Friday, November 19, 2010

രാജന്റെ മൃദേഹം എന്തു ചെയ്‌തു? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം


വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ 40 വര്‍ഷത്തിനു ശേഷം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനെ ശിക്ഷിച്ച പശ്ചാത്തലത്തില്‍ അടിയന്തിരാവസ്ഥാനാളില്‍ പൊലീസ്‌ ഉരുട്ടികൊന്നുവെന്ന്‌ പറയപ്പെടുന്ന രാജന്റെ മരണം സംബന്ധിച്ച്‌ പുനരന്വേഷണം വേണമെന്ന്‌ ആവശ്യമുയരുന്നു. വര്‍ഗീസ്‌ കേസ്‌ തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായ സഹായങ്ങള്‍ ചെയ്‌തുകൊടുത്ത മുന്‍ നക്‌സലൈറ്റ്‌ നേതാവ്‌ എ വാസുവിന്റെ നേതൃത്വത്തിലുള്ള സമാനമനസ്‌ക്കരുടെ കൂട്ടായ്‌മയാണ്‌ ഇത്തരമൊരു ഉദ്യമത്തിന്‌ ശ്രമിക്കുന്നത്‌. രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും ശേഷിക്കാത്തതിനാല്‍ സി ബി ഐ അന്വേഷണമെങ്കിലും നടത്തണമെന്ന ആവശ്യമാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌. വര്‍ഗീസ്‌ വിധി സംബന്ധിച്ച്‌ വര്‍ഗീസ്‌ സ്‌മാരകബുക്‌സ്റ്റാള്‍ ഇന്നലെ കോഴിക്കോട്‌ നടത്തിയ ചര്‍ച്ചയ്‌ക്കിടയില്‍ ഇതു സംബന്ധിച്ച്‌ പ്രമേയവും പാസാക്കിയിട്ടുണ്ട്‌.
1976 ഫെബ്രുവരിയിലാണ്‌ നക്‌സലൈറ്റ്‌ ബന്ധം ആരോപിച്ച്‌ കോഴിക്കോട്‌ ആര്‍ ഇ സി കോളജിലെ വിദ്യാര്‍ഥിയായ രാജനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കക്കയത്തെ പൊലീസ്‌ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍വച്ച്‌ രാജന്‍ കൊല്ലപ്പട്ടുവെന്നും പൊലീസ്‌ രഹസ്യമായി സംസ്‌ക്കരിക്കുകയുമായിരുന്നു എന്നുമാണ്‌ പിന്നീട്‌ പലരും പുറത്തുവിട്ട വിവരമെങ്കിലും മൃതദേഹം എന്തുചെയ്‌തുവെന്ന്‌ ഇതുവരെ നീതിപീഡനത്തിന്‌ കണ്ടെത്താനായിട്ടില്ല. ഏകമകന്റെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി രാജന്റെ അച്ഛന്‍ ഈച്ചരവാരിയര്‍ നടത്തിയ നിയമപോരാട്ടങ്ങളെല്ലാം വിജയം കണ്ടെങ്കിലും മൃതദേഹം എന്തു ചെയ്‌തുവെന്നും എവിടെ സംസ്‌ക്കരിച്ചുവെന്നും അറിയാന്‍ കഴിയാതെയാണ്‌ ആ അച്ഛന്‍ മരിച്ചത്‌. അടിയന്തിരാവസ്ഥയുടെ കേരളത്തിന്റെ പീഡിതപ്രതീകമായി രാജനെ എല്ലാവര്‍ഷവും നക്‌സലൈറ്റുകാരും മറ്റും അഘോഷിക്കാറുണ്ടെങ്കിലും മൃതദേഹം കണ്ടെത്താനോ അന്നത്തെ പൊലീസ്‌ അധികാരികളെയും മറ്റും ശരിയാംവണ്ണം ശിക്ഷിക്കാനോ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളൊന്നും നടത്തിയിരുന്നില്ല.
എന്നാല്‍ നക്‌സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ ഐ ജി ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പഴയകാല നക്‌സലൈറ്റ്‌ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമാണ്‌ രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന ആവശ്യമുന്നയിച്ച്‌ രംഗത്തുവന്നിരിക്കുന്നത്‌. രാജന്റെ കൊലപാതകത്തിനു പിന്നിലും ഇപ്പോള്‍ വര്‍ഗീസ്‌കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷ്‌മണയ്‌ക്ക്‌ പങ്കുണ്ടെന്നാണ്‌ ഇവരുടെ ഭാക്ഷ്യം. അടിയന്തിരാവസ്ഥയിലെ ഞെട്ടിക്കുന്ന ഓര്‍മയായ കക്കയം പൊലീസ്‌ കേമ്പ്‌ നടപ്പാക്കിയ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍, അന്നത്തെ കേമ്പില്‍ പ്രധാന ഉദ്യോഗസ്ഥന്‍മാരായ ലക്ഷ്‌ണ, പുലിക്കോടന്‍ രാഘവന്‍ എന്നിവരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാല്‍ രാജന്‍കേസിന്റെ പുനരന്വേഷണത്തിന്‌ പ്രസക്തി ഏറെയാണെന്നാണ്‌ എ വാസു പറയുന്നത്‌. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പുറപ്പെടുവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മുമ്പ്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനെയും നേരില്‍ കണ്ടിരുന്നു. എന്നാല്‍ അവര്‍ പിന്നീടൊന്നും ചെയ്‌തില്ല. വി എസ്‌ അച്യുതാനന്ദന്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആയ വേളയിലും ഈ ആവശ്യവുമായി കണ്ടെങ്കിലും ഒന്നിനും തുടക്കം കുറിച്ചില്ല. അതിനിടയില്‍ രാജന്‍ കേസില്‍ നിയമപരമായി ഏറെ ഇടപെട്ട അഡ്വ. രാംകുമാറുമായും സംസാരിച്ചിരുന്നു. പഴയ എന്തെങ്കിലും രേഖകള്‍ ആവശ്യപ്പെട്ടതിനാല്‍ രാജനെ അറസ്റ്റ്‌ ചെയ്‌തപ്പോഴുള്ള പേരാമ്പ്ര കോടതിയിലെ എഫ്‌ ഐ ആര്‍ കണ്ടെത്തിയെങ്കിലും അതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ പറഞ്ഞത-വാസു പറഞ്ഞു.
ഇപ്പോള്‍ വര്‍ഗീസ്‌ വധം സംബന്ധിച്ച്‌ അനുകൂലമായ വിധി വന്നതോടെ രാജന്റെ സുഹൃത്തുക്കളും മറ്റു സമാനമനസ്‌ക്കരും ഐക്യപ്പെട്ട്‌ ഈ വിഷയത്തില്‍ മുന്നോട്ട്‌ പോകാനാണ്‌ തീരുമാനം. `വര്‍ഗ്ഗീസ്‌ രക്തസാക്ഷിത്വവും കോടതി വിധിയും' എന്ന പേരില്‍ ഇന്നലെ വര്‍ഗീസ്‌ സ്‌മാരക ബുക്‌സ്റ്റാള്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്‌ ഇതിന്റെ ഭാഗമായിരുന്നു. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നടന്ന രാജന്‍ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തണമെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്നും വര്‍ഗീസ്‌ സ്‌മാരക ബുക്‌സ്റ്റാള്‍ ഭാരവാഹി എം വി കരുണാകരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.(സിറാജ്‌ 19-11-10)

1 comment: