Saturday, February 18, 2012

'ലാംപ്'അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്.............
(കെ വേണുവിന്റെ നിരാഹാരസമരത്തിന്റെ പശ്ചാത്തലത്തില്‍ ലാലൂരിന്റെ സമരചരിത്രം)


ക്ഷമയുടെ നെല്ലിപ്പലകയെന്നത് ഇപ്പോള്‍ ലാലൂരുകാരെ സംബന്ധിച്ച് ഉള്ളില്‍തട്ടാത്ത പ്രയോഗമായി മാറിയിരിക്കുന്നു. അഞ്ചു പതിറ്റാണ്ടിനു മീതെയായി മാലിന്യകൂമ്പാരത്തിന്റെ രൂക്ഷസാമീപ്യം സൃഷ്ടിച്ച തീരാദുരിതത്തിന് പരിഹാരമായി ലാലൂരുകാര്‍ക്കുമുമ്പില്‍ കോര്‍പ്പറേഷനും ഭരണകൂടവും എന്തെന്ത് വ്യാമോഹങ്ങളാണ് വച്ചുനീട്ടിയത്. എല്ലാം മേമ്പൊടി ചികിത്സ മാത്രമായി പരിണമിക്കുകയും അന്തിമപരിഹാരം നീണ്ടു നീണ്ടു പോകുകയുമാണ് പതിവ്.
പേമാരിയും ദുരിതവും വന്നുമൂടുമ്പോള്‍ വിവിധ സമരരൂപങ്ങളായി പ്രതിഷേധം കത്തിയുയരുമെങ്കിലും പരിഹാരമാര്‍ഗത്തിനുമുന്നില്‍ സമരമവസാനിപ്പിക്കുന്നവര്‍. ഒടുക്കം പരിഹാരമാര്‍ഗങ്ങളെല്ലാം പ്രത്യേകഘട്ടത്തില്‍ അട്ടിമറിക്കപ്പെടുകയും വീണ്ടും സമരത്തിലേക്ക് എടുത്തുചാടുകയും ചെയ്യപ്പെടുന്നവര്‍. എല്ലാ മാലിന്യസംസ്‌ക്കരണപദ്ധതികളും തങ്ങളെ പറഞ്ഞുപറ്റിക്കാനുള്ള മാര്‍ഗങ്ങളാണെന്ന് തിരിച്ചറിഞ്ഞവര്‍ കൂടിയായ ലാലൂരുകാര്‍ക്ക് ക്ഷമയുടെ മാത്രമല്ല ഇപ്പോള്‍ ജീവതത്തിന്റെ തന്നെ നെല്ലിപ്പലക തകര്‍ന്നുകൊണ്ടിരിക്കയാണ്.
ഇത്ര നിരാശാജനകമായി ലാലൂര്‍ സമരത്തിനെ ചുരുക്കിവിവരിക്കേണ്ടിവരുന്നതില്‍ ചില വര്‍ത്തമാനസാഹചര്യമുണ്ട്. മേല്‍പ്പറഞ്ഞ പ്രകാരം 2009 ഡിസംബറില്‍ അളമുട്ടിയെന്ന് പറഞ്ഞതുപോലെ ലാലൂരുകാര്‍ ശക്തമായ സമരത്തിലേക്ക് എടുത്തുചാടി. ഡിസംബര്‍ 14 ന് ലാലൂര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേനിരാഹാരസമരം തുടങ്ങുകയും ചെയ്തു. സമരം മാസങ്ങള്‍ നീണ്ടുപോയിട്ടും സമരക്കാരുമായി സംസാരിക്കാന്‍ പോലും കോര്‍പ്പറേഷന്‍( എല്‍ ഡി എഫ്) ഭരണാധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരക്കാര്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെ നേരില്‍ കണ്ട് കാര്യം ബോധിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന എല്‍ ഡി എഫ് ഭരണത്തിന്റെ കുത്സിതതാല്‍പ്പര്യത്തെ പോലും മറികടന്ന് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ലാലൂരുകാരുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരമെന്ന നിലയില്‍ പത്തിയൂര്‍ ഗോപിനാഥും അദ്ദേഹത്തിന്റെ ലാലൂര്‍ മോഡല്‍ പ്രൊജക്ടും (ലാംപ്) രംഗപ്രവേശം ചെയ്തത്. കോര്‍പ്പറേഷനിലെ വിവിധ ഭാഗങ്ങളിലായി മാലിന്യം സംസ്‌ക്കരിക്കുന്ന പദ്ധതി വരുമെന്ന ഉറപ്പ കിട്ടിയതിനാലാണ് 115 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാരസമരം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെയും മറ്റും സാന്നിധ്യത്തില്‍ നിര്‍ത്തിവെച്ചത്. ഒട്ടേറെ സാങ്കേതികപ്രശ്‌നവും പ്രതിഷേധവും തദ്ദേശസ്വയംഭരണവകുപ്പിന്റെ എതിര്‍പ്പുമൊക്കെ മറികടന്ന് പത്തിയൂരിന്റെ പദ്ധതിക്ക് കോര്‍പ്പറേഷന്‍ അംഗീകാരം കൊടുത്തപ്പോള്‍ അതിനെ ലാലൂര്‍സമരസമിതിയും പിന്തുണച്ചു. ഹൈക്കോടിതിയും സര്‍വ്വകക്ഷിസമിതിയും പല വിദഗ്ധരും മുന്നോട്ടുവച്ച 'വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി' പത്തിയൂരിന്റെ പദ്ധതിയില്‍ ഉണ്ടെന്ന് കണ്ടതോടെയാണ് സമരങ്ങളെല്ലാം അവസാനിപ്പിച്ച് ഈ പുതിയ പദ്ധതിക്ക് സമരസമിതി പിന്തുണ കൊടുത്തത്. പദ്ധതിക്കായി ഫണ്ട് വകയിരുത്തുകയും അത് പ്രയോഗത്തില്‍ വരുത്തുന്നുവെന്ന് നോക്കാനായി ലാലൂരുകാര്‍ അടക്കമുള്ള ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും ഫോം ചെയ്തു. തൃശൂരില്‍ അഞ്ച് കേന്ദ്രങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിച്ച് സംസ്‌ക്കരിക്കുന്ന വികേന്ദ്രീകൃതസംസ്‌ക്കരണപദ്ധതിയായിരുന്നു പത്തിയൂരിന്റേത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ഒന്നരവര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. ഒന്നോ രണ്ടോ സ്ഥലത്ത് ചില ഇരുമ്പുവേലി കെട്ടിയും മറ്റും ചില പ്രാഥമികപ്രവര്‍ത്തി നടത്തിയതല്ലാതെ കാര്യമായ നിര്‍മാണപുരോഗതി ഒന്നും ഇതുവരെ കാണാനില്ല. ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് കണ്ടപ്പോള്‍തന്നെ ഈ പദ്ധതിയും അട്ടിമറിക്കപ്പെടുകയാണോ എന്ന സന്ദേഹം സമരസമിതിയും മറ്റു സാമൂഹ്യപ്രവര്‍ത്തകരും നേരത്തെ പ്രകടിപ്പിച്ചതായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പുതുതായി അധികാരത്തിലേറിയ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ഒപ്പം പത്തിയൂര്‍ ഗോപിനാഥിന്റെയുമൊക്കെ നീക്കങ്ങള്‍ തെളിയിക്കുന്നത്.
പഴയ മുഖ്യമന്ത്രിയുടെ പിന്തുണയോടെ വന്ന പത്തിയൂര്‍ പദ്ധതിയെ പുതിയ യു ഡി എഫ് ഭരണത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പിന്തുണച്ചാണ് സംസാരിച്ചത്. ഈയിടെ മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോള്‍ സമരസമിതിക്കാര്‍ മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നുകണ്ടപ്പോള്‍ അറിയിച്ചിതായിരുന്നു ഇത്. എന്നാല്‍ അഞ്ച് സ്ഥലങ്ങളില്‍ മൂന്ന് സ്ഥലം മാത്രമേ കോര്‍പ്പറേഷന്റെ അനുമതിയുള്ളൂ എന്നതാണ് ഇപ്പോഴത്തെ വൈരുധ്യം. മുന്‍കാലത്തേതുപോലെ ഇപ്പോഴും കേരളം ഭരിക്കുന്ന അതേ മുന്നണിതന്നെയാണ് തൃശൂര്‍ കോര്‍പ്പറേഷനും ഭരിക്കുന്നത്(അന്ന് എല്‍ ഡി എഫാണെങ്കില്‍ ഇന്ന് യു ഡി എഫ്). എല്‍ ഡി എഫ് ഭരണകാലത്ത് ലാലൂരില്‍ സമരമുയരുമ്പോള്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തുണ്ടായിരുന്ന യു ഡി എഫ് സമരത്തെ പരമാവധി ഉപയോഗിക്കുകയും ചില ഘട്ടത്തില്‍ സമരത്തിന് പിന്തുണ കൊടുക്കുയും ചെയ്തിരുന്നു(ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ തെറ്റില്ല). എന്നാല്‍ അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരണപക്ഷത്തായപ്പോള്‍ അവരും അഴകൊഴമ്പന്‍ സമീപനമാണ് എടുക്കുന്നത്. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി കോര്‍പ്പറേഷന്‍ വാങ്ങിത്തരാത്തതിനാലും ചില സ്ഥലങ്ങളില്‍(ശക്തനിലും, കോലോത്തുംപാടത്തും) പ്രതിഷേധത്തെ നേരിടാന്‍ പൊലീസിനെ കിട്ടാത്തതിനാലുമാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്തതെന്നാണ് പത്തിയൂര്‍ തടസ്സമായി പറയുന്നതെന്നാണ് സമരസമിതിക്കാരുടെ പ്രതികരണം. പൊല്യൂഷന്‍കണ്‍ട്രോള്‍ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടത് പത്തിയൂര്‍ ഗോപിനാഥന്‍തന്നെയാണ് എന്നാണ് ഇതിനോട് കോര്‍പ്പറേഷന്റെ വിശദീകരണം.
അതിനിടയില്‍ പി സി ചാക്കോ എം പി യുടെ നേതൃത്വത്തില്‍ വീണ്ടും മറ്റൊരു കേന്ദ്രീകൃത സംസ്‌ക്കരണപദ്ധതിയുടെ ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്. കോയമ്പത്തൂരില്‍ 250 ഏക്കറില്‍ നടക്കുന്ന മാലിന്യസംസ്‌ക്കരണ കേന്ദ്രം നേരില്‍ സന്ദര്‍ശിച്ച് അതിന്റെ അറിയാന്‍ മാസങ്ങള്‍ക്കു മുമ്പ് ചിലര്‍ അങ്ങോട്ടു പോകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്റെ പിന്തുണയോടെ നടക്കുന്ന ഈ പ്രക്രിയ മുന്നോട്ടുപോയാല്‍ തൃശൂരിലെ നിലവില്‍ കൂടുതല്‍ സ്ഥലമെന്നു പറയുന്ന ലാലൂരില്‍തന്നെ ഇത് നടപ്പാക്കാനാണ് ആലോചനയെന്നും അറിയുന്നു. യുഡി എഫ്, എല്‍ ഡി എഫ് ഭരണത്തിലെല്ലാം ലാലൂരില്‍ നടപ്പാക്കിയത് വന്‍കിട പദ്ധതികളാണെങ്കിലും ലാലൂരിലെ ജനതയ്ക്ക് അതു മൂലം വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിറക്കി നടപ്പാക്കുന്ന ഒരു പദ്ധതി നിലവിലിരിക്കെ മറ്റു ചില ആലോചനകളുമായി രാഷ്ട്രീയക്കാര്‍ മുന്നോട്ടുപോകുന്നത് സമരസമിതിയുടെ ആശങ്ക വീണ്ടും വര്‍ധിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്ക് സ്വീകാര്യനായ(അന്നത്തെ മുഖ്യമന്ത്രിക്ക്) പത്തിയൂരിനെ വച്ച് പദ്ധതിക്കായി ഇറക്കിയ ഉത്തരവിന്റെ പുറത്താണ് 'ലാംപ്' പദ്ധതി വന്നത്. ഇപ്പോള്‍ കേരളത്തിലും തൃശൂര്‍ കോര്‍പ്പറേഷനിലും ഭരണം മാറിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും മറ്റും ഇപ്പോള്‍ പ്രായോഗികപ്രശ്‌നമുണ്ടെന്ന വിലയിരുത്തല്‍ കോര്‍പ്പറേഷനു മുന്നിലുള്ളതിനാല്‍ പഴയ ഉത്തരവ് തന്നെ റദ്ദാക്കപ്പെടാനിടയുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ഒട്ടേറെ ദുരൂഹതകളും സംശയങ്ങളുടെയും പശ്ചാത്തലം അനുദിനം വര്‍ധിക്കുമ്പോഴും തൃശൂരിലെ മാലിന്യങ്ങളെല്ലാം എക്കാലത്തേയുംപോലെ ലാലൂരില്‍തന്നെ എത്തുകയാണ്. അവിടെ സംസ്‌ക്കരണപ്രക്രിയക്കായി ഉപയോഗിച്ചിരുന്ന മൂന്ന് ഓര്‍ഗൈവറില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുപയോഗിച്ചാണ് മാലിന്യം കുഴക്കുകയും വളമാക്കുകയും മറ്റുള്ളവ കുഴിച്ചിട്ട് മണ്ണിടുകയുമൊക്കെയാണ് നടക്കുന്നത്. മറ്റു പ്രക്രിയകളെല്ലാം പഴയപടിതന്നെ നടക്കുന്നതിനാല്‍ ലാലൂരുകാരുടെ സഹജമായ പ്രതിഷേധത്തിനും സമരവീര്യത്തിനും കാര്യമാ മാറ്റമൊന്നും വന്നിട്ടുമില്ല. കേന്ദ്രീകൃത പദ്ധതിയാണ് വീണ്ടും വരുന്നതെങ്കില്‍ അതു ലാലൂരിനെ ലക്ഷ്യം വെക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ കാലമായി നിര്‍ത്തിവച്ച് സമരം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാലൂര്‍സമരസമിതി. ലാലൂര്‍ സമരത്തിന് ജില്ലയ്ക്കുള്ളിലെയും പുറത്തെയും നിരവധി സംഘടനകളും സമിതിയുമൊക്കെ പിന്തുണയുമായി എന്നും രംഗത്തുണ്ടായിരുന്നു. അത്തരക്കാരെയൊക്കെ വിളിച്ചുകൂട്ടികൊണ്ട് ഈ വിഷയം വീണ്ടും സജീവചര്‍ച്ചയാക്കി ഭാവിപരിപാടികള്‍ ആലോചിക്കാന്‍ വിശദമായി കണ്‍വെന്‍ഷനും ചേര്‍ന്നുകഴിഞ്ഞു. അതിനാല്‍തന്നെ നിരന്തരം വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടുമോ എന്നാണ് തൃശൂരും ഒപ്പം കേരളവും ഉറ്റുനോക്കുന്നത്.( കേരളീയം മാസികയില്‍ വന്നത്)

No comments:

Post a Comment