
എന്ഡോസള്ഫാന് കീടനാശിനി തളിച്ചത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴൊരു സംഘത്തെ നിയോഗിച്ചതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. കീടനാശിനി നിര്‍മാണക്കമ്പനിയെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിച്ചത് മൂലം കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായതായി അറിവില്ലെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍കോട്ടേക്ക് കേന്ദ്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഒമ്പത് വര്‍ഷത്തോളമായി കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സാഹചര്യത്തില്‍ പഠനത്തില്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. അത് കീടനാശിനി കമ്പനിക്ക് സഹായകരമാകുമെന്ന് എന്‍ഡോസള്‍ഫാനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ പറയുന്നു.
പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയും നിരവധി പേര്‍ മരണമടയുകയും ചെയ്‌തതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ 2003 മുതല്‍ കോടതി തന്നെ കീടനാശിനിക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനു മുമ്പ് 2000 മുതല്‍ തന്നെ ഹെലികോപ്‌റ്റര്‍ വഴി കീടനാശിനി തളിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ കെമിക്കല്‍ പഠനം നടത്തിയാല്‍ പ്രദേശത്ത് കീടനാശിനിയുടെ ഘടകങ്ങള്‍ കണ്ടെത്താന്‍ സാധ്യത കുറവാണെന്നാണ് 2001 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം സംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ഡോ. എ അച്യുതന്‍ പറയുന്നത്.
പ്രദേശത്തുള്ള രോഗികളുടെ ആരോഗ്യസ്ഥിതി, പ്രദേശത്തെ കെമിക്കല്‍ ഇംപാക്ട് എന്നിവ സംബന്ധിച്ച പഠനങ്ങളാണ് നടത്താനുള്ളത്. ഇതില്‍ ആദ്യത്തെ പഠനത്തില്‍ തെളിവുകള്‍ കണ്ടെത്തുക ഏറെ ശ്രമകരമാണെന്നാണ് അച്യുതന്റെ വിലയിരുത്തല്‍. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തിയാലേ ശരീരത്തില്‍ നിന്ന് ഇതിന്റെ തെളിവ് കണ്ടെത്താനാകൂ. മരുന്നുതളി ഇപ്പോള്‍ ഇല്ലാത്തതിനാല്‍ കെമിക്കല്‍ പഠനത്തില്‍ കാര്യമായ തെളിവ് കിട്ടാനും സാധ്യത കുറവാണ്. എന്ത് പഠനമാണ് നടത്താന്‍ പോകുന്നതെന്ന് വ്യക്തമല്ലാത്തതിനാല്‍ ഇപ്പോഴുള്ള വിവാദത്തില്‍ നിന്ന് രക്ഷ നേടാനുള്ള രാഷ്‌ട്രീയ നീക്കമാകാം ഈ പഠനമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ ഉദ്ദേശ്യശുദ്ധിയില്‍ വിശ്വാസമുള്ളതിനാല്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയെ സഹായിക്കുന്ന തരത്തിലേക്ക് പഠനം നീങ്ങിയേക്കുമെന്ന് പറയാനാകില്ലെന്നാണ് ഇത്തരം പരിസ്ഥിതി ആഘാത വിഷയത്തില്‍ സജീവമായി ഇടപെടുന്ന തണല്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ഉഷ പറയുന്നത്. എന്തുതരം പഠനമാണ് കേന്ദ്രസംഘം നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. അതുകൂടി വ്യക്തമായാലേ കാര്യങ്ങള്‍ പറയാനാകൂവെന്നും അവര്‍ പറഞ്ഞു.
2001ല്‍ എന്‍ഡോസള്‍ഫാന്റെ ആഘാതം സംബന്ധിച്ച് പഠിച്ച റിപ്പോര്‍ട്ട് അച്യുതനും സംഘവും കേരള സര്‍ക്കാറിന് നല്‍കിയെങ്കിലും പിന്നീട് ഗൗരവാര്‍ഹമായ തുടര്‍പഠനങ്ങളൊന്നും നടത്തിയിരുന്നില്ല. അവിടുത്തെ സ്ഥലവാസികളില്‍ കണ്ടുവരുന്ന മാരക രോഗങ്ങള്‍ക്ക് മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാകും ഇതിന് കാരണമെന്നുമാണ് തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് അച്യുതന്‍ പറയുന്നു. കാസര്‍കോട്ട് നിരോധം നിലനില്‍ക്കെ എന്‍ഡോസള്‍ഫാന് അനുകൂലമായി മന്ത്രി കെ വി തോമസ് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അച്യുതന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ മനുഷ്യശരീരത്തില്‍ വരുത്തുന്ന ആഘാതം സംബന്ധിച്ച് ആഗോളതലത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അടുത്തിടെ അമേരിക്കപോലും ഇത് നിരോധിക്കുകയും ചെയ്‌തു. എന്നിട്ടും ഇന്ത്യ പോലുള്ള രാജ്യത്ത് നിരോധം ഏര്‍പ്പെടുത്താത്താത് കീടനാശിനി കമ്പനിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം.
No comments:
Post a Comment