കുന്നത്‌. ലോകത്തെ സ്വകാര്യ പരാതികള്‍ പ്രസിദ്ധീകരിക്കുന്ന പെറ്റീഷന്‍ ഓണ്‍ലൈന്‍ ഡോട്ട്‌ കോമിലാണ്‌ (Petitiononline.com) ബിനായക്‌ സെന്നിനെ ജീവപര്യന്തം ശിക്ഷിച്ച ഡിസംബര്‍ 24 ന്‌ വൈകിട്ടോടെ അനിവര്‍ പരാതി പോസ്റ്റ്‌ ചെയ്‌തത്‌.
വിവിധ കമ്യൂണിറ്റി സൈറ്റുകളുമായി ലിങ്ക്‌ ചെയ്‌ത പരാതിയില്‍ ഇന്നലെ വൈകീട്ടോടെ നാലായിരത്തിനടുത്ത്‌ അംഗങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്‌. ഇത്ര ചുരുക്കം ദിവസംകൊണ്ട്‌ ഇത്രമാത്രം പേര്‍ സൈബര്‍ മേഖലയിലുള്ള പരാതിയില്‍ ഒപ്പിടുന്നത്‌ ഇതാദ്യമാണെന്ന്‌ അനിവര്‍ പറയുന്നു. പ്രധാനപ്പെട്ട പത്ത്‌ പരാതികള്‍ എന്ന പേരില്‍ പെറ്റീഷന്‍ ഓണ്‍ലൈനില്‍ ഇത്‌ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. കുര്‍ദുകള്‍ക്കെതിരെ നടക്കുന്ന അതിക്രമവുമായി ബന്ധപ്പെട്ട ഇറാന്‍ സര്‍ക്കാറിന്‌ നല്‍കിയ പരാതിയാണ്‌ രണ്ടാമതുള്ളത്‌. മറ്റ്‌ എട്ടണ്ണവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്‌.
സെന്നിന്റെ വിധിക്കെതിരെ ചുരുക്കം ദിവസംകൊണ്ട്‌ സൈബര്‍ രംഗത്തെ വിവിധ കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളില്‍ സജീവ ചര്‍ച്ച വന്നതും പ്രസിഡന്റിനായി സമര്‍പ്പിച്ച പരാതിയില്‍ ആയിരങ്ങള്‍ ഒപ്പിട്ടതും സൈബര്‍ ആക്‌ടിവിസത്തിന്റെ വലിയൊരു സാധ്യതയാണ്‌ തുറന്നിരിക്കുന്നതെന്ന്‌ ഇപ്പോള്‍ കേരളത്തിലുള്ള അനിവര്‍ അരവിന്ദ്‌ പറഞ്ഞു. ബിനായക്‌ സെന്നിനെ 2007ല്‍ ഛത്തീസ്‌ഗഢ്‌ സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌തതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ പേരില്‍ സൈറ്റ്‌ തുടങ്ങി സാമൂഹിക ഇടപെടല്‍ നടത്തിയിരുന്നു. അതിലൂടെ ലഭിച്ച അംഗീകാരമാണ്‌ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി പ്രസിഡന്റിന്‌ നല്‍കിയ കത്തില്‍ ഒപ്പിടാന്‍ നിരവധി പേര്‍ രംഗത്തെത്തിയതെന്ന്‌ അനിവര്‍ പറയുന്നു.
പരമ്പരാഗത ആക്‌ടിവിസത്തിന്റെ പ്രതിസന്ധിയെ മറികടന്ന്‌ ഇന്റര്‍നെറ്റിനെ ഉപയോഗിച്ച്‌ സെന്നിന്റെ മോചനത്തിനായി എന്തു ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ്‌ ഇത്തരമൊരു ഇടപെടല്‍ നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഫ്രീസോഫ്‌റ്റ്‌ മേഖലയുടെ വ്യാപനത്തിനായി ഇടപെട്ടതിന്റെ അനുഭവസമ്പത്തും ( ഐടി അറ്റ്‌ സ്‌കൂള്‍ പദ്ധതിയുടെ മുഖ്യസൂത്രധാരകനായിരുന്നു) സാമൂഹിക പ്രതിബന്ധതക്കായി ഇന്റര്‍നെറ്റ്‌ മേഖലയെ മാറ്റിത്തീര്‍ക്കുന്നതിന്‌ നടത്തിയ ശ്രമവുമാണ്‌ ഈ മലയാളി യുവാവിനെ സൈബര്‍ ആക്‌ടിവിസത്തിന്‌ തുടക്കമിടാന്‍ പ്രേരിപ്പിച്ചത്‌. ഓണ്‍ലൈന്‍ രംഗത്തെ സംഘടനയായ മൂവിംഗ്‌ റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ കൂടിയാളിദ്ദേഹം.
ബിനായക്‌ സെന്നിനു വേണ്ടി വെബ്‌സൈറ്റ്‌ തുടങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന്റെ മോചനത്തിനായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യക്യാമ്പുകളും സിനിമാപ്രദര്‍ശനവും പൊതുപരിപാടികളും നടത്തിയിരുന്നു. സൈറ്റിലൂടെ രൂപം കൊണ്ട ബന്ധങ്ങളുപയോഗിച്ചും വിവിധ സംഘടനകളെ ഏകോപിപ്പിച്ചുമാണ്‌ പരിപാടികള്‍ നടത്തിയത്‌. സെന്നിന്റെ മോചനത്തിനായി ചത്തീസ്‌ഗഢിലെ റായ്‌പൂര്‍ കോടതിയിലേക്ക്‌ 2008 മുതല്‍ 2009 വരെ മാര്‍ച്ച്‌ നടത്തിയിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ അവിടെയെത്തിയതും അതിനെ നിയന്ത്രിച്ചതുമൊക്കെ സൈറ്റിലൂടെയായിരുന്നു. 2009ല്‍ സെന്‍ മോചിതനായതിനുശേഷം നിര്‍ജീവമായിരുന്ന സൈറ്റിനെ ഇപ്പോള്‍ വീണ്ടും ഉപയോഗിച്ചപ്പോള്‍ ലോകത്തെങ്ങുമുള്ള പഴയതും പുതിയതുമായ ബന്ധങ്ങള്‍ സജീവമായിരിക്കയാണ്‌.
കുസാറ്റില്‍ നിന്ന്‌ ബി ടെക്‌ ബിരുദം നേടിയ അനിവര്‍ ബംഗളൂരുവിലെ തന്റെ ജോലിസമയം കഴിഞ്ഞുള്ള വേളയിലാണ്‌ ഇത്തരത്തില്‍ ഏറെ സാമൂഹികപ്രസക്തമായ മേഖലയില്‍ മുഴുകുന്നത്‌. ഓണ്‍ലൈനിനൊപ്പം തന്നെ ഓഫ്‌ലൈനിലൂടെയും ഇടപെട്ടാലേ ഈ ആക്‌ടിവിസം വികസിപ്പിക്കാനാകൂ എന്നും സാമൂഹിക ഇടപെടലിന്റെ സഹായകമായി മാത്രമേ ഇന്റര്‍നെറ്റിനെ കാണാനാകൂ എന്നും അനിവര്‍ പറയുന്നു. (സിറാജ്‌ 28-12-10)
pls go& sign u r petition http://go.binayaksen.net/petition , http://www.binayaksen.net/2010/12/poem-binayak-sen/

3 comments:

  1. അനിവറിന്റെ ദൌത്യം വിജയകരമായി പര്യവസാനിക്കട്ടെ.
    ജുഡീഷ്യൽ‘ആക്ടിവിസ’ത്തിനെതിരെ സൈബർ ആക്ടിവിസം.!!

    ReplyDelete
  2. പുതുവത്സരാസംസകള്‍...

    ReplyDelete
  3. വരാന്‍ വൈകി
    കാലികപ്രസക്തമായ എഴുത്തിന് അഭിനന്ദനങ്ങള്‍
    നാക്കിലയിലെ വന്നതിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
    പുസ്തകം www.books.saikatham.com ല്‍ ലഭിക്കും
    ഇനിയും വരാം
    സ്നേഹം
    പി എ അനിഷ്

    ReplyDelete