Tuesday, June 19, 2012
ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....
1- ഒഞ്ചിയം സമരസേനാനി മനയ്ക്കല്‍ താഴെ ഗോവിന്ദനെ കടുത്ത അസുഖബാധയെതുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിച്ചു. വയസ്സ് 83. മാസങ്ങള്‍ക്കു മുമ്പുവരെ സി.പി.എം എടക്കണ്ടി ബ്രാഞ്ച് അംഗമായിരുന്ന അദ്ദേഹം വിമത സി.പി.എമ്മുകാര്‍ക്കൊപ്പം അവസാനാളിലാണ് ചേര്‍ന്നത്. പള്‍സ് ബീറ്റ് നന്നെ കുറയുന്നതാണ് അസുഖം. പ്രായാധിക്യവും ഉള്ളതിനാല്‍ വലിയ പ്രതീക്ഷയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. പേസ്മേക്കറിന്റെ സഹായത്തോടെയായിരുന്നു അതിജീവനം. ഇത്രയൊക്കെയുള്ളപ്പോഴും 1948ലെ ഒഞ്ചിയം വെടിവെപ്പ് നാളിന്റെ ഓര്‍മ്മയും വീര്യവും അപ്പോഴും അദ്ദേഹത്തിന്റെ മനകരുത്തിന് കൂട്ടുണ്ട്. ഡോക്ടര്‍ അരുതെന്ന് പറഞ്ഞിട്ടും ഐ.സി.യുവില്‍ ആരെങ്കിലും ചെന്നാല്‍ സംസാരത്തിന് ഒരു കുറവുമില്ല. ഞാനും സുഹൃത്തും ആശുപത്രിയില്‍ എത്തിയപ്പോള്‍ പുറത്ത് വരാന്തയില്‍ ടി.പി നില്ക്കുന്നു. പ്രതീക്ഷ കുറവാണെങ്കിലും ശരീരത്തിനുള്ളില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചാല്‍ കുറച്ചുകാലത്തേക്ക് ജീവിന് നിലനിര്‍ത്താമെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടെന്ന് ടി.പി പറഞ്ഞു. എത്ര കാലം എന്ന് ഉറപ്പ് തരാനും പറ്റില്ലത്രെ. ഉപകരണം ഘടിപ്പിക്കണമെങ്കില്‍ ഒരു ലക്ഷത്തിനടുത്ത് തുക വേണമെന്ന് ടി.പി പറഞ്ഞപ്പോള്‍ ഏത് നിമിഷവും മരിച്ചേക്കാവുന്ന ആള്‍ക്ക് ഇത്ര പണം ചെലവഴിച്ച് ഉപകരണം ഘടിപ്പിക്കണോ എന്ന സംശയം എന്നിലുദിച്ചു. പ്രത്യേകിച്ച് അവരുടെ കുടുംബം വലിയ സാമ്പത്തികശേഷി ഇല്ലാത്തപ്പോള്‍ അതും ടി.പിയുടേയോ സംഘടനയുടെയോ തലയില്‍ വരുമെന്ന് ഉറപ്പുള്ളതിനാല്‍. ഞാനക്കാര്യം സൂചിപ്പിച്ചപ്പോള്‍ അധികം ആലോചിക്കാതെ ടി.പി പറഞ്ഞത് ഇങ്ങനെയാണ്. ''അതു ചെയ്തിരുന്നെങ്കില്‍ ഗോവിന്ദേട്ടന് ജീവിക്കുമായിരുന്നേനെ എന്ന് പിന്നീട് ഒരു കുറ്റബോധം വേണ്ടതില്ല, പണം എവിടെന്നെങ്കിലും ശരിയാക്കാം''. ടി.പി ഒരു തീരുമാനമെടുത്താല്‍ അത് നടന്നിരിക്കും. എവിടുന്നൊക്കെയോ പണം സംഘടിപ്പിച്ച് ഉപകരണം ശരീരത്തിനുള്ളില്‍ ഫിറ്റ് ചെയ്തു. എന്നാല്‍ രണ്ടുമാസത്തിനധികം ആ ധീരസഖാവ് ജീവിച്ചിരുന്നില്ല.(ഒഞ്ചിയത്ത് റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്ന വേളയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന മൂന്ന് രക്തസാക്ഷിസഖാക്കളില് പുറവില്‍ കണ്ണന്, പടിഞ്ഞാറ്റോടി കണ്ണന് എന്നിവര്‍ മാത്രമാണ് റവലൂഷണറിയോടൊപ്പം ചേര്‍ന്നത്. അന്ന് സി.പി.എമ്മിനെ തള്ളിപ്പറയാതെ മൗനം പൂണ്ടിരുന്നയാളായ മനയ്ക്കല്‍ താഴെ ഗോവിന്ദന് ജീവിതത്തിന്റെ അവസാനവേളയിലാണ് വിമതരോടൊപ്പം ചേര്‍ന്നത് എന്നോര്‍ക്കണം, എന്നിട്ടും അസുഖബാധിതനായ വേളയില്‍ വന്ആസ്തിയുള്ള സി.പി.എം ഗോവിന്ദേട്ടനെ തിരിഞ്ഞുനോക്കിയില്ല.)
മനയ്ക്കല്‍ താഴെ ഗോവിന്ദന്
2- ഓര്‍ക്കാട്ടേരിയില്‍ ടി.പിയെയും കൂട്ടാളികളെയും എന്നും എതിര്‍ത്തുപോന്നിരുന്ന പ്രായമുള്ള കണിശക്കാരനായ സി.പി.എം നേതാവുണ്ടായിരുന്നു.(പേര് പറയാത്തത് അദ്ദേഹത്തിന്റെ മക്കളെക്കൊണ്ട് നിഷേധക്കുറിപ്പ് സി.പി.എം ഇറപ്പിക്കുമെന്നതിനാല്) അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി റവലൂഷണറിയെ സി.പി.എം നന്നായി ദ്രോഹിച്ചുപോന്നിരുന്നു. സഖാവിന് അര്‍ബുദം ബാധിച്ചതോടെ സീജവപ്രവര്ത്തനം ഇല്ലാതായി. രോഗം മൂര്‍ച്ചിച്ചതോടെ പലരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുമുണ്ടായി(കാരണം സി.പിഎമ്മുകാര്‍ എന്നു പറയാന്‍ ഓര്‍ക്കാട്ടേരിയില്‍ ആളുകള്‍ നന്നെ കുറവായിരുന്നു. ഉള്ളതാകട്ടെ ഇപ്പോള്‍ ടി.പി വധക്കേസില്‍ പ്രതിയായ മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത പടയംങ്കണ്ടി രവീന്ദ്രനെപോലുള്ളവരുമാണ്). ആയിടെ ആരോ മുഖേനെ ആ സഖാവ് ടി.പിയെയും എന്‍ വേണുവിനെയുമൊക്കെ കാണണമെന്ന് ആവശ്യമുന്നയിച്ചു. ഇത് കേട്ടതും ഏത്രയോ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ച പ്രായം ചെന്ന സഖാവിനെ കാണാന്‍ ടി.പി ഓടിയെത്തി. ടി.പി അദ്ദേഹത്തെ താങ്ങി കിടക്കയില്‍ ഇരുത്തിക്കുമ്പോഴേക്ക് ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ടി.പിക്കെതിരെയും നല്ലവരായ പുറത്തുപോയ സഖാക്കള്ക്കുമെതിരെയും ചെയ്യേണ്ടിവന്ന കാര്യമടക്കം പലതും പറഞ്ഞ് ആ മനുഷ്യന് കുമ്പസരിച്ചു. പിന്നീട് ആ സഖാവിനെ പരിചരിക്കാനും വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കാനും ടി.പിയും കൂട്ടരുമെത്താന് തുടങ്ങി. മരണവാര്‍ത്ത അറിഞ്ഞപ്പോഴും വീട്ടിലെ കാര്യങ്ങളില്‍ മുന്നിട്ടുനിന്നു. എന്നാല്‍ അധികം താമസിയാതെ ജില്ലാനേതാക്കളടക്കം അവിടയെത്തി സാവധാനം ആ വീടിന്റെ നിയന്ത്രണം സി.പി.എം കൈയടക്കി. അന്ന് സംസ്ക്കാരചടങ്ങിനുശേഷം ഓര്‍ക്കാട്ടേരി ടൗണില്‍ നടന്ന സര്വ്വകക്ഷിപൊതുയോഗത്തില് ബി.ജെ.പിക്കാരെ പോലും പങ്കെടുപ്പിച്ചപ്പോള്‍ ടി.പിയെയും കൂട്ടരെയും സി.പി.എം വിളിച്ചില്ല. യാതൊരു പരിഭവവുമില്ലാതെ ടി.പി പുതിയ വിഷയങ്ങളിലേക്ക് മുഴുകുക മാത്രം ചെയ്തു.
3- സി.പി.എം വിട്ടവരോട് ആ പാര്‍ട്ടി പുലര്‍ത്തിപ്പോന്ന ദ്രോഹവും അതിക്രമവും അസഹിഷ്ണുതയുമൊക്കെ നിരവധിയായിരുന്നു. എന്നാല്‍ ഒരു കാലത്ത് പുതിയ പാട്ടിയിലേക്ക് മനംമാറി വരേണ്ടവരാണ് സി.പി.എം അണികളെന്നും അതിനാല്‍ അവരോട് മോശമായ യാതൊരു സമീപനവും റവലൂഷണറി പ്രവര്‍ത്തകര്‍ പുലര്‍ത്തരുതെന്നും ടി.പിക്ക് നിഷ്ക്കര്‍ഷയുണ്ടായിരുന്നു. അതുകൊണ്ടാകുമല്ലോ യൂദാസിന്റെ വേഷത്തില്‍ പടയംങ്കണ്ടി രവീന്ദ്രന് എന്ന പഴയ സഹപ്രവര്ത്തകന്(റവലൂഷണറിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സി.പി.എം വ്യക്തിത്വം) അദ്ദേഹത്തിന്റെ ഗൃഹപ്രവേശം ക്ഷണിക്കാന്‍ ടി.പിയ്ക്ക് അടുത്തേക്ക് പോയതും സ്വതസിദ്ധമായ ചിരിയോടെ സന്ദേഹമൊട്ടുമില്ലാതെ ടി.പി ആ കത്ത് വാങ്ങിച്ചതും. (ദൂരെ അപരിചിതരെപ്പോലെ മാറിനിന്ന കൊലയാളി സംഘത്തിലെ കണ്ണിക്ക് ടി.പിയുടെ മുഖം പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണ് അന്ന് കത്ത് കൊടുക്കാന്‍ തീരുമാനിച്ചത് എന്നാണ് അറസ്റ്റില്‍ കഴിയുന്ന രവീന്ദ്രന് പൊലീസിനോട് വെളിപ്പെടുത്തിയത്). രവീന്ദ്രന്റെ കല്യാണാവശ്യാര്‍ത്ഥം പെണ്ണു കാണാന്‍ കൂടെപോയതും കല്യാണം കഴിയുന്നതുവരെയുള്ള കാര്യങ്ങള്‍ നിവര്‍ത്തിച്ചതും ചന്ദ്രശേഖരനാണെന്ന് ഇപ്പോള്‍ ടി.പിയുടെ വിധവ രമ പറയുന്നതും നമ്മള് കേട്ടില്ലേ.
മനുഷ്യസ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സാമൂഹ്യ ഇടപെടലിന്റെയും ഇത്തരം നിരവധി കഥകള്‍ ടി.പിയെക്കുറിച്ച് പറയാനുണ്ടാകും. അതിന്റെ ഗുണഭോക്താക്കളായവരെല്ലാം കമ്മ്യണിസ്റ്റുകാര്‍ മാത്രം ആകണമെന്നില്ല.... ഒരു നാടിന്റെ സ്പന്ദനവും താങ്ങുമായ മനുഷ്യനെ ഒരു കൂട്ടം കാപാലികര്‍ വെട്ടിനുറുക്കുകയോ...!!? അങ്ങനെയൊരു വാര്‍ത്ത കേട്ട നാട്ടിലെ നിരീശ്വരവാദികളല്ലാത്തവര്പോലും ഒരുവേളയോ അതില്‍കൂടുതലോ നേരം ദൈവത്തെപോലും നിന്ദിച്ചുപോയിട്ടുണ്ടാകും......ഇത്ര ക്രൂരനാണോ ദൈവമെങ്കില്‍ അത്തരത്തിലൊരീശനെ ചവിട്ടീടേണ്ടൂ എന്ന് വൈലോപ്പിള്ളി സൂചിപ്പിച്ചതുപോലെ പലരും വെറുത്തുപോയിട്ടുണ്ടായിട്ടുണ്ടാകും, ആത്മനിന്ദയിലാണ്ടുപോയിട്ടുണ്ടാകും......
കറങ്ങുന്ന വീലും അണയാത്ത ഇന്‍ഡിക്കേറ്ററും......
മെയ് നാലിന് ഓവര്‍ടൈം നൈറ്റ് ഡ്യൂട്ടി എടുത്തതിനാല്‍ കോഴിക്കോട് നിന്ന് രാത്രി 9.15ന്റെ ഇന്റര്‍സിറ്റിക്കാണ് വടകരയിലേക്ക് തിരിച്ചത്. 10.10 ഓടെ വടകരയില്‍ ഇറങ്ങി ബസ്റ്റോപ്പിലേക്ക് നടക്കവെ പാതിവഴിയില്‍ വച്ചാണ് ഓര്‍ക്കാട്ടേരി-നാദാപുരം എന്ന് വിളിച്ചുകൊണ്ട് ഒരു ഓട്ടോ റോഡരികില്‍ നില്‍ക്കുന്നത് കണ്ടത്. ആദ്യം ശങ്കിച്ചെങ്കിലും ഓര്‍ക്കാട്ടേരിയിലേക്ക് 30 രൂപയെന്ന് പറഞ്ഞ് ഉറപ്പിച്ചതോടെ അതില്‍ കയറി. കൈനാട്ടിയില്‍ എത്തുന്നതിനകം വണ്ടിയില്‍ മറ്റു ചിലരും കയറി. കൈനാട്ടി റയില്‍വെഗേറ്റ് കഴിഞ്ഞ് വള്ളിക്കാട് എത്തുമ്പോഴേക്ക് സമയം ഏകദേശം 10.25 ഓ മറ്റോ ആയിക്കാണും. പൊതുവെ രാത്രിയില്‍ വെളിച്ചം നന്നേ കുറഞ്ഞ് ആളൊഴിഞ്ഞ് കിടക്കുന്ന ടൗണാണ് വള്ളിക്കാട്. ഇരുട്ടിനെ മുറിച്ച് ഓട്ടോ മുന്നേറുമ്പോള്‍ കുറച്ചുപേര്‍ അവിടവിടെ കൂടിനിന്ന് സംസാരിക്കുന്നത് കണ്ടു. അവിടെ ഇടയ്ക്ക് രാഷ്ട്രീയസംഘട്ടനം നടക്കാറുള്ളതിനാല്‍ അങ്ങിനെയെന്തോ വീണ്ടുമുണ്ടായോ എന്ന് ഉള്ളില്‍ ഭീതി മുളച്ചു. ടൗണ്‍ അവസാനിക്കുന്നിടത്ത് ഒരു ബൈക്ക് ഇന്റിക്കേറ്റര്‍ കത്തിക്കൊണ്ട് മലര്‍ന്നടിച്ചു വീണ് കിടക്കുന്നു. അപ്പോഴും വീല്‍ കറങ്ങുന്നുണ്ടെന്നാണ് ഓര്‍മ്മ. ഓട്ടോ അല്‍പ്പം വേഗത കുറച്ചതോടെ ഓട്ടോക്കാരന്തന്നെ പറഞ്ഞു. ആക്സിഡന്റാണെന്ന് തോന്നുന്നു. അതോടെ വണ്ടി വേഗം മുന്നോട്ട് കുതിച്ചു. അതിനിടയില്‍ ഓട്ടോയെ മറികടന്നു പോയ ഒരു പൊലീസ് ജീപ്പ് അവിടെ ബ്രേക്കിട്ട് നിര്‍ത്തുന്നതും കണ്ടു. നേരം വൈകി വീട്ടിലെത്താനുള്ള തത്രപ്പാടില്‍ അതൊരു സാധാരണ ആക്സിഡന്റാകുമെന്നു കരുതിയാണ് മുന്നോട്ട് പോയത്. അപ്പോഴും അകാരണമായ ഒരു ഭയമോ ആകുലതയോ ഉള്ളില്‍ പതുങ്ങിനില്പ്പുണ്ടായിരുന്നു. വെള്ളികുളങ്ങര ടൗണില്‍ റോഡിന്റെ ഒരുഭാഗത്തുനിന്ന് കൗമുദി ബാലകൃഷ്ണേട്ടന്(കൗമുദി വടകര ലേഖകന്‍) ഫോണില്‍ സംസാരിക്കുന്നത് കണ്ടപ്പോഴും ഓര്‍ത്തു, ആ ആക്സിഡന്റ് വാര്‍ത്ത പത്രത്തില്‍ വിളിച്ചുപറയുന്ന തിരക്കിലാകുമെന്ന്. ഓര്‍ക്കാട്ടേരിയില്‍ എത്തുമ്പോള്‍ അവിടെ പിറ്റേന്ന്(അഞ്ചിന്)നടക്കേണ്ട ഒരു ബേങ്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തോരണം തൂക്കുന്ന കുറച്ചുപേര്‍ റോഡിലുണ്ട്. ഞാന്‍ ഇറങ്ങിയതോടെ എല്ലാവരും എനിക്കു ചുറ്റും പൊതിഞ്ഞു. വള്ളിക്കാട് എന്താ സംഭവം? ഞാന്‍ പറഞ്ഞു എന്തുണ്ടാകാന്‍, ഒരു ആക്സിഡന്റുണ്ടെന്ന് തോന്നുന്നു, എന്താ നമ്മുടെ വല്ലവരും അപകടത്തില്‍ പെട്ടോ? അപ്പോള്‍തന്നെ ഒരാള്‍ പറഞ്ഞു നമ്മുടെ ടി.പി ഇപ്പോഴാണ് ഇവിടുന്ന് പോയത് അവനു നേരെ ആരോ ബോംബെറിഞ്ഞിട്ടുണ്ട്? അതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. സഹ മാധ്യമപ്രവര്‍ത്തകനും റവല്യൂഷണറി നേതാവു കൂടിയായ വി.കെ സുരേഷാണ്. നീയെവിടെയാ, വള്ളിക്കാട് വച്ച്് നമ്മുടെ ടി.പിയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്(കൊന്നിട്ടിട്ടുണ്ട് എന്ന് പറഞ്ഞ് അവന് നിലവിളിക്കുകയായിരുന്നു)എന്റെ ശരീരത്തിലൂടെ എന്തോ ഒരു വസ്തു വല്ലാതെ ചോര്‍ന്നുപോകുന്നു. ഞാന്‍ തിരുത്തി അങ്ങനെയൊന്നുമല്ലല്ലോ.. ഒരു ടുവീലര്‍ അവിടെ മലര്‍ന്നു കിടക്കുന്നുണ്ട്. വല്ല ആക്സിഡന്റുമാകില്ലേ....അതിനിടയില്‍ സുഹൃത്ത് കെ.കെ.ജയന് ടുവീലറുമായി വന്ന് മുന്നില്‍ നിര്‍ത്തി. ഞാന്‍ വള്ളിക്കാട്ടേക്ക് പോകയാ വണ്ടി ടി.പിയുടേതാണോ എന്ന്് ഉറപ്പ് വരുത്തണം. എന്നെ വിളിച്ചാല്‍ മതി. ഞാന്‍ അവന്റെ പിന്നില്‍ ചാടിക്കയറേണ്ടതാണ്. എന്നാല്‍ മനസ്സ് അനുവദിച്ചില്ല. കരുത്ത് ചോര്ന്നുപോയിക്കൊണ്ടേയിരുന്നു.... അത് ടി.പിയാണെങ്കിലോ?.. പിന്നീടുള്ള നിമിഷങ്ങള്‍ മനസ്സിനെ അവിശ്വസിപ്പിക്കാനായി നിരന്തരം പാടുപെട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ആരൊക്കെയോ വിളിക്കുന്നു. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു എന്നൊക്കെയുള്ള ചിലരുടെ പ്രയോഗം കേട്ട് ഞാന്‍ ക്ഷുഭിതനാകുന്നുണ്ട്. അപ്പോഴേക്കും എന്നെ ആരോ ടൂവീലറിന്റെ പിന്നില്‍ കയറ്റി വീട്ടിനു മുന്നിലെത്തിച്ചു. ചില മാധ്യമസുഹൃത്തുക്കളെ വിളിച്ചെങ്കിലും അവരും ഞെട്ടിത്തരിച്ച്, തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തു. വീട്ടിലെങ്ങിനെയോ എത്തി ടി വി തുറന്നതോടെ ആ സത്യം ലോകത്തോട് തുറന്നുപറയുന്നത് ഇന്ത്യാവിഷനില്‍ സുഹൃത്ത് സത്യനായിരുന്നു(അവനും വല്ലാതെ പാടുപെടുന്നത് കണ്ടു) അപ്പുറത്ത് ലൈനില്‍ സി.കെ വിജയനും. ഇവര്‍ക്കൊക്കെയും ടി.പിയെ അറിയാം. അതിന്റെ വേവലാതി അവരുടെ റിപ്പോര്‍ട്ടിംങ്ങില്‍ കണ്ടു......പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. എന്റെ ശരീരം തളര്‍ന്നുവീണു(പോളി ആര്‍ത്രൈറ്റിസ് എന്ന അസുഖം നേരത്തേ കഠിനമായി വന്നതിനാല്‍ എന്റെ ഞരമ്പുകള്‍ക്ക് അധികം ടെന്‍ഷന്‍ താങ്ങാനാകില്ലായിരുന്നു.) ഞാന്‍ നിര്‍ത്താതെ പൊട്ടിക്കരയുകയായിരുന്നു...വീട്ടുകാരൊക്കെ പിടിച്ചുനിര്‍ത്തിയിട്ടും അത് പിറ്റേന്ന് കാലത്തുവരെ തുടര്‍ന്നു എന്നാണ് തോന്നുന്നത്....എന്റെ മനസ്സിനെ മാത്രമല്ല ശരീരരത്തിന്റെ ഓരോ അണുവും പിടിച്ചുകുലുക്കിയ അനുഭവം ആദ്യത്തേതായിരുന്നു....(സത്യത്തില്‍ ഞാന്‍ വള്ളിക്കാട് എത്തുമ്പോള്‍ റോഡരുകിലെ ഇരുട്ടില്‍ ടി.പിയുടെ നിശ്ചലദേഹം കിടക്കുന്നുണ്ടായിരുന്നു, ഞാനവിടെ എത്തുന്നതിന് 10-15 ഓ മിനുട്ട് മുമ്പായിരിക്കും കൃത്യം നടത്തിയത്)
എന്റെ സുഹൃത്തുക്കളൊക്കെയും കോഴിക്കോട് മോര്‍ച്ചറി മുതല്‍ ഓര്‍ക്കാട്ടേരി വരെ ആ നിശ്ചലദേഹത്തെ അനുഗമിച്ചപ്പോള്‍ ഞാനൊരു ഭീരുവിനെപ്പോലെ കരഞ്ഞുകൊണ്ട് വീട്ടിലെ മുറിയിലിരുന്നു...പലരുടെയും ഫോണ്‍ എടുത്തില്ല. എടുക്കുമ്പോള്‍ അതുവരെ പിടിച്ചുനിര്‍ത്തിയ വേദന ഇടര്‍ച്ചയോടെ പുറത്തുചാടും... പിറ്റേന്ന് വൈകീട്ട് ഞങ്ങളുടെ സാംസ്ക്കാരിക ഇടപെടലിന്റെ കളിതൊട്ടിലായ കച്ചേരി മൈതാനിയില്‍ ടി.പിയുടെ നിശ്ചലദേഹം പൊതുദര്‍ശനത്തിന് വെക്കാനെത്തിയപ്പോള്‍ അവിടെ പോയി. വന്‍ ജനാവലിയുടെ തിരക്കില്‍നിന്ന് മാറി സുഹൃത്ത് വിനോദന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ച് പീടികകോലായില് ഇരിക്കുകമാത്രമാണ് ചെയ്തത്, തുന്നിക്കെട്ടി വികൃതമാക്കിയ മുഖം ഞാന്‍ നേരില്‍ കണ്ടില്ല....അങ്ങനെ ഞങ്ങളുടെ നാട്ടിലെ ആദ്യ കൊലപാതകം, ആ മൈതാനിയിലെ ആദ്യ പൊതുദര്‍ശനം....(ഇതേ മൈതാനിയില്‍ വച്ചാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് പുതിയ സംഘടന ഉണ്ടാക്കുന്ന കാര്യം ജനങ്ങളെ സാക്ഷിനിര്‍ത്തി മാധ്യമങ്ങളോട് ടി.പി വെട്ടിത്തുറന്ന് പറഞ്ഞത്.)എല്ലാവരും പിരഞ്ഞുപോയപ്പോള് ആ അരയാലിനു ചുവട്ടില്‍ ടി.പിയുടെ ഉശിരന്‍ ഫോട്ടോയും അതിനുകീഴെ വെളുത്തതുണിയില്‍ ചിതറിക്കിടക്കുന്ന രക്തപുഷ്പങ്ങളും നോക്കാന്‍ കഴിഞ്ഞില്ല...അത്രമാത്രം അനാഥത്വം തുളച്ചുകയറുന്നു......
ടി പി എന്റെ ബന്ധുവല്ല. ടി പിയുടെ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനുമല്ല ഞാന്‍.....എങ്കിലും എന്റെ ജീവിതത്തെ വലിയ തോതില്‍ നിര്‍ണ്ണയിക്കുന്നതിലും എന്റെ വിവാഹമടക്കമുള്ള കാര്യങ്ങള്‍ എന്റേതായി ശൈലിയില്‍ നടത്തിതരുന്നതിലും ഈ മനുഷ്യനും അദ്ദേഹവുമായ ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന എന്റെ ആത്മമിത്രങ്ങളും വഹിച്ച പങ്ക് വലുതായിരുന്നു. തികഞ്ഞ ആജ്ഞാശക്തിയും ഇച്ഛാധീരതയും ഉള്ള മനുഷ്യനായതിനാല്‍ നമ്മളൊന്ന് പറഞ്ഞാല്‍ അതില്‍ ന്യായവും നിലപാടുമുണ്ടെങ്കില്‍ അത് ടി.പി നടത്തിത്തരും. പ്രണയിച്ച് വീട്ടുകാരുടെ അനുമതിയൊന്നുമില്ലാതെ ഒറ്റപ്പെട്ടുപോയ എത്ര പേരുടെ വിവാഹം ടി.പി നത്തിയിട്ടുണ്ടാകുമെന്ന കണക്ക് ടി.പിയ്ക്കുപോലും ഓര്‍മ്മ കാണില്ല. എന്റെ ജീവിതത്തില്‍ വന്നുപെടുന്ന പല പ്രതിസന്ധിഘട്ടങ്ങളിലും തുറന്നുപറയാനും പരിഹാരം തേടാനും ജ്യേഷ്ഠതുല്യമായ സ്ഥാനവും ടി പിയ്ക്ക് നല്‍കിയിരുന്നു. ആര്‍ക്ക് അസുഖം വന്നാലും ഏത് ഡോക്ടറെ കാണിക്കണം എവിടെ കാണിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞുതരും.... മരണത്തിന്റെ തലേന്ന് വരെ കണ്ടുപിരിഞ്ഞതാണ്. നാദാപുരം റോഡില്‍ സുഹൃത്തിന്റെ കല്യാണവീട്ടില്‍ ഗായകന് വി.ടി മുരളിയുമായി ഞാന്‍ സംസാരിക്കവെ എനിക്കടുത്തേക്ക് വന്ന് വി.ടി മുരളിക്ക് കൈകൊടുത്തുകൊണ്ട് എന്നെ നോക്കി 'മാധ്യമസിണ്ടിക്കേറ്റ്' എന്ന സ്ഥിരം കളിയാക്കല്‍ നടത്തി പിരഞ്ഞ മുഖം. എന്തു പുതിയ കാര്യങ്ങളും അറിയാന്‍ അത് ഏത് ചെറിയ ആളോ വലിയ ആളോ ആയാലും ചെവി കൊടുക്കും.(നിരന്തരം അറിവ് പുതുക്കാനുള്ള കഴിവ്) മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ അത്തരത്തില്‍ ചില മെറ്റീരിയലുകള്‍ എന്നോടും ആവശ്യപ്പെടാറുണ്ട്. പിന്നീട് ഏതെങ്കിലും പ്രസംഗവേദിയില്‍ അതേ വിഷയം സുന്ദരമായി അവതരിപ്പിക്കുന്നത് കണ്ടാല്‍ ആ വിവരം പറഞ്ഞുകൊടുത്തവര്പോലും അന്തിച്ചുപോകും, അത്ര ഭംഗിയോടെയും വസ്തുതയുടെ പിന്‍ബലത്തോടെയും ഏറ്റവും പുതിയ കാര്യങ്ങള്‍പോലും അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ അപാരകഴിവുണ്ടായിരുന്നു. ഇനി രാത്രിയില്‍ വൈകി ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തിലേതെങ്കിലും ഒറ്റയ്ക്ക് ഓര്‍ക്കാട്ടേരി ടൗണില്‍ ഇറങ്ങുമ്പോള്‍ ആ പീടികകോലായില് സിഗരറ്റ് വലിച്ച് തന്റെ ആത്മമിത്രമായ ബൈക്കില്‍ ചാരിനില്ക്കുന്ന, അല്ലെങ്കില്‍ ബാലേട്ടന്റെ തട്ടുകടയില്‍ നിന്നുള്ള ചൂടുകട്ടന് ചായ കുടിച്ച് സഹപ്രവര്‍ത്തകരോട് തമാശ പറഞ്ഞ് ചിരിക്കുന്ന, 'മാധ്യമസിണ്ടിക്കേറ്റിനും ഒന്നെടുക്കട്ടേ' എന്ന് ചോദിക്കുന്ന ടി.പി ഇല്ലെന്നത് ഒട്ടും ബോധ്യമാകുന്നില്ല.......ചില വേര്‍പാടുകള്‍ ജീവിത അവസാനം വരെ മരണമാണെന്ന് ബോധ്യപ്പെടുത്താനാകില്ലെന്ന് ആരോ പറഞ്ഞുകേട്ടു. അതെ അതിനെയാണല്ലോ അമരത്വം എന്നൊക്കെ നാം ഭാഷയില്‍ വിളിച്ചുപോന്നത്.....എങ്കിലും ആ നഷ്ടം എന്റെ നാടിന്റെ ആത്മവിശ്വാസം വല്ലാതെ ചോര്‍ത്തിക്കളഞ്ഞോ,,,,അല്ലെങ്കില്‍ ടി.പിയുടെ ഓര്‍മ്മകള്‍ അതിലും വലിയ ആത്മവിശ്വാസമായി ഞങ്ങളെ നയിക്കുമോ....അത് കാലമാണ് തെളിയിക്കേണ്ടത്....ലാല്‍സലാം സഖാവേ......
Subscribe to:
Post Comments (Atom)
No comments:
Post a Comment