Tuesday, February 28, 2012

പിടിക്കെടാ 'ഹിന്ദു'വിനെ; അഥവാ സി പി എമ്മിന്റെ ഒടുങ്ങാത്ത മാധ്യമപ്പേടിനരസിംഹാവതാരമൂര്‍ത്തിയായും അതിമാനുഷനായും പ്രത്യക്ഷപ്പെടുന്ന നായകവേഷം ആള്‍ക്കൂട്ടത്തിനിടയിലൊരു പ്രതിനായകനെ സൃഷ്ടിച്ച്‌ അയാളെ ഒറ്റയ്‌ക്ക്‌ അടിച്ചുപരുവത്തിലാക്കുന്ന കാഴ്‌ച കച്ചവടസിനിമയുടെ സ്ഥിരം ദൃശ്യഭാഷയാണ്‌. ഓരോ തവണ പ്രതിനായകനെ നിലംപരിശാക്കുമ്പോഴും മൂകസാക്ഷികളായ ആള്‍ക്കൂട്ടത്തിന്റെ ഞെട്ടലും ഭീതിയും ഒടുക്കം നായകനോട്‌ ഇതേ ആള്‍ക്കൂട്ടത്തിന്‌ വന്നുചേരുന്ന ഭക്തിയുമൊക്കെയാകും തുടര്‍ന്നുള്ള ഷോട്ടുകളോരോന്നും........

നാലാംതവണയും ശത്രുനിഗ്രഹമെല്ലാം പൂര്‍ത്തിയാക്കി സി പി എമ്മിന്റെ അമരത്തെത്തിയ സാക്ഷാല്‍ പിണറായി വിജയന്റെ മാധ്യമധ്വംസനത്തിന്‌ ഏതാണ്ടിതേ സിനിമാറ്റിക്‌ മൂഡ്‌ വന്നുചേരുന്നു എന്ന്‌ വ്യക്തമാക്കാനാണ്‌ ഇത്രയും കാര്യം പറഞ്ഞത്‌. സിനിമയില്‍ അടികൊള്ളുന്നത്‌ പ്രതിനായകനാകുമ്പോള്‍തന്നെ കാഴ്‌ച്ചക്കാരായ മഹാഭൂരിപക്ഷത്തിന്റെ വിധേയത്വവും പിന്തുണയും ഉറപ്പിച്ച്‌ നായകപരിവേഷത്തിലെത്തുക എന്ന ലളിതയുക്തിയാകുമ്പോള്‍, ഇവിടെ രാഷ്ട്രീയത്തില്‍ ചില ഒറ്റയൊറ്റ എതിരാളികളെ സൃഷ്ടിക്കുകയും അവരെ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുക എന്ന ഫാസിസ്റ്റ്‌ യുക്തിയാണെന്ന്‌ മാത്രമാണ്‌ വ്യത്യാസം. തനിക്ക്‌ ഇഷ്ടമുള്ളത്‌ എഴുതാത്ത മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്‌തും ഭര്‍ത്സിച്ചും ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പിണറായി നടത്തികൊണ്ടിരിക്കുന്ന തേരോട്ടം ഒരു കമ്യൂണിസ്റ്റുകാരനില്‍ എങ്ങിനെ ഫാസിസ്റ്റ്‌വത്‌ക്കരണം പൂര്‍ത്തിയാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാകുന്നു. ഏറെകാലമായി സി പി എം നടത്തിക്കൊണ്ടിരിക്കുന്ന അത്തരം ഇടപെടലിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്ന സംസ്ഥാനസമ്മേളനാനന്തരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ തലയെടുപ്പുള്ള മാധ്യമപ്രവര്‍ത്തകനായ സി ഗൗരീദാസന്‍നായരെ സിന്‍ഡിക്കേറ്റ്‌ തലവന്‍ എന്ന്‌ പരസ്യമായി പിണറായി വിളിച്ചാക്ഷേപിച്ചത്‌.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മാധ്യമങ്ങള്‍ക്കെതിരെ സി പി എം വളര്‍ത്തികൊണ്ടുവന്ന ഏകപക്ഷീയമായി ഇടിച്ചുനിരത്തല്‍ നയം(വിമര്‍ശമെന്ന പേരില്‍) മാധ്യമരംഗത്ത്‌ പാര്‍ട്ടിക്കെതിരെ ചെറിയ വിമര്‍ശത്തെപോലും തടയിടുന്നതിനായുള്ള പശ്ച്‌ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു. അതില്‍ പാര്‍ട്ടി ഏതാണ്ട്‌ വിജയിച്ചു എന്നാണ്‌ കാണുന്നത്‌. ഏറെ കാലമായി അവര്‍ തുടര്‍ച്ചയായി മാധ്യമമേഖലയെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്‌. പരമ്പരാഗത മാധ്യമമായ അച്ചടിയിലും ദൃശ്യമാധ്യമത്തിലും ന്യൂവെയവ്‌ രംഗമായ സോഷ്യല്‍നെറ്റുവര്‍ക്കുകളിലുമൊക്കെയുള്ള ഇടപെടല്‍ അത്രമാത്രം സുസംഘടിതവും പൂര്‍വ്വ അജണ്ടകളാല്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു.

മീഡിയാ സിന്‍ഡിക്കേറ്റിന്റെ ഉദയം

1957ലെ ഇ എം എസ്‌ സര്‍ക്കാരിനെ താഴെയിറക്കുന്നതിന്‌ രൂപംകൊണ്ട വിമോചനസമരത്തിനന്‌ കൊഴുപ്പേകാന്‍ സി ഐ എ ഇവിടുത്തെ ചില മാധ്യമങ്ങളില്‍ പണമിറക്കിയെന്നത്‌ ഒരു ചരിത്രവസ്‌തുത. അന്നത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനും അതിനുവേണ്ടിയുള്ള പൊതുസമ്മതി നേടിയെടുക്കാനുമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അത്യധികം ഇകഴ്‌ത്തുന്ന വാര്‍ത്തകള്‍ വന്നുവെന്നതും വാസ്‌തവമാണ്‌. പില്‍ക്കാലത്ത്‌ സി പി എമ്മിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോഴൊക്കെ അവര്‍ കൊണ്ടുപിടിച്ചു നടത്തിയ പ്രയോഗം മാധ്യമങ്ങളുടെ സി ഐ എ ഇടപെടലാണ്‌ പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നില്‍ എന്നായിരുന്നു. ഒരു ചരിത്രവസ്‌തുത എല്ലാ കാലത്തും ആവശ്യത്തിനും അനാവശ്യത്തിനും മാധ്യമവിമര്‍ശനത്തിനായി കെട്ടിയെഴുന്നള്ളിക്കുക എന്നതായിരുന്നു ഈ വിമര്‍ശനത്തിലൂടെ കേരളം കണ്ടത്‌.
എന്നാല്‍ തൊണ്ണൂറുകള്‍ക്കു ശേഷം ആഗോളവത്‌ക്കരണകാലത്ത്‌ കേരളത്തിലെ മറ്റെല്ലാത്തിനും വന്ന മാറ്റം പോലെ സി പി എമ്മിനും പ്രത്യയശാസ്‌ത്രവ്യതിയാനമടക്കമുള്ള നിരവധി മാറ്റങ്ങള്‍ സംഭവിച്ചതോടെ സി ഐ എപ്രയോഗം സാവധാനം ഇല്ലാതായി. വിദേശമൂലധനതാല്‍പ്പര്യത്തെ ശിരസാവഹിക്കുന്ന നിലയിലുള്ള അന്യവര്‍ഗചിന്താഗതി സി പി എമ്മിനെ പിടികൂടിയതോടെ സി ഐ എ പാര്‍ട്ടിക്കുള്ളിലൂടെയാണ്‌ കേരളത്തിലും മറ്റും കടന്നുവരുന്നതെന്ന്‌ സംശയം ജനങ്ങളില്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു. പാര്‍ട്ടി സോഷ്യല്‍ഡെമോക്രാറ്റിക്‌ രീതിയിലേക്ക്‌ വഴിമാറുമ്പോള്‍തന്നെ അതിനെതിരെ അതിനുള്ളില്‍തന്നെ ശക്തമായ എതിര്‍പ്പും രൂപം കൊള്ളുകയും മൂല്യനിരാസം നേതാക്കളിലും അണികളിലും വന്നുചേരുകയും അഴിമതിക്കു വിധേയമാകുകയും ചെയ്യുന്ന കാലമായിരുന്നു പിന്നീടുണ്ടായത്‌. അതിനാല്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ മുമ്പൊന്നുമില്ലാത്ത തരത്തില്‍ വന്നുചേര്‍ന്ന അഭിപ്രായവ്യത്യാസവും അതിനുള്ളില്‍തന്നെ ഉടലെടുത്ത ജീര്‍ണ്ണതയും പല രൂപത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നുകൊണ്ടിരുന്നു. അന്നു മുതലാണ്‌ പാര്‍ട്ടിനേതൃത്വം മാധ്യമങ്ങളോട്‌ മുമ്പൊന്നുമില്ലാത്ത തരത്തില്‍ അസഹിഷ്‌ണുത പ്രകടിപ്പിച്ചുതുടങ്ങിയത്‌.
മടിയില്‍ കനമില്ലാത്തവന്‌ ഏത്‌ വിമര്‍ശനത്തെയും ഭയക്കേണ്ടതില്ലെന്നതാണ്‌ കമ്യൂണിസ്റ്റ്‌ ചരിത്രം തെളിയിക്കുന്നത്‌. എത്രയോ കാലം മാധ്യമങ്ങളാല്‍ ഏകപക്ഷീയമായി വിചാരണ ചെയ്യപ്പെട്ടിട്ടും വളര്‍ന്നുപന്തലിച്ച പാര്‍ട്ടിയാണ്‌ സി പി എം. പാര്‍ട്ടിയിലെ വിഭാഗീയകതയ്‌ക്ക്‌ പാര്‍ട്ടിയുടെ ഉദ്‌ഭവത്തോളം പഴക്കുമുണ്ടെങ്കിലും പാര്‍ട്ടി നേതാക്കളുടെ വഴിതെറ്റിയ പോക്കും അഴിമതിയും മറ്റും ആഗോളാവത്‌ക്കരണത്തിനുശേഷമുള്ള വസ്‌തുതയാണ്‌. അതിനാല്‍ ഇപ്പോഴത്തെ വിമര്‍ശനത്തെയും മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനെയും സി പി എം ഏറെ ഭയപ്പെടുന്നുമുണ്ട്‌. മടിയിലൊന്നും ഒളിപ്പിക്കാനില്ലാത്തപഴയ പാര്‍ട്ടിനേതാക്കള്‍ സഹിഷ്‌ണുതയോടെ മാത്രമാണ്‌ മാധ്യമവിമര്‍ശനം നടത്തിയിരുന്നത്‌.
പിണറായി വിജയന്‍ സെക്രട്ടറിയായതിനുശേഷമാണ്‌ ഇത്തരത്തില്‍ പാര്‍ട്ടിയിലെ മൂല്യച്യതിക്കെതിരെയും പ്രത്യശാസ്‌ത്രവ്യത്യാനത്തിനെതിരെയും ഉള്ളില്‍നിന്നുതന്നെ വി എസിന്റെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പ്‌ ഉയര്‍ന്നുവന്നത്‌. അത്‌ ഏറ്റവും രൂക്ഷമായതാകട്ടെ മലപ്പുറം സമ്മേളനത്തിനു മുന്നോടിയായുള്ള കാലയളവിലായിരുന്നു.
ജനീകയാസൂത്രണം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദവും എം പി പരമേശ്വന്റെ നാലാംലോക സിദ്ധാന്തത്തിനെതിരെ ഉയര്‍ന്ന കോലാഹലവും പരിഷത്‌ വിവാദവുമൊക്കെ ഒന്നാം പേജിലെ ലീഡ്‌ സ്റ്റോറിയായി പോലും മാധ്യമങ്ങളില്‍ കത്തിനിന്നത്‌ ഇക്കാലത്തായിരുന്നു. വര്‍ഗനിലപാടിനെ കൈവിട്ടുകൊണ്ട്‌ സി പി എം നാലാംലോകവദത്തെ കെട്ടിപ്പിടിച്ചു മുന്നേറുകയാണെന്ന്‌ സി പി എമ്മിലെ വിമത സൈദ്ധാന്തികര്‍ വിലയിരുത്തി. അതിനെല്ലാം എം എന്‍ വിജയന്‍മാസ്‌റ്ററുടെ പിന്തുണയും വന്നതോടെ പാര്‍ട്ടി വല്ലാതെ ഉലയാന്‍ തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട്‌ ഉയരുന്ന ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ വള്ളിപുള്ളി വിടാതെ കൊടുക്കാന്‍ തുടങ്ങിയത്‌ പിണറായിയെയും സംഘത്തെയും ശക്തമായി ക്ഷീണിപ്പിക്കാന്‍ തുടങ്ങി. ഒടുക്കം വിമതപക്ഷത്തിന്റെ വിമര്‍ശം ശരിവെക്കുന്ന തരത്തില്‍ എം പി പരമേശ്വനെയും ബി ഇക്‌ബാലിനെയും ജോയ്‌ ഇളമണിനെയുമൊക്കെ പുറത്താക്കുന്ന നില വന്നപ്പോള്‍ അതും മാധ്യമങ്ങള്‍ ആഘോഷിച്ചു.
പാര്‍ട്ടി സെക്രട്ടറി പ്രതിയായി ഉയര്‍ന്നുവന്ന ലാവ്‌ലിന്‍ അഴിമതിയും വി എസിന്റെ ഇടപെടലിനു ശക്തി കൂട്ടിയപ്പോള്‍ അതും വസ്‌തുത ചോര്‍ന്നുപോകാതെ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചു. മലപ്പുറം സമ്മേളനത്തിനെ ലക്ഷ്യം വെച്ചായിരുന്നു വി എസ്‌ അച്യുതാനന്ദന്‍ ഇത്രയും പ്രശ്‌നങ്ങളൊക്കെ തരാതരം പോലെ ഉപയോഗിച്ചിരുന്നത.്‌ പാര്‍ട്ടിയെ ഉലയ്‌ക്കുന്ന തരത്തില്‍ അക്കാലയളവില്‍ അനിയന്ത്രിതമായി വാര്‍ത്ത വന്നുകൊണ്ടിരിക്കെയാണ്‌ `മാധ്യമസിന്‍ഡിക്കേറ്റ്‌' എന്ന പ്രയോഗവുമായി പിണറായി രംഗത്തുവന്നത്‌. ഒരേ സമയം വിവിധ പത്രങ്ങളില്‍ ഒരേ പോലെയുള്ള വാര്‍ത്തകള്‍ പാര്‍ട്ടിക്കെതിരെ വരുന്നത്‌ ഒരു കേന്ദ്രത്തിലിരുന്ന്‌ ചില മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തയ്യറാക്കുന്നതാണെന്നാണ്‌ ഇതിന്‌ പിണറായി നല്‍കിയ വ്യാഖ്യാനം. പാര്‍ട്ടിക്കുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ പേരില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ത്ത്‌ തങ്ങള്‍ക്കു മുന്നേറാനാകുമോ എന്ന പരീക്ഷണമായിരുന്നു മാധ്യമസിന്‍ഡിക്കേറ്റ്‌ പ്രയോഗത്തിലൂടെ സി പി എം നടത്തിയത്‌.

അക്രമം, കേസ്‌, തെറിയഭിഷേകം

ഗ്രൂപ്പ്‌ പോരും അധികാരപോരും പ്രത്യയശാസ്‌ത്ര വ്യതിയാനവുമൊക്കെ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു എന്നത്‌ പില്‍ക്കാലത്ത്‌ പാര്‍ട്ടിതന്നെ എഴുതി പുറത്തുവിട്ട രേഖയില്‍ പലയിടത്തും അടിവരയിട്ട്‌ വ്യക്തമാക്കിയ കാര്യമാണ്‌. അതുമായി ബന്ധപ്പെട്ട്‌ നിരവധി പേരെ പുറത്താക്കുകയും ചിലരെ പിന്നീട്‌ ഔദ്വോഗികപക്ഷത്തിന്റെ താല്‍പ്പര്യപ്രകാരം തിരിച്ചെടുത്തതും വസ്‌തുതയാണ്‌. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി പരസ്യമായി പത്രക്കുറിപ്പ്‌ ഇറക്കി പ്രഖ്യാപിക്കുന്നതിനു മുമ്പേ പറഞ്ഞുപോയി എന്നതാണ്‌ കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്‌ത തെറ്റ്‌. ഔദ്യോഗിക ഗസറ്റ്‌ വരുന്നതുമാത്രം വാര്‍ത്തയായി കൊടുക്കണമെന്ന്‌ ശാഠ്യം പിടിക്കാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ ഏകാധിപത്യം നിലവിലില്ലെന്ന കാര്യം ഇവര്‍ ആരും തന്നെ ഓര്‍ക്കുന്നില്ല( ഹിന്ദു പത്രം ഏറെകാലമായി തങ്ങളുടെ റിലീസ്‌ നന്നായി കൊടുക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അതല്ലാത്ത ചില വാര്‍ത്തയും കൊടുക്കുന്നു എന്നതാണ്‌ ഗൗരീദാസന്‍നായര്‍ക്കെതിരെ പിണറായി ഇറക്കിയ കുറ്റപത്രം)
ഇതിനെ നേരിടാന്‍ പല മാര്‍ഗങ്ങളായിരുന്നു സി പി എം അവലംബിച്ചത്‌. ഒറ്റപ്പെട്ട ആക്രമങ്ങള്‍ മാധ്യമസ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടത്തുക, അമിതവിമര്‍ശനവുമായി രംഗത്തെത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ്‌ നല്‍കുക, ഇതൊന്നുമല്ലാത്തവരെ പരസ്യമായി പൊതുയോഗങ്ങളില്‍ തെറിവിളിക്കുക(ഇതാ നമുക്കെതിരായ ഒരു മാധ്യമപ്രവര്‍ത്തകന്‍, അവനെ കൈയില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുക എന്ന ധ്വനിയാണ്‌ അത്തരം പ്രസംഗങ്ങള്‍ക്കുള്ളത്‌)
ഇ പി ജയരാജന്റെ വീടുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിന്റെ പേരില്‍ മംഗളം പത്രത്തിന്റെ കണ്ണൂര്‍ ആഫീസിനു നേരെ ആക്രമണം നടത്തി മാധ്യമപ്രവര്‍ത്തകനെയും ഫോട്ടോഗ്രാഫറെയും അക്രമിച്ചത്‌, മലപ്പുറം സമ്മേളനം റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ അന്ന്‌ മംഗളത്തില്‍ ജോലി ചെയ്‌തിരുന്ന രാമചന്ദ്രന്‍ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ അക്രമം അഴിച്ചുവിട്ടത്‌, ഏറ്റവുമൊടുവില്‍ സ്‌ത്രീവിഷയത്തില്‍ അകപ്പെട്ട പി ശശിയുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയതിന്റെ പേരില്‍ ഏഷ്യാനെറ്റ്‌ ലേഖകന്‍ ഷാജഹാനെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം, വാര്‍ത്തയുടെ പേരില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറ്‌...ഇങ്ങിനെ നീളുന്നതാണ്‌ അത്തരം ഇടപെടലുകള്‍
പിണറായിയെ വിമര്‍ശിച്ചുകൊണ്ട്‌ അഡ്വ. എ ജയശങ്കര്‍ ലേഖനം എഴുതിയതിന്റെ പേരില്‍ മാധ്യമം വാരികയ്‌ക്കെതിരെ കേസ്‌ നല്‍കിയതും ഇതേ തരത്തിലുള്ള സി പി എമ്മിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയില്‍ വി എസ്‌- പിണറായി പോര്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍ വി എസിന്‌ അനുകൂലമായ പോസ്‌റ്റര്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിനു മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഒട്ടിച്ചത്‌ അതികാലത്ത്‌ റിക്കോര്‍ഡ്‌ ചെയ്‌ത്‌ വാര്‍ത്തയാക്കിയതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ ലേഖകന്‍ സി കെ വിജയനെതിരായ കേസ്‌, എം എന്‍ വിജയന്റെ മരണത്തെതുടര്‍ന്ന്‌ അദ്ദേഹത്തെ പുകഴ്‌ത്തികൊണ്ട്‌ ദീപികയില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവാറണ്ട്‌ പുറപ്പെടുവിപ്പിച്ച്‌ കേസെടുപ്പിക്കാന്‍ ധൃതികാട്ടിയത്‌( അന്ന്‌ ഔദ്വോഗികപക്ഷത്തിന്റ ഉറ്റ തോഴന്‍ ഫാരീസ്‌ അബൂബക്കറിന്റെ നിയന്ത്രണത്തിലായിരുന്ന ദീപിക. ഔദ്യോഗികപക്ഷത്തെ എതിര്‍ക്കുന്ന വാര്‍ത്ത കൊടുക്കാന്‍ പാടില്ലായിരുന്നു, അന്നത്തെ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ കേസില്‍ ഏറെ താല്‍പ്പര്യം കാട്ടിയിരുന്നു) എന്നിവയും പിണറായിയുടെ മാധ്യമവധത്തിന്റെ ഭാഗയമായി അരങ്ങേറിയതാണ്‌.
മാതൃഭൂമി പത്രാധിപരായിരുന്ന കെ ഗോപാലകൃഷ്‌ണനെ `എടോ ഗോപാലകൃഷ്‌ണാ..' എന്ന്‌ വിളിച്ച്‌ ആക്ഷേപിച്ചതാണ്‌ ഇഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച്‌ നിശബ്ദരാക്കുക എന്ന പിണറായിയുടെ ശൈലിയില്‍ പൊന്‍തൂവലായി ഇന്നും കിടക്കുന്നത്‌. അസഹിഷ്‌ണുതയും കമ്യൂണിസ്റ്റ്‌ സേച്ഛാധിപത്യമനോഭാവവും ഒരുമിച്ച്‌ ചേര്‍ന്നുള്ള സ്വരമായിരുന്നു ഇതിലൂടെ കേരളം കേട്ടത്‌. സി പി എമ്മിനെക്കുറിച്ച്‌ സത്യം എഴുതിയതിന്റെ പേരിലായിരുന്നു ഒരു പത്രാധിപര്‍ ഇത്രമാത്രം ഇകഴ്‌ത്തപ്പെട്ടതെന്ന്‌ നാമോര്‍ക്കണം. വി എസ്‌ അച്യതാന്ദന്‍ `വെറുക്കപ്പെട്ടവന്‍' എന്ന്‌ വിളിച്ച ഫാരീസ്‌ അബൂബക്കറില്‍നിന്ന്‌ നായനാര്‍ ഫുട്‌ബോള്‍ മേളയ്‌ക്ക്‌ ലക്ഷങ്ങളുടെ ഫണ്ട്‌ സ്വീകരിച്ച വാര്‍ത്ത മാതൃഭൂമിയില്‍ വന്നതായിരുന്നു പിണറായിയുടെ ചതുര്‍ത്ഥിയ്‌ക്ക്‌ ഗോപാലകൃഷ്‌ണന്‍ വിധേയനാകാനുള്ള ആദ്യകാരണം. ലോട്ടറിതട്ടിപ്പ്‌ വീരന്‍ മാര്‍ട്ടിനില്‍നിന്ന്‌ കോടികളുടെ ബോണ്ട്‌ ദേശാഭിമാനിയുടെ വകയിലേക്ക്‌ വാങ്ങിയ വാര്‍ത്തയും ലിസ്‌ ചാക്കോയില്‍ ദേശാഭിമാനി കൊച്ചി മാനേജര്‍ കാശ്‌ വാങ്ങിച്ചതിലും തീര്‍ന്നില്ല എം എന്‍ വിജയന്റെ പ്രമാദമായ `അരവും കത്തിയും' എന്ന ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതുമൊക്കെയാണ്‌ ഗോപാലകൃഷ്‌ണന്‌ ശിക്ഷ വിധിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്‌.
മാതൃഭൂമിയില്‍ ഇന്ദ്രന്‍സ്‌ എന്ന പംക്തിയില്‍ `പിണറായി പരിധിക്ക്‌ പുറത്താണ്‌' എന്ന പേരില്‍ ലേഖനം വന്നതും പിണറായിയുടെ മാധ്യമവധത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. പംക്തി കൈകാര്യം ചെയ്യന്ന എന്‍ പി രാജേന്ദ്രനും ലഭിച്ചു കണക്കറ്റ്‌ ശകാരമര്‍ദ്ദനം. നവകേരളയാത്രയില്‍ തളിപ്പറമ്പില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വി എസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനും കിട്ടിയത്‌ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെ പേര്‌ വിളിച്ച്‌ ആക്ഷേപം. ജനാധിപത്യരഹിതമായ പിണറായിയുടെ അന്നത്തെ പത്രസമ്മേളനം ലൈവായി കണ്ട പാര്‍ട്ടിക്കാര്‍പോലും ഇത്രവേണ്ടിയിരുന്നോ എന്ന്‌ ചോദിച്ച്‌ മൂക്കത്ത്‌ വിരല്‍വച്ചുപോയിരുന്നു.

സിണ്ടിക്കേറ്റിനെതിരെ പിണ്ടിക്കേറ്റിന്റെ ഉദയം

പാര്‍ട്ടിയിലെ ആഭ്യന്തരകലാപങ്ങളെക്കുറിച്ച്‌ എഴുതുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്‌തും കവലചട്ടമ്പികളെപ്പോലെ വിരട്ടിയും തെറിവിളിച്ചും പാര്‍ട്ടി മുന്നേറിയെങ്കിലും വേണ്ടത്ര ഗുണം കിട്ടാതെ വന്നപ്പോഴാണ്‌ മാധ്യമപ്രവര്‍ത്തകരെ അനുനയിപ്പിച്ച്‌ കൂടെക്കൂട്ടി പിണറായിക്ക്‌ സിന്‍ഡിക്കേറ്റ്‌ എന്ന `പിണ്ടിക്കേറ്റ'്‌ ഉണ്ടാക്കുക എന്ന ബുദ്ധി ഉദിച്ചത്‌. മലപ്പുറം സമ്മേളനത്തിനുശേഷം പിണറായിയുടെ ഇമേജ്‌ കേരളത്തില്‍ ഉയര്‍ത്തിക്കാട്ടി അടുത്ത മുഖ്യമന്ത്രി പദത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രണ്ടു നവകേരളയാത്രയുടെ മുന്നോടിയായുമാണ്‌ ഇത്തരത്തിലൊരു നീക്കം തുടങ്ങിയത്‌. മലപ്പുറം സമ്മേളനത്തിനുശേഷം അതുവരെ എതിരാളിയായിരുന്ന എന്‍ പി ചന്ദ്രശേരനെന്ന മാധ്യമപ്രവര്‍ത്തകനെ പാര്‍ട്ടിചാനലിന്റെ തലപ്പത്ത്‌ കയറ്റിയിരുത്തിയതും ഇന്ത്യന്‍ എക്‌സപ്രസ്സില്‍ ജോലി ചെയ്യവെ പാര്‍ട്ടിക്കെതിരെ നിരന്തരം എഴുതിയിരുന്ന എന്‍ മാധവന്‍കുട്ടിയെ പാര്‍ട്ടി പത്രത്തിന്റെ തലപ്പത്തെത്തിച്ചതും പഴയ നക്‌സലൈറ്റുകാരനായ ഭാസുരേന്ദ്രബാബുവിനെ മാധ്യമവിശകലനക്കാരനാക്കിയതുമൊക്കെ എതിരാളിയെ വശത്താക്കി കീഴടക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു.
കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പാര്‍ട്ടി ഭക്തിയുള്ളവരെ കണ്ടെത്തി അവരുമായി നല്ല ബന്ധം പുലര്‍ത്തുകയും ചില പത്രങ്ങളെ പാര്‍ട്ടിയിലെ ഔദ്വോഗികപക്ഷത്തിന്റെ മുഖപത്രമാക്കി മാറ്റുന്ന നിലയിലേക്ക്‌ കൊണ്ടുവന്നതുമൊക്കെ ചരിത്രമായിരുന്നു. ഫാരീസ്‌ അബൂബക്കറിന്റെ നിയന്ത്രണത്തില്‍ ദീപികയും രാഷ്ട്രദീപികയും പുലരുന്ന കാലത്ത്‌ പാര്‍ട്ടിഔദ്യോഗികപക്ഷത്തിന്റെ മുഖപത്രമെന്ന നിലയിലായിരുന്നു അത്‌ ഇറങ്ങിയിരുന്നത്‌. ഓരോ ദിവസവും വി എസിനെ അവഹേളിക്കുന്ന വാര്‍ത്തയ്‌ക്ക്‌ പ്രാധാന്യം നല്‍കിയും ഇടയ്‌ക്ക്‌ ഔദ്വോഗി നേതാക്കളുടെയും അവരുമായി ഇഷ്ടം പുലര്‍ത്തുന്നവരുടെ അഭിമുഖമടക്കം അക്കാലത്ത്‌ ദീപികയുടെ പ്രത്യേകതയായിരുന്നു. പിണറായിക്ക്‌ ദോഷം ചെയ്യുന്ന വാര്‍ത്തകള്‍ തമസ്‌ക്കരിച്ചുമുന്നേറിയ പത്രം പിന്നീട്‌ കൃസ്‌ത്യന്‍ മേധാവികള്‍ തിരിച്ചുപിടിച്ചപ്പോള്‍ പാര്‍ട്ടികൂറ്‌ വിട്ടെങ്കിലും ഫാരിസ്‌ `മെട്രോ വാര്‍ത്തയെന്ന' പേരില്‍ സ്വന്തമായി പത്രം തുടങ്ങി അതിലൂടെ `വിഎസ്‌ വധം' പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.
നവകേരളയാത്രയില്‍ പിണറായിക്ക്‌ മാധ്യമപ്രീതി ലഭിക്കുന്നതിനായി എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകരുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തിയതും പിണ്ടിക്കേറ്റ്‌ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ബിസിനസ്‌ പത്രസമ്മേളനത്തിനെ വെല്ലുന്ന തരത്തില്‍ പത്രങ്ങളുടെ ജില്ലാറിപ്പോര്‍ട്ടര്‍മാരെ വണ്ടിവിട്ട്‌ ഗ്രാമങ്ങളിലേക്ക്‌ കൊണ്ടുവരികയും ഭക്ഷണം കൊടുത്ത്‌ പത്രസമ്മേളനം നടത്തിച്ചതുമൊക്കെ പാര്‍ട്ടിയുടെ ആര്‍ഭാടമഹിമ തെളിയിക്കുന്നതായി. വി എസ്‌ ഗ്രൂപ്പ്‌ അസ്‌തമിച്ചെന്ന്‌ പറയുന്ന പാര്‍ട്ടിയില്‍ വി എസിനെ ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ തനിയെ ചോരുന്നതല്ലെന്നും പിണ്ടിക്കേറ്റ്‌ പ്രവര്‍ത്തിലൂടെ അച്ചടി ദൃശ്യമാധ്യമങ്ങളില്‍ ആരൊക്കെയോ എത്തിച്ചുകൊടുക്കുന്നതാണെന്നും ഇന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. പാര്‍ട്ടിക്കായി ചില പുറത്തുള്ള ചാനലുകളും ഇതിനായി പ്രവര്‍ത്തിക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഒരു ചാനലിലൂടെ പാര്‍ട്ടിസമ്മേളന റിപ്പോര്‍ട്ടിന്റെ കോപ്പി കാണിക്കുമ്പോഴും ചോര്‍ന്നിട്ടില്ലെന്ന്‌ സി പി എം നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ യുക്തിയെന്താണെന്ന്‌ ഇപ്പോഴും ആര്‍ക്കും മനസിലായിട്ടില്ല.

പത്രയൂണിയന്‍ പിടിച്ചെടുക്കല്‍

മാധ്യമപ്രവര്‍ത്തകര്‍ക്കായി കേരളത്തില്‍ നിലവിലുള്ള പ്രധാന ട്രേഡ്‌ യൂണിയനുകളിലൊന്നാണ്‌ കേരള വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌ യൂണിയന്‍( കെ യു ഡബ്ല്യു ജെ) ഒരു കാലത്ത്‌ ദേശാഭിമാനി ഒഴിച്ചുള്ള മറ്റു പത്രങ്ങളില്‍നിന്നുള്ളവരായിരുന്നു ഈ യൂണിന്റെ പ്രധാനഭാരവാഹികള്‍. പാര്‍ട്ടിക്കെതിരായ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ മറ്റു പല തന്ത്രങ്ങളും പയറ്റുന്നതിനൊപ്പം യൂണിയന്‍ പിടിച്ചെടുക്കണമെന്ന്‌ തീരുമാനവും പാര്‍ട്ടി എടുത്തത്‌ ഈയടുത്ത കാലയളവിലായിരുന്നു. അതുവരെ അതിന്റെ തലപ്പത്തുണ്ടായിരുന്നത്‌ സി പി എമ്മിന്‌ അത്ര പഥ്യമാകാത്ത ഗൗരീദാസന്‍നായരെയും എന്‍ പത്മനാഭനെയും പോലെയുള്ളവരായിരുന്നു. അവരെപോലുള്ളവരെ നേതൃത്വത്തില്‍ നിന്ന്‌ താഴെയിറക്കാനും വിവിധ ജില്ലാകമ്മിറ്റികള്‍ പിടിച്ചെടുക്കാനും അനൗപചാരികമായി പല ഇടപെടലും നടത്തിയെന്നത്‌ നിഷേധിക്കാനാകാത്ത വസ്‌തുതയായിരുന്നു. ഇപ്പോള്‍ യൂണിയന്റെ ജന. സെക്രട്ടറി പാര്‍ട്ടിപത്രത്തിലെ പ്രതിനിധിയാണ്‌ മഹാഭൂരിപക്ഷം ജില്ലാകമ്മിറ്റി ഭരിക്കുന്നതും അവരാണ്‌. മാതൃഭൂമി കഴിഞ്ഞാല്‍ മെമ്പര്‍ഷിപ്പില്‍ രണ്ടാംസ്ഥാനം ദേശാഭിമാനിക്കാണ്‌.
ഇത്തരത്തിലുള്ള വിവിധങ്ങളായ ഇടപെടല്‍ നടത്തി വലതുപക്ഷമെന്ന്‌ വിളിക്കുന്ന മാധ്യമങ്ങളുടെപോലും പ്രിയപുത്രനായി പിണറായി മാറിയിട്ടും തീരുന്നില്ല വിമര്‍ശനത്തോട്‌ അദ്ദേഹത്തിനുള്ള കെറുവും അസഹിഷ്‌ണുതയും. ഇപ്പോള്‍ സി പി എമ്മുമായി ബന്ധപ്പെട്ട്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട പല വാര്‍ത്തകളും പഴയപോലെ കത്തിനില്‍ക്കാത്തത്‌ പിണ്ടിക്കേറ്റിന്റെ വിജയമല്ലാതെ മറ്റെന്താണ്‌. അത്തരത്തില്‍ സ്വന്തം സിണ്ടിക്കേറ്റുണ്ടാക്കി കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിഴുങ്ങുന്ന വേളയില്‍ എന്തിനാണ്‌ പഴകിനാറിയ സിണ്ടിക്കേറ്റ്‌ പ്രയോഗം വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. `എടോ ഗോപാകൃഷ്‌ണ' മുതല്‍ സിന്‍ഡിക്കേറ്റ്‌ തലവനെ ഇപ്പോള്‍ പേരെടുത്ത്‌ പറഞ്ഞ്‌ അവഹേളിച്ചപ്പോള്‍ പോലും നമ്മുടെ മാധ്യമട്രേഡ്‌ യൂണിയന്‌ യാതൊരു ആശങ്കയോ പ്രതികരണമോ ഇല്ലായിരുന്നു. അത്രമമാത്രം മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദമായിക്കൊണ്ടിരിക്കുന്ന നേരത്ത്‌ പിണറായി നടത്തുന്ന പ്രതികരണത്തെ പാര്‍ട്ടിയുടെ പുതിയ സ്ഥാനലബ്ധിയുടെ സന്തോഷത്തിനപ്പുറം അധികാരം തലയ്‌ക്കു പിടിച്ചവന്റെ ധാര്‍ഷ്‌ട്യമല്ലാതെ വേറെന്താണ്‌.

കുറിപ്പ്‌: തലശേരിയില്‍ എന്‍ ഡി എഫ്‌ പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ കോടിയേരിയിലെ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടുപരിസരത്ത്‌ പാര്‍ട്ടിക്കാര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തിയിരുന്നു. എന്തിനെയും ഏതിനെയും ലൈവാക്കി നമ്മുടെ അടുക്കളയില്‍ എത്തിക്കുന്ന ചാനലുകളിലൊന്നിലും ആ വിഷ്വല്‍ വന്നില്ല. കണ്ണൂരിലെ ഒരു ദൃശ്യമാധ്യപ്രവര്‍ത്തകനോട്‌ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി കിട്ടിയത്‌ ഇങ്ങിനെയായിരുന്നു. `എന്തിനാണ്‌ സുഹൃത്തെ പാര്‍ട്ടിക്കെതിരെ വാര്‍ത്ത കൊടുത്ത്‌ പൊല്ലാപ്പിലാകുന്നത്‌''.

3 comments:

 1. മുഴുവന്‍ വായിച്ചില്ല.. പിന്നെ വായിക്കാം..
  പിണറായി 'എടൊ ഗോപാലകൃഷ്ണാ' എന്ന് വിളിച്ചത് ഏതു സാഹചര്യത്തില്‍ ആയിരുന്നുവെന്നു ജയന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ? ജയന് ബാധിച്ച ജ്വരം തലച്ചോറിനു തന്നെയാണ്.. ഒരുപക്ഷെ, മനോവിഭ്രാന്തിയോളം എത്തിയത് പോലെ തോന്നുന്നു, വായിക്കുമ്പോള്‍..
  നന്നായി വരട്ടെ!!

  ReplyDelete
 2. കുറിപ്പ് ;
  കണ്ണൂര്‍ ജില്ല പാര്‍ട്ടി ഓഫിസായ അഴിക്കോടന്‍ മന്ദിരത്തിന്റെ മതിലില്‍ പാര്‍ട്ടി വിരുട്ട പോസ്റ്റര്‍ പതിക്കുമ്പോള്‍ കയ്യോടെ പിടികൂടിയ ഇന്ത്യ വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടിംഗ് സംഘത്തെ കുറിച്ച കഥ കണ്ണൂരിലെ തന്നെ ദ്രിശ്യ് മാധ്യമ പ്രവ്രതകരോട് ഒന്ന് ചോദിക്കുക ! വി എസ് അനൂകുല പ്രകടനം എന്നപേരില്‍ ഏഷ്യനെറ്റ് ചാനലുകാരുടെ നേതൃത്വത്തില്‍ നീലേശ്വരത് നടന്ന നാലുപേര്‍ പങ്കെടുത്തശക്തി പ്രകടനത്തെ പറ്റിയും( ലൈവാക്കി നമ്മുടെ അടുക്കളയില്‍ എത്തിച ഇരുപത്തി നാലു മണിക്കൂര്‍ വിഷ്വല്‍!) ഒന്ന് ചോദിക്കുക... ഉപന്യാസങ്ങള്‍ പടക്കുന്നതിനു മുമ്പേ ഇതൊക്കെ മുതല്‍ കൂട്ടാകും !!

  ReplyDelete
 3. നവകേരളയാത്രയില്‍ തളിപ്പറമ്പില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വി എസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനും കിട്ടിയത്‌ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെ പേര്‌ വിളിച്ച്‌ ആക്ഷേപം. ജനാധിപത്യരഹിതമായ പിണറായിയുടെ അന്നത്തെ പത്രസമ്മേളനം ലൈവായി കണ്ട പാര്‍ട്ടിക്കാര്‍പോലും ഇത്രവേണ്ടിയിരുന്നോ എന്ന്‌ ചോദിച്ച്‌ മൂക്കത്ത്‌ വിരല്‍വച്ചുപോയിരുന്നു.
  ---------------
  നവകേരളയാത്രയില്‍ പിണറായിക്ക്‌ മാധ്യമപ്രീതി ലഭിക്കുന്നതിനായി എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകരുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തിയതും പിണ്ടിക്കേറ്റ്‌ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.ബിസിനസ്‌ പത്രസമ്മേളനത്തിനെ വെല്ലുന്ന തരത്തില്‍ പത്രങ്ങളുടെ ജില്ലാറിപ്പോര്‍ട്ടര്‍മാരെ വണ്ടിവിട്ട്‌ ഗ്രാമങ്ങളിലേക്ക്‌ കൊണ്ടുവരികയും ഭക്ഷണം കൊടുത്ത്‌ പത്രസമ്മേളനം നടത്തിച്ചതുമൊക്കെ പാര്‍ട്ടിയുടെ ആര്‍ഭാടമഹിമ തെളിയിക്കുന്നതായി
  ---------------
  ഹ ഹ ...ഇപ്പൊ എങ്ങിന്യെണ്ട് സിപി എമ്മിന്റെ മാധ്യമപേടി ?!
  തൊപ്പിക്കാരന്‍ ജയാ...നിന്റെ സൂക്കേട്‌ വ്യക്തം ... ഇതിനു മരുന്നില്ല ... വിശകലനം എന്നാ പേരില്‍ വിസര്‍ജ്ജിച്ചു വിടുന്ന ഒന്നിനും പര്സപ്പര ബന്ധമില്ല മോനെ ... ഇതിനെക്കാളും മനാരത്തിലും വൃത്തിയിലും നമ്മുടേ ക്രൈം നന്ദ കുമാര്‍ എഴുതും...ഓനിപോയി ആദ്യം പഠിക്കൂ .....

  ReplyDelete