Tuesday, December 27, 2011
നിഴല്‍: പെന്റവാലന്റ് വാക്സിന്; തമിഴ്നാട് പിന്‍വാങ്ങി ക...
നിഴല്‍: പെന്റവാലന്റ് വാക്സിന്; തമിഴ്നാട് പിന്‍വാങ്ങി ക...: പോളിയോ അടക്കമുള്ള വാക്സിനേഷന് പ്രക്രിയ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉള്ളപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ...
പെന്റവാലന്റ് വാക്സിന്; തമിഴ്നാട് പിന്‍വാങ്ങി കേരളം ആശയക്കുഴപ്പത്തില്‍

പോളിയോ അടക്കമുള്ള വാക്സിനേഷന് പ്രക്രിയ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉള്ളപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പുതുതായി പെന്റവാലന്റ് വാക്സിനേഷന്( അഞ്ചു രോഗങ്ങളെ ഒന്നിച്ചു പ്രതിരോധിക്കാന്‍) അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്സിനേഷനെതിരെ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും പരാതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകാന്‍ പോകുകയാണ്. വേണ്ടത്ര ശാസ്ത്രീയപിന്‍ബലമില്ലാതെയാണ് ഈ വാക്സിന് കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഇത് മരുന്നുപരീക്ഷണമാണെന്നും കാണിച്ച് ഇവര്‍ നല്കിയ പരാതിയിന്മേല് കോടതി കേരള-കേന്ദ്ര സര്‍ക്കാരുകളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനു പുറമെ വാക്സിനേഷന് വിധേയമായ ഒരു കുഞ്ഞ് വിതുരയില്‍ മരിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അമ്മമാരും മറ്റും ആശയക്കുഴപ്പത്തിലായിരിക്കയാണ്. ആഴ്ചയില്‍ ബുധനാഴ്ച തോറുമാണ് സി എച്ച് സി, പി എച്ച് സി വഴി ഈ വാക്സിനുകള്‍ 58 ദിവസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്നത്. വാക്സിനേഷനില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നിയമപരമായ പ്രശ്നമുണ്ടാകുമോ എന്ന ഭീതിയും ചില രക്ഷിതാക്കളിലുണ്ട്. എന്നാല്‍ വാക്സിനേഷന് 'നിര്‍ബന്ധമല്ലെന്നും ഇത് എടുക്കുന്നില്ലെന്ന് എഴുതികൊടുക്കേണ്ട ആവശ്യമില്ലെന്നും നിയമപരമായ പ്രശ്നമുണ്ടാകില്ലെന്നും' ഇക്കാര്യം സംബന്ധിച്ച് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ സര്‍ക്കാര്‍ ആശുപത്രിമുഖേന ഇതാദ്യമായി ഡിസംബര്‍ 14മുതല്‍ കേരള, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷം വാക്സിനേഷന് നല്‍കുമെന്നും അതിന്റെ പ്രശ്നങ്ങള്‍ പഠിച്ചശേഷമേ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കൂ എന്നുമാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ തമിഴ്നാട് വാക്സിനേഷന് പ്രക്രിയയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കയാണ്. വാക്സിനേഷനെതിരെ നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് അവരെ ഇതില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. പെന്റവാലന്റ് വാക്സിന് ഉപയോഗിച്ച ശ്രീലങ്ക, ബംഗാള്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ നിരവധി മരണവും പാര്‍ശ്വഫലങ്ങളും ഉണ്ടായതിനാല്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചിരുന്നു. ഇതിനു പുറമെ ഇന്ത്യയില്‍ ഈ വാക്സിനേഷന് നടപ്പാക്കുന്നതിനെതിരെ ചില ഡോക്ടര്‍മാര്‍ ദില്ലി ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തും അവിടെയുള്ള ചില ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് തമിഴ്നാടിന്റെ പിന്‍വാങ്ങലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വിതുരയിലെ പരപ്പാറ മരുതംമൂട് സജീന് മന്‍സില്‍ സബീറിന്റെയും ഷാജിതയുടെയും കുഞ്ഞാണ് വാക്സിന് എടുത്ത ശേഷം പിറ്റേന്ന്(15ന്) മരിച്ചത്. ശ്വാസതടസ്സം മൂലമാണെന്നും വാക്സിന്‍മൂലമല്ല മരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോളിയോ അടക്കമുള്ള വാക്സിനുകള്‍ക്കു ശേഷം ഇത്തരത്തില്‍ കുട്ടികള്‍ മരിച്ചപ്പോഴും സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഇതേ മറുപടിയാണ് പറഞ്ഞിട്ടുള്ളതെന്നാണ് അതില്‍ കൂടുതല്‍ വാക്സിന് കമ്പനികളെ പ്രതികൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കാറില്ലെന്നുമാണ് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രസിഡന്റ് ഡോ. പി ജി ഹരി പറയുന്നത്. സ്വകാര്യ ആശുപത്രികളില്‍ നേരത്തെ നല്കുന്ന ഈ വാക്സിന് മൂലം മലപ്പുറത്ത് കുട്ടിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആരോഗ്യരംഗത്ത് ഏറെ പിന്നില്‍ നില്ക്കുന്ന പല സംസ്ഥാനങ്ങളെയും ഒഴിവാക്കി കേരരളം പോലുള്ള സാമാന്യേന മെച്ചപ്പെട്ട സംസ്ഥാനമായ കേരളത്തില്‍ ഈ മരുന്ന് അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. മരുന്ന് പ്രചാരണത്തിനും പ്രയോഗത്തിനും കോടികള്‍ മുടക്കുന്ന സന്നദ്ധസംഘടനകളായ ഗാവി(GAVI) യും ബില്‍ഗേറ്റ്സ് ട്രസ്റ്റുമാണ് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഇതിന്റെ ചെലവായ 765 കോടി വഹിക്കുന്നതെന്ന് കാണുമ്പോള്‍ തന്നെ ഭാവിയിലുള്ള കച്ചവടസാധ്യത കണക്കിലെടുത്തുള്ള മരുന്നുപരീക്ഷണമാണ് ഇതെന്ന് വ്യക്തമാണെന്നും ഹരി കൂട്ടിചേര്‍ക്കുന്നു. കേരളത്തില്‍ വരുന്ന വാക്സിനേഷന് പരിശോധിക്കാനായി വാക്സിന് വയല്‍ മോണിറ്ററിംഗ് സമിതിയുണ്ടെങ്കിലും ശാസ്ത്രീയമായ പരിശോധന നടക്കാറില്ല. 2004ല്‍ നടന്ന പരിശോധനാഫലം വെച്ചാണ് ഈ വര്‍ഷവും പോളിയോവാക്സിനേഷന്‍ നടത്തിയതെന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച വിവരം. (സിറാജ്-27-12-11)
Wednesday, October 19, 2011
നിഴല്‍: ''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ...
നിഴല്‍: ''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ...: ''ഒരു നല്ല മകനെ പ്രസവിച്ച് രാജ്യത്തിന് നല്കിയപ്പോള് രാജ്യം അവനെ കൊലയാളിയായി തിരിച്ചുതന്നതെന്തിനാണ്?'' കണ്ഠമിടറിക്കൊണ്ട് ചോദിക്കുന്നത് രാ...
''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ'- അര്‍പുതം അമ്മാള്‍
''ഒരു നല്ല മകനെ പ്രസവിച്ച് രാജ്യത്തിന് നല്കിയപ്പോള് രാജ്യം അവനെ കൊലയാളിയായി തിരിച്ചുതന്നതെന്തിനാണ്?'' കണ്ഠമിടറിക്കൊണ്ട് ചോദിക്കുന്നത് രാജീവ് ഗാന്ധിവധകേസില്‍ പ്രതിചേര്‍ത്ത് 21 വര്‍ഷം മുമ്പ് 19-ാം വയസ്സില്‍ ജയിലിലടക്കപ്പെട്ട പേരറിവാളന് എന്ന ചെറുപ്പക്കാരന്റെ അമ്മ അര്‍പുതം അമ്മാള്‍. മകന് പേരറിവാള്‍ അടക്കം ജയിലിലുള്ള മൂന്ന് പ്രതികളുടെ വധശിക്ഷ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തില്‍ മകന്റെ അന്തിമമായ മോചനം ആവശ്യപ്പെട്ട് അലയുന്ന ഈ അമ്മ കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
രാജീവ് ഗാന്ധി വധകേസില്‍ എന്റെ മകന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അതിനായി കേസ് പുനര്‍വിചാരണ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധിവധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. കൊലപാതകവുമായി ചുറ്റിപ്പറ്റി എന്തൊക്കെ കഥകള്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ക്കുപോലും ഇതില്‍ പങ്കുണ്ടെന്ന ആക്ഷേപമില്ലേ? വിവരാവകാശനിയമപ്രകാരം അറിഞ്ഞ അറിവ് വച്ച് എന്റെ മകന് അടക്കമുള്ള മൂന്നു പേരെയും തൂക്കിലേറ്റുന്നതില്‍ വലിയ താല്‍പ്പര്യമുള്ളത് കേന്ദ്രമന്ത്രി ചിദംബരത്തിനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്്. എന്തിനാണ് നിരപരാധികളെ ഇങ്ങിനെ തൂക്കിലേറ്റാന്‍ ധൃതി പെടുന്നത്. യഥാര്‍ത്ഥത്തില്‍ കൊല നടത്തിയവരെ കണ്ടെത്തണമെന്നുതന്നെയാണ് എന്റെയും ആവശ്യം. അങ്ങിനെ വന്നാലും അവരെ തൂക്കികൊന്നുകൊണ്ട് ശിക്ഷിക്കരുതെന്നാണ് തന്റെയും അഭിപ്രായം. രാജീവ് ഗാന്ധിയുടെ ജീവനുള്ള വില തന്നെ എന്റെ മകനുമില്ലേ? എന്റെ മകനെ രാജ്യം എന്തിനാണ് കൊലയാളിയാക്കി മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ നളിനിയ്ക്ക് മാപ്പ് കൊടുത്തവര്‍ക്ക് എന്തേ എന്റെ മകനും അത് നല്കികൂടാ. ആദ്യമൊക്കെ സോണിയാഗാന്ധി വധശിക്ഷയ്ക്കെതിരായിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. നിരപരാധിയായ അവനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം നിയമത്തെ അംഗീകരിക്കുന്ന ഞങ്ങള്‍ മാതാപിതാക്കള്‍ പൊലീസുമായി സഹകരിക്കുകയായിരുന്നു. എട്ടുദിവസം കഴിഞ്ഞിട്ടും അവനെ പുറത്തുവിടാത്തിതനെതുടര്‍ന്ന് സ്റ്റേഷനില്‍ പോയപ്പോഴാണ് അവനെ രാജീവ് ഗാന്ധിവധകേസില്‍ ബോംബ് നിര്‍മിച്ചു എന്ന പേരില്‍ കേസിലെ 18-ാം പ്രതിയാക്കിയ വിവരം അറിഞ്ഞത്. ഇന്ന് ബോംബിനുവേണ്ടിയുള്ള ഒമ്പത് വാട്ട് ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നായി മാറിയിരിക്കുന്നു അവന്റെ കുറ്റം. ചെന്നൈ ജയിലില്‍ പോയി മകനെ നേരില്‍ കണ്ടപ്പോള്‍ എന്നോട് ഒന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല അവന്. 'അമ്മ എന്തിനാണിവിടെ വന്നതെന്ന്' ചോദിച്ച് അവന് പൊട്ടിക്കരയുമ്പോള്‍ ചുറ്റും നിറയെ പൊലീസുകാരായിരുന്നു. 19 വയസ്സുവരെ സ്വന്തം അച്ഛനോ അമ്മയോ ഒരു വടിയെടുത്തുപോലും തല്ലാതെ നല്ല കുട്ടിയായി വളര്‍ത്തിയ എന്റെ മകനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യം വിവരിക്കുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു.
തമിഴ്നാട്ടിലേതുപോലെ എന്റെയും എന്റെ മകന്റെയും വേദനാനിര്‍ഭരമായ കഥകള്‍ മലയാളികള്‍ക്കും നല്ല വണ്ണം അറിയാമെന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. വി ആര് കൃഷ്ണയ്യര്‍ അടക്കമുള്ളവര്‍ ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചതില്‍ അവരോട് വലിയ ഭക്തിയുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി അച്ഛനെയും അമ്മയെയും കാണാതെ ജയിലിലെ പീഡനം സഹിച്ച് മകനും അവന്റെ മോചനം ആവശ്യപ്പെട്ട് ഞാനടക്കമുള്ള കുടുംബവും സഹിക്കാത്ത വേദനയില്ല. എന്നാലിപ്പോള്‍ കേരളീയരായ നിങ്ങളും ലോകത്തെങ്ങുമുള്ള പലരും എന്റെ മകന്റെ മോചനത്തിനായി നടത്തുന്ന പ്രവര്‍ത്തി കാണുമ്പോള്‍ മനസ്സിന് ആശ്വാസമുണ്ട്. ആദ്യകാലത്ത് നിരപരാധിയായ മകനെ പ്രതിചേര്‍ത്തപ്പോള്‍ അതിനെതിരായി ശബ്ദിക്കാന്‍ എല്ലാവര്ക്കും ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ടെന്നും അവന്റെ യഥാര്‍ത്ഥ കഥ പറയുന്ന പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ തമിഴിലും നിരവധി ഭാഷകളിലും ഇറങ്ങിയിട്ടുമുണ്ട്. മകനും ഒപ്പമുള്ള മറ്റു രണ്ടു പേരായ മുരുകനും ശാന്തനും നീതി ലഭിക്കണമെന്നും എന്നെപ്പോലെ മറ്റൊര അമ്മയ്ക്കും ഇത്തരമൊരി ഗതി ഉണ്ടാകരുതെന്നും വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞുകൊണ്ടാണ് ആഐ അമ്മ സംസാരം നിര്‍ത്തിയത്.
Tuesday, September 6, 2011
കുട്ടികളുടെ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; ഫോം പൂരിപ്പിക്കേണ്ട കാലാവധി 14 വരെ നീട്ടി `സമ്പൂര്‍ണ്ണ'യ്ക്കെതിരെ ദേശീയകമ്മീഷനു മുമ്പാകെ പരാതി

വ്യക്തികളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ആധാര്‍ കാര്‍ഡ് നിര്‍മാണപ്രക്രിയയില്‍ കേരളത്തിലെ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതി വ്യാപകമാകുന്നു. സ്കൂളുകളില്‍ `സമ്പൂര്‍ണ്ണ' എന്ന അപരനാമത്തില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ശക്തമായ പ്രതിഷേധിച്ചതിനു പിന്നാലെ ചില സൈബര്‍ ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരിക്കുകയാണ്.
സൈബര്‍ ആക്ടിവിസ്റ്റ് മേഖലയില്‍ സജീവമായി ഇടപെടുന്ന അനിവര്‍ അരവിന്ദ്, അഡ്വ. കാമയാനി ബാലി മഹാബാല്‍, സാമൂഹ്യപ്രവര്‍ത്തക ഉഷാ രാമനാഥന് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിക്കെതിരെ രംഗത്തുള്ളത്. ഏറെ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് വിശദമായ അന്വേഷണം നടത്തണമെന്നും കുട്ടികള്‍ക്കുമേല്‍ ഇത് അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട് നേഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ചെയര്‍പേര്‍സനു മുമ്പാകെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പ് ധൃതി പിടിച്ച് ഇറക്കിയ സര്‍ക്കുലറിന്റെ കോപ്പിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ആധാര്‍ പദ്ധതിക്കെതിരെ ദേശീയതലത്തില്‍ കാമ്പയിന് നടത്തുന്ന `സെ നോ ടു യുഐഡി കാമ്പയിന്' എന്ന ഓണ്‍ലൈന്‍ സംഘടനയുടെ പേരിലാണ് ഇവര്‍ പരാതി നല്‍കിയത്. ആധാര്‍ പദ്ധതിക്കു പിന്നില്‍ സി ഐ എ ബന്ധമുണ്ടെന്നും പാര്‍ലിമെന്ററി സ്റ്റാന്‍ിംഗ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ യാതൊരു നിമപരിരക്ഷയും കിട്ടില്ലെന്നും കുട്ടികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പരാതിയില്‍ പറയുന്നു. ഇത്തരം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം ലണ്ടന്‍ അടക്കമുള്ള പല രാജ്യങ്ങളിലും നിര്‍ത്തിവെച്ചിരിക്കയാണെന്നും പദ്ധതിക്കു പിന്നില്‍ നിരവധി ദുരൂഹതകളുണ്ടെന്നും വിശദമാക്കുന്നതാണ് പരാതി. `സമ്പൂര്‍ണ്ണ' എന്ന അപരനാമത്തില്‍ സ്കൂളുകളില്‍ ഇതിന്റെ പ്രവര്‍ത്തി തുടങ്ങിയത് രക്ഷിതാക്കളടക്കം പലരും അറിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ധൃതി പിടിച്ച് വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഒരു ഉത്തരവ് മാത്രമാണ് ഇതു സംബന്ധിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. സമ്പൂര്‍ണ്ണ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി എല്ലാ വിദ്യാര്‍ഥികളും ആഗസ്റ്റ് 31നകം ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് കാണിക്കുന്ന ഈ ഉത്തരവ് അതാത് വിദ്യാലയങ്ങള്‍ക്ക് ഒരാഴ്ച മുമ്പാണ് അയച്ചുകൊടുത്തത്. ഓണപ്പരീക്ഷാനടത്തിപ്പിനിടയില്‍ ധൃതി പിടിച്ച് ഇറക്കിയ ഉത്തരവിന്മേല് യാതൊരു നടപടിയും സ്വകരിക്കാന്‍ സ്കൂള്‍ അധികൃര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ തിയ്യതി സെപ്തംബര്‍ 14 വരെ നീട്ടികൊടുത്തിട്ടുണ്ടെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ ഐ ടി അറ്റ് സ്കൂള്‍ കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി കെ ബാബു പറഞ്ഞത്.
ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും 12 അക്ക ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് തയ്യാറാക്കുന്നതിനായുള്ള പദ്ധതിയാണ് യൂണിക് ഐഡി എന്ന ആധാര്‍ പദ്ധതി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാ പൗരന്മാരുടെയും വിരലടയാളം, കൃഷ്ണമണിയുടെ അടയാളം തുടങ്ങിയ ബയോമെട്രിക് വിവരണങ്ങളും ശേഖരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിശ്വസ്തരായ ഏജന്‍സികള്‍ക്കും പുറമെ വിവിധ സ്വകാര്യ ഏജന്‍സികളെയും ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്‍ പി ആര് ഡാറ്റാകലക്ഷന്റെ (നേഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റാര്‍) മറവില്‍ കേരളത്തില്‍ ആധാര്‍ കാര്‍ഡ് തയ്യാറാക്കുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അക്ഷയ പോലുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നത് പദ്ധതി പ്രവര്‍ത്തനത്തിലെ ദുരൂഹത കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കയാണ്. കോടികള്‍ ചെലവഴിച്ച് നടത്തുന്ന ഈ തിരിച്ചറിയല്‍കാര്‍ഡ് നിര്‍മ്മാണം എത്രത്തോളം ശാസ്ത്രീയവും നിയമവിധേയവുമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വിഷയം ഏറ്റെടുത്തിട്ടില്ലെങ്കിലും പാര്‍ലിമെന്റിന്റെ അംഗീകാരം പോലും ഇല്ലാതെ കോടികള്‍ ചെലവഴിക്കപ്പെടുന്ന ഈ പദ്ധതി ധൃതി പിടിച്ച് നടപ്പാക്കുന്നത് എന്തിനാണെന്നതിന് വ്യക്തമായ ഉത്തരം ആര്‍ക്കുംതന്നെയില്ല- (സിറാജ് ദിനപത്രം 5-9-11)
Tuesday, June 21, 2011
പ്ലാച്ചിമട ട്രൈബ്യൂണല്‍ അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ നീക്കം; സമരക്കാര്‍ നാളെ മുഖ്യമന്ത്രിയെ കാണും

പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കോളകമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി കേരളസര്‍ക്കാര്‍ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ അട്ടിമറിക്കാനുള്ള കോളകമ്പനിയുടെ നീക്കത്തിനെതിരെ കൊക്കകോള വിരുദ്ധസമരസമിതിയും പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യസമിതിയും രംഗത്ത്. മാസങ്ങള്‍ക്കുമുമ്പ് എല്‍ ഡി എഫ് സര്‍ക്കാര്‍ പാസാക്കിയ ബില്‍ ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് അയച്ചുകൊടുത്തിരിക്കയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്ത ബില്‍ വിവിധ വകുപ്പുകളുടെ അനുമതിക്കായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് വീണ്ടും ആഭ്യന്തരമന്ത്രാലയത്തില്‍ മടങ്ങിയെത്തിയാലേ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കാനാകൂ. എന്നാല്‍ ഈ നടപടിക്രമത്തിന് കാലതാമസം വരുന്നത് കോളയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ബില്ലിനെതിരെ കോളകമ്പനി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം ഇതിന്റെ ഭാഗമാണ്.
ഏറെ കാലത്തെ സമരത്തിന് ശേഷം പ്ലാച്ചിമടക്കാര്‍ നേടിയെടുത്ത പ്രത്യേകട്രൈബ്യൂണല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെ പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യസമതിയും കൊക്കകോള വിരുദ്ധസമരസമിതിയും ഒന്നിച്ച് നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ തീരുമാനിച്ചിരിക്കയാണ്. നാളെ(ബുധന്‍) വൈകീട്ട് അഞ്ചിന് നേരില്‍ കണ്ട് സംസാരിക്കുന്നതിനായി മുഖ്യമന്ത്രി സമയം അനുവദിച്ചുതന്നിട്ടുണ്ടെന്ന് സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണെന്നതിനാല്‍ ഇവിടുത്തെ യു ഡി എഫ് സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് സമരക്കാരുടെ ആദ്യനീക്കം. മുഖ്യമന്ത്രിയെ കാണുന്നതിന്റെ മുന്നോടിയായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെയും കോളവിരുദ്ധസമരത്തിന് സജീവപിന്തുണ തന്നിരുന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെയും സമരക്കാര്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്ല് പാസാക്കുന്ന വേളയില്‍ പൂര്‍ണ്ണ പിന്തുണ നല്കിയ വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് മറ്റൊരു സമരനേതാവ് വ്യക്തമാക്കുന്നു. അതിനാല്‍തന്നെ പഴയതുപോലെ ശക്തമായ സമരപരിപാടികള്‍ ഇതിനായി വീണ്ടും തുടങ്ങേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നേരത്തെ പാസാക്കിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ബില്ലിന് വിരുദ്ധമാണ് കേരളത്തില്‍ മാത്രം പ്രത്യേക ട്രൈബ്യുണല്‍ ഉണ്ടാക്കിയതെന്നും പ്ലാച്ചിമട പ്ലാന്റുമായി ബന്ധപ്പെട്ട് നിലവില്‍ സുപ്രീംകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ ഇത്തരത്തിലൊരു ബില്‍ പാസാക്കുന്നതിന് കേരളസര്‍ക്കാരിന് അധികാരമില്ലെന്നുമടക്കമുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരില്‍ കോളകമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ കോളയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പ്ലാച്ഛിമടയില്‍ കോള നടത്തിയ നഷ്ടപരിഹാരത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച് ഉന്നതാധികാരസമിതിയില്‍ അംഗമായിരുന്ന എസ് ഫെയ്സി പറയുന്നത്. 5 വര്‍ഷത്തിനുള്ളില്‍ നടത്തിയ നാശനഷ്ടങ്ങളെ മാത്രമാണ് 2010ല്‍ കേന്ദ്ര പാസാക്കിയ ഗ്രീന്‍ ട്രൈബ്യണല്‍ പരിഗണിക്കൂ എന്നിരിക്കെ പത്ത് വര്‍ഷത്തിനു മീതെയായി കോളകമ്പനി ഉണ്ടാക്കിയ നാശനഷ്ടത്തിനായി പ്രത്യേക ട്രൈബ്യൂണലിന് പ്രസക്തിയുണ്ട്. കേരളത്തിന് അധികാരമുള്ള വിഷയങ്ങള്‍ മാത്രമാണ് ബില്ലില്‍ പറഞ്ഞിട്ടുള്ളതെന്നതിനാല്‍ സത്യത്തില്‍ ഇതിന് അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് പോകേണ്ടതില്ലായിരുന്നു- ഫെയ്സി കൂട്ടിചേര്‍ത്തു. കോളകമ്പനിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ബില്‍ പാസാക്കാന്‍ അധികാരമില്ലെന്ന കോളയുടെ വാദത്തില്‍ കഴമ്പില്ലെന്ന് നിയമവിദഗ്ധനായ കാളീശ്വരം രാജ് പറയുന്നു. ഇന്ത്യക്കാകമാനം ബാധകമാകാന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉള്ളപ്പോള്‍ കേരളത്തിനു മാത്രം പ്രത്യേക ബില്‍ എന്ന കാര്യത്തില്‍ കോളയ്ക്ക് നിയമപരമായി വാദിക്കാമെങ്കിലും ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനത്തിന് അധികാരമുള്ള കൃഷി, വെള്ളം, ആരോഗ്യം എന്നിവയടക്കമുള്ള കാര്യമാണ് ട്രൈബ്യൂണലിലുള്ളതെന്ന് പറഞ്ഞ് സംസ്ഥാനത്തിന് പ്രതിരോധിക്കാം- കാളീശ്വരം രാജ് കൂട്ടിചേര്‍ത്തു.(സിറാജ്-20-6-11)
Saturday, February 5, 2011

കാബിനറ്റില്‍ വരാനിടയില്ലെന്ന് സൂചന
കൊക്കകോളയ്ക്കെതിരായ ട്രെബ്യൂണല്‍ അട്ടിമറിക്കപ്പെടുന്നു ?
പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേകട്രെബ്യൂണല് നിയമമാക്കുന്നതു സംബന്ധിച്ച തീരുമാനം സര്‍ക്കാരിന്റെ ബജറ്റ്സെഷനില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സൂചന. നേരത്തെ വ്യവസായവകുപ്പിന്റെ എതിര്‍പ്പുണ്ടായിട്ടും ജലവിഭവവകുപ്പിന്റെയും നിയമവകുപ്പിന്റെ അംഗീകാരം ട്രെബ്യൂണല്‍ തീരുമാനത്തിന് ലഭിച്ചിരുന്നു. അതിനുശേഷം നിയമത്തിന്റെ കരട് രൂപം തയ്യാറാക്കിയെങ്കിലും വീണ്ടും ചില നിയമതടസ്സങ്ങള്‍ വന്നുചേര്‍ന്നതിനാല്‍ ധൃതിപിടിച്ച് വിഷയം കാബിനറ്റില്‍ വെയ്ക്കാനിടയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
നിലവില്‍ ജലവകുപ്പിന്റെയും നിയമവകുപ്പിന്റെയും പരിഗണനയിലാണുള്ളതെന്നും ടബ്യൂണലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നിയമമാക്കുന്നതിനെക്കുറിച്ചും തനിക്കൊന്നുമറിയില്ലെന്നുമാണ് പ്ലാച്ചിമടയിലെ നഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കുകയും ട്രബ്യൂണല്‍ ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്ത പ്ലാച്ചിമട ഉന്നതാധികാരസമിതിയുടെ തലവനുമായിരുന്ന കെ ജയകുമാര്‍ ഐ എ എസ് പറഞ്ഞത്. ചില തടസ്സങ്ങള്‍ വന്നുപെട്ടിട്ടുണ്ട് എന്നാണ് ഇതുസംബന്ധിച്ച് തങ്ങള്‍ക്കും ലഭിച്ച വിവരമെന്നാണ് പ്ലാച്ചിമടസമരനേതാവ് വിളയോടി വേണുഗോപാലും പറയുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ട്രെബ്യൂണല്‍ നിയമമാക്കുമെന്നാണ് പ്രതീക്ഷ. എവിടെയാണ് മാര്ഗ്ഗതടസ്സമെന്ന് വ്യക്തമല്ല. അതിനാല്‍ വിഷയം ഉന്നയിച്ച് രണ്ടുദിവസത്തിനകം തിരുവനന്തപുരത്തേക്ക് നീങ്ങുമെന്നും വിളയോടി പ്രതികരിച്ചു. അടുത്ത നിയമസഭയില്‍ ട്രെബ്യൂണല്‍ നിയമമാക്കുമെന്ന് കഴിഞ്ഞ നിയമസഭാവേളയില്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായി നിയമവകുപ്പിന്റെ നീണ്ട നാളത്തെ പരിശോധനയ്ക്കുശേഷം ബില്ലിനുള്ള അനുകൂലനിലപാട് നിയമവകുപ്പില്‍ നിന്നും ലഭിച്ചിരുന്നു. ജലവിഭവ വകുപ്പിന്റെയും നിയമവകുപ്പിന്റെയും അംഗീകാരം നേടിയിട്ടും വീണ്ടും വന്നുപെട്ട നിയമതടസ്സം എന്താണെന്ന് വ്യക്തമല്ല. ബജറ്റ്സെഷനില്‍ ട്രെബ്യൂണല്‍ തീരുമാനം നിയമമായി മാറിയില്ലെങ്കില്‍ വ്യവസായവകുപ്പാകും പ്രതികൂട്ടിലാകുകയെന്നാണ് പ്ലാച്ചിമടസമരവുമായി രംഗത്തുണ്ടായിരുന്ന ചിലരുടെ വിലയിരുത്തല്‍.
പ്ലാച്ചിമടയില്‍ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച ആഘാധത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമതിയ്ക്കെതിരെ വ്യവസായവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായതാണ്. കൊക്കകോളകമ്പനിയില്‍ നിന്ന് 216.26 കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നും ട്രെബ്യൂണല്‍ രൂപവത്ക്കരിച്ച് വിചാരണ ചെയ്യണമെന്നുമുള്ള സമതിയുടെ റിപ്പോര്‍ട്ടിനെതിരെ അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന് ദീര്‍ഘമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. കോളകമ്പനിയെപോലുള്ളവര്ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്താല്‍ കേരളത്തിലേക്ക് സ്വകാര്യകമ്പനികള്‍ വ്യവസായവശ്യാര്ഥം എത്തില്ലെന്ന പ്രചാരണമാണ് വ്യവസായവകുപ്പ് നടത്തിയിരുന്നത്. ഇത് വിവാദമാകുകയും ഇതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരസ്യമായി നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എങ്കിലും ജൂണ്‍ 30ന് തന്നെ ട്രബ്യൂണല്‍ രൂപവത്ക്കരിക്കാന്‍ മന്ത്രിസഭ മുന്‍കൈ എടുക്കുകയുമായിരുന്നു. പിന്നീട് ഏറെനാളായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിവിധ ഡിപ്പാര്‍ട്മെന്റുകളുടെ അംഗീകാരത്തിനായി നീങ്ങുന്നതിനാല്‍ പ്ലാച്ചിമട സമരവും ഏതാണ്ട് നിശ്ശബ്ദമായിരുന്നു. സമരക്കാരുടെയും മറ്റും കടുത്ത ആവശ്യം പരിഗണിച്ച് പ്ലാച്ചിമടയിലെ നഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ ഇടതുസര്‍ക്കാരാണ് പ്രത്യേക സമതിയെ നിയമിച്ചത്. വിശദമായ തെളിവെടുപ്പുകള്‍ക്കൊടുവില്‍ പ്ലാച്ചിമട നിവാസികള്‍ക്ക് ഏറെക്കുറെ അനുകൂലമായ റിപ്പോര്‍ട്ട് സമിതി സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ പ്ലാച്ചിമടനിവാസികള്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഇടതുസര്‍ക്കാരിന്റെ അവസാനനിയമസഭാ സമ്മേളനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ട്രെബ്യൂണല്‍ വിഷയം വന്നില്ലെങ്കില്‍ വരുന്ന സര്‍ക്കാര്‍ എന്തു തീരുമാനം എടുക്കുമെന്നതിനെക്കുറിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. (സിറാജ് 5-2-11)
Subscribe to:
Posts (Atom)