Tuesday, December 27, 2011

പെന്റവാലന്റ് വാക്‌സിന്‍; തമിഴ്‌നാട് പിന്‍വാങ്ങി കേരളം ആശയക്കുഴപ്പത്തില്‍




പോളിയോ അടക്കമുള്ള വാക്‌സിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉള്ളപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പുതുതായി പെന്റവാലന്റ് വാക്‌സിനേഷന്‍( അഞ്ചു രോഗങ്ങളെ ഒന്നിച്ചു പ്രതിരോധിക്കാന്‍) അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്‌സിനേഷനെതിരെ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും പരാതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകാന്‍ പോകുകയാണ്. വേണ്ടത്ര ശാസ്ത്രീയപിന്‍ബലമില്ലാതെയാണ് ഈ വാക്‌സിന്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഇത് മരുന്നുപരീക്ഷണമാണെന്നും കാണിച്ച് ഇവര്‍ നല്‍കിയ പരാതിയിന്മേല്‍ കോടതി കേരള-കേന്ദ്ര സര്‍ക്കാരുകളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനു പുറമെ വാക്‌സിനേഷന് വിധേയമായ ഒരു കുഞ്ഞ് വിതുരയില്‍ മരിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അമ്മമാരും മറ്റും ആശയക്കുഴപ്പത്തിലായിരിക്കയാണ്. ആഴ്ചയില്‍ ബുധനാഴ്ച തോറുമാണ് സി എച്ച് സി, പി എച്ച് സി വഴി ഈ വാക്‌സിനുകള്‍ 58 ദിവസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്നത്. വാക്‌സിനേഷനില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നിയമപരമായ പ്രശ്‌നമുണ്ടാകുമോ എന്ന ഭീതിയും ചില രക്ഷിതാക്കളിലുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ 'നിര്‍ബന്ധമല്ലെന്നും ഇത് എടുക്കുന്നില്ലെന്ന് എഴുതികൊടുക്കേണ്ട ആവശ്യമില്ലെന്നും നിയമപരമായ പ്രശ്‌നമുണ്ടാകില്ലെന്നും' ഇക്കാര്യം സംബന്ധിച്ച് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ സര്‍ക്കാര്‍ ആശുപത്രിമുഖേന ഇതാദ്യമായി ഡിസംബര്‍ 14മുതല്‍ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷം വാക്‌സിനേഷന്‍ നല്‍കുമെന്നും അതിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചശേഷമേ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കൂ എന്നുമാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ തമിഴ്‌നാട് വാക്‌സിനേഷന്‍ പ്രക്രിയയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കയാണ്. വാക്‌സിനേഷനെതിരെ നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് അവരെ ഇതില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. പെന്റവാലന്റ് വാക്‌സിന്‍ ഉപയോഗിച്ച ശ്രീലങ്ക, ബംഗാള്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ നിരവധി മരണവും പാര്‍ശ്വഫലങ്ങളും ഉണ്ടായതിനാല്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചിരുന്നു. ഇതിനു പുറമെ ഇന്ത്യയില്‍ ഈ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനെതിരെ ചില ഡോക്ടര്‍മാര്‍ ദില്ലി ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തും അവിടെയുള്ള ചില ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് തമിഴ്‌നാടിന്റെ പിന്‍വാങ്ങലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വിതുരയിലെ പരപ്പാറ മരുതംമൂട് സജീന്‍ മന്‍സില്‍ സബീറിന്റെയും ഷാജിതയുടെയും കുഞ്ഞാണ് വാക്‌സിന്‍ എടുത്ത ശേഷം പിറ്റേന്ന്(15ന്) മരിച്ചത്. ശ്വാസതടസ്സം മൂലമാണെന്നും വാക്‌സിന്‍മൂലമല്ല മരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോളിയോ അടക്കമുള്ള വാക്‌സിനുകള്‍ക്കു ശേഷം ഇത്തരത്തില്‍ കുട്ടികള്‍ മരിച്ചപ്പോഴും സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഇതേ മറുപടിയാണ് പറഞ്ഞിട്ടുള്ളതെന്നാണ് അതില്‍ കൂടുതല്‍ വാക്‌സിന്‍ കമ്പനികളെ പ്രതികൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കാറില്ലെന്നുമാണ് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രസിഡന്റ് ഡോ. പി ജി ഹരി പറയുന്നത്. സ്വകാര്യ ആശുപത്രികളില്‍ നേരത്തെ നല്‍കുന്ന ഈ വാക്‌സിന്‍ മൂലം മലപ്പുറത്ത് കുട്ടിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആരോഗ്യരംഗത്ത് ഏറെ പിന്നില്‍ നില്‍ക്കുന്ന പല സംസ്ഥാനങ്ങളെയും ഒഴിവാക്കി കേരരളം പോലുള്ള സാമാന്യേന മെച്ചപ്പെട്ട സംസ്ഥാനമായ കേരളത്തില്‍ ഈ മരുന്ന് അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. മരുന്ന് പ്രചാരണത്തിനും പ്രയോഗത്തിനും കോടികള്‍ മുടക്കുന്ന സന്നദ്ധസംഘടനകളായ ഗാവി(GAVI) യും ബില്‍ഗേറ്റ്‌സ് ട്രസ്റ്റുമാണ് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഇതിന്റെ ചെലവായ 765 കോടി വഹിക്കുന്നതെന്ന് കാണുമ്പോള്‍ തന്നെ ഭാവിയിലുള്ള കച്ചവടസാധ്യത കണക്കിലെടുത്തുള്ള മരുന്നുപരീക്ഷണമാണ് ഇതെന്ന് വ്യക്തമാണെന്നും ഹരി കൂട്ടിചേര്‍ക്കുന്നു. കേരളത്തില്‍ വരുന്ന വാക്‌സിനേഷന്‍ പരിശോധിക്കാനായി വാക്‌സിന്‍ വയല്‍ മോണിറ്ററിംഗ് സമിതിയുണ്ടെങ്കിലും ശാസ്ത്രീയമായ പരിശോധന നടക്കാറില്ല. 2004ല്‍ നടന്ന പരിശോധനാഫലം വെച്ചാണ് ഈ വര്‍ഷവും പോളിയോവാക്‌സിനേഷന്‍ നടത്തിയതെന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച വിവരം. (സിറാജ്-27-12-11)

1 comment: