Saturday, December 4, 2010

മന്തിനെതിരായ ഗുളിക കഴിച്ച്‌ 2009 ല്‍ 14 പേര്‍ മരിച്ചെന്ന്‌.... ?
ഏറെ ആശങ്കകള്‍ക്കിടയിലും വീണ്ടും മന്തുരോഗപ്രതിരോധ ഗുളികളുമായി ആരോഗ്യവിഭാഗം അധികൃതര്‍ രംഗത്തിയതോടെ അതിനെതിരായ പ്രതിക്ഷേധവും ഉയരുന്നു. അഞ്ചു മുതല്‍ ഏഴു വരെ 2.8 കോടിയോളം ഡി ഇ സി ഗുളികകള്‍ 11 ജില്ലകളിലായി വിതരണം ചെയ്യാനാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഡി ഇ സി ഗുളിക കഴിച്ച കുട്ടികള്‍ അടക്കമുള്ള നിരവധി പേര്‍ക്കുണ്ടായ അസ്വസ്ഥതകളും മരണവും മുന്‍വര്‍ഷങ്ങളില്‍ വാര്‍ത്തയായതാണ്‌. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ ഗുളിക കഴിച്ച്‌ തല കറങ്ങിവീണതിനെതുടര്‍ന്നും അല്ലാതെയും 14 ഓളം പേര്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ടെന്നാണ്‌ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `ജനാരോഗ്യപ്രസ്ഥാനം' പുറത്തുവിടുന്ന വിവരം. ഡി ഇ സി ഗുളികകള്‍ കഴിക്കുന്നതിനെതിരായ പ്രചാരണമെന്ന നിലയില്‍ ജനാരോഗ്യപ്രസ്ഥാനം കഴിഞ്ഞ ദിവസം ഇറക്കിയ ലഘുലേഖയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
`ആരോഗ്യവകുപ്പിന്റെ തലയ്‌ക്ക്‌ മന്ത്‌ കാലിന്‌ ഭ്രാന്ത്‌!! ` എന്ന പേരില്‍ ഇറക്കിയ ലഘുലേഖയില്‍ മന്തുമരുന്നായ ഡൈ ഈതൈല്‍ കാര്‍ബമസിന്റെ (ഡി ഇ സി)ദോഷഫലങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. മാര്‍ട്ടിന്റെയില്‍- ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌ എന്ന വൈദ്യശാസ്‌ത്രരംഗത്തെ തന്നെ ലോകത്തെ ആധികാരിക ഗ്രന്ഥത്തിലെ വിവരങ്ങളാണ്‌ ലഘുലേഖയില്‍ ഉള്ളത്‌. കര്‍ശനമായ നിരീക്ഷണത്തിന്‍മേല്‍ മൂന്ന്‌ ദിവസം ആശുപത്രിയില്‍ കിടത്തി രോഗിയെ നിരീക്ഷിച്ച ശേഷമേ ഗുളിക കൊടുക്കാവൂ, ഛര്‍ദി മുതല്‍ തളര്‍ച്ചവരെയുള്ള അസ്വസ്ഥതകളും മരണവും സംഭവിക്കാമെന്നും നിരവധിപേര്‍ മരിച്ചതായി പുസ്‌തകത്തിലുണ്ടെന്നും ലഘുലേഖയില്‍ പറയുന്നു.
മണ്ണില്‍ വീഴാന്‍ പോലും പാടില്ലാത്ത മരുന്നാണിത്‌. 2009 ല്‍ മന്തുമരുന്ന്‌ കഴിച്ചതിനെതുടര്‍ന്ന്‌ പതിനായിരിക്കണക്കിന്‌ പേര്‍ ഗുരുതരമായി പാര്‍ശ്വഫലമനുഭവിച്ചു. ഇതിനു പുറമെ 14 ഓളം പേര്‍ പല ദിവസങ്ങളിലായി സംസ്ഥാനത്തെങ്ങും മരണപ്പെട്ടതായും ഇതില്‍ പറയുന്നു. ഇത്തരത്തിലുള്ള മരണം സംബന്ധിച്ച്‌ അന്ന്‌ പത്രങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ പകര്‍പ്പും ലഘുലേഖയില്‍ ഉണ്ട്‌.
മരുന്ന്‌ വിതരണം നടത്തിയ ശേഷം ഒരു കോടി പേര്‍ കഴിച്ച മരുന്ന്‌ ഗുണനിലവാരം ഇല്ലെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചതും നമ്മള്‍ കണ്ടതാണെന്നും ലഘുലേഖയിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ ജനാരോഗ്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ സാജന്‍സിന്ധു പറയുന്നത്‌. പതിനാലായിരം ആളുകള്‍ക്കു മാത്രമേ കേരളത്തില്‍ മന്തുരോഗത്തിന്‌ വിദുരസാധ്യതയുള്ളൂ എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. എന്നിട്ടും എല്ലാവരെയും ഇത്‌ കഴിപ്പിക്കുന്നതിനു പിന്നില്‍ മരുന്നുകമ്പനിയുടെ താത്‌പ്പര്യമല്ലാതെ മറ്റെന്ത്‌? കേന്ദ്രസര്‍ക്കാര്‍ സൗജന്യമായാണ്‌ നല്‍കുന്നതെന്ന്‌ പറഞ്ഞാലും നമ്മുടെ നികുതിപണത്തില്‍ നിന്നാണ്‌ ആ തുക മരുന്നുകമ്പനിക്ക്‌ നല്‍കുന്നതെന്ന്‌ നാം ഓര്‍ക്കണം. മന്തിന്‌ കാരണമാകുന്ന വിരകളെ ശരീരത്തില്‍ നിന്ന്‌ നിര്‍മാര്‍ജനം ചെയ്യാന്‍ ഫലവത്താണീ ഗുളികയെന്നാണ്‌ ആരോഗ്യവിഭാഗം അവകാശപ്പെടുന്നത്‌. എന്നാല്‍ ചുരുക്കം ശതമാനം മാത്രം പേരില്‍ ഉണ്ട്‌ എന്ന്‌ സംശയിക്കുന്ന മന്തുരോഗത്തിന്റെ പേരില്‍ ഏവര്‍ക്കും ഗുളിക കൊടുക്കുന്നതിലൂടെ ശരീരത്തിന്‌ നിര്‍ബന്ധമായും വേണ്ട ഓര്‍ഗന്‍സുകളും നശിക്കുമെന്നും ഇതുവഴി പ്രതിരോധശേഷിയാണ്‌ നശിക്കുന്നുതെന്നും അദ്ദേഹം പറയുന്നത്‌. ഇതു കൂടാതെ ഗുളിക കഴിക്കുന്നതിലൂടെ നീര്‍ക്കെട്ടും മറ്റും വരുന്നുണ്ടെന്നും ഈയടുത്തകാലം മുതല്‍ കേരളത്തില്‍ വ്യാപകമായി ചിക്കുന്‍ഗുനിയ പിടിപെട്ടതിന്റെ പൊരുളും ഇതുമായി കൂട്ടിവായിക്കേണ്ടിവരും. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ ഏത്‌ കോടതിയിലും നിരത്താന്‍ തങ്ങള്‍ തയ്യാറാണെന്നും സാജന്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ശുദ്ധകളവാണെന്നും ഗുളിക കഴിച്ചതിന്റെ പേരില്‍ ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്നുമാണ്‌ കോഴിക്കോട്‌ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്‌ണന്‍ പറയുന്നത്‌. നേരിയ തലകറക്കമൊക്കെ ചിലര്‍ക്ക്‌ അനുഭവപ്പെട്ടതല്ലാതെ മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഈ ഗുളികകൊണ്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. മരണം ഗുളിക കഴിച്ചതിനെതുടര്‍ന്നാണെന്ന്‌ പറഞ്ഞാല്‍ സര്‍ക്കാരിന്‌ നഷ്‌ടപരിഹാരം കൊടുക്കേണ്ടിവരുമെന്നതിനാലാണ്‌ അത്തരത്തില്‍ പ്രതികരിക്കുന്നതെന്നാണ്‌ ഇതിനോട്‌ സാജന്റെ പ്രതികരണം.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഗുളികകള്‍ നല്‍കി മന്തിനെ തുടച്ചുമാറ്റുക എന്ന്‌ പറഞ്ഞ്‌ 2004 ലാണ്‌ പദ്ധതി തുടങ്ങിയതെങ്കിലും ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും അഞ്ചുവര്‍ഷത്തിനുശേഷവും ഈ പദ്ധതി തുടരുന്നതിലും ആശങ്കയുണ്ട്‌. മരുന്ന്‌ നല്‍കുന്നവരില്‍ 35 ശതമാനവും ഇത്‌ കഴിക്കാത്തതിനാലാണ്‌ കാലാവധി നീട്ടുന്നതെന്നാണ്‌ ആരോഗ്യവിഭാഗം ഇതിന്‌ മറുപടി പറയുന്നത്‌.

No comments:

Post a Comment