നിഴല്‍
Wednesday, August 21, 2013
Tuesday, June 19, 2012
നിഴല്‍: ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....
നിഴല്‍: ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....: 1 - ഒഞ്ചിയം സമരസേനാനി മനയ്ക്കല്‍ താഴെ ഗോവിന്ദനെ കടുത്ത അസുഖബാധയെതുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവ...
ദൈവത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്....
1- ഒഞ്ചിയം സമരസേനാനി മനയ്ക്കല്‍ താഴെ ഗോവിന്ദനെ കടുത്ത അസുഖബാധയെതുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിച്ചു. വയസ്സ് 83. മാസങ്ങള്‍ക്കു മുമ്പുവരെ സി.പി.എം എടക്കണ്ടി ബ്രാഞ്ച് അംഗമായിരുന്ന അദ്ദേഹം വിമത സി.പി.എമ്മുകാര്‍ക്കൊപ്പം അവസാനാളിലാണ് ചേര്‍ന്നത്. പള്‍സ് ബീറ്റ് നന്നെ കുറയുന്നതാണ് അസുഖം. പ്രായാധിക്യവും ഉള്ളതിനാല്‍ വലിയ പ്രതീക്ഷയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. പേസ്‌മേക്കറിന്റെ സഹായത്തോടെയായിരുന്നു അതിജീവനം. ഇത്രയൊക്കെയുള്ളപ്പോഴും 1948ലെ ഒഞ്ചിയം വെടിവെപ്പ് നാളിന്റെ ഓര്‍മ്മയും വീര്യവും അപ്പോഴും അദ്ദേഹത്തിന്റെ മനകരുത്തിന് കൂട്ടുണ്ട്. ഡോക്ടര്‍ അരുതെന്ന് പറഞ്ഞിട്ടും ഐ.സി.യുവില്‍ ആരെങ്കിലും ചെന്നാല്‍ സംസാരത്തിന് ഒരു കുറവുമില്ല. ഞാനും സുഹൃത്തും ആശുപത്രിയില്‍ എത്തിയപ്പോള്‍ പുറത്ത് വരാന്തയില്‍ ടി.പി നില്‍ക്കുന്നു. പ്രതീക്ഷ കുറവാണെങ്കിലും ശരീരത്തിനുള്ളില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചാല്‍ കുറച്ചുകാലത്തേക്ക് ജീവിന്‍ നിലനിര്‍ത്താമെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടെന്ന് ടി.പി പറഞ്ഞു. എത്ര കാലം എന്ന് ഉറപ്പ് തരാനും പറ്റില്ലത്രെ. ഉപകരണം ഘടിപ്പിക്കണമെങ്കില്‍ ഒരു ലക്ഷത്തിനടുത്ത് തുക വേണമെന്ന് ടി.പി പറഞ്ഞപ്പോള്‍ ഏത് നിമിഷവും മരിച്ചേക്കാവുന്ന ആള്‍ക്ക് ഇത്ര പണം ചെലവഴിച്ച് ഉപകരണം ഘടിപ്പിക്കണോ എന്ന സംശയം എന്നിലുദിച്ചു. പ്രത്യേകിച്ച് അവരുടെ കുടുംബം വലിയ സാമ്പത്തികശേഷി ഇല്ലാത്തപ്പോള്‍ അതും ടി.പിയുടേയോ സംഘടനയുടെയോ തലയില്‍ വരുമെന്ന് ഉറപ്പുള്ളതിനാല്‍. ഞാനക്കാര്യം സൂചിപ്പിച്ചപ്പോള്‍ അധികം ആലോചിക്കാതെ ടി.പി പറഞ്ഞത് ഇങ്ങനെയാണ്. ''അതു ചെയ്തിരുന്നെങ്കില്‍ ഗോവിന്ദേട്ടന്‍ ജീവിക്കുമായിരുന്നേനെ എന്ന് പിന്നീട് ഒരു കുറ്റബോധം വേണ്ടതില്ല, പണം എവിടെന്നെങ്കിലും ശരിയാക്കാം''. ടി.പി ഒരു തീരുമാനമെടുത്താല്‍ അത് നടന്നിരിക്കും. എവിടുന്നൊക്കെയോ പണം സംഘടിപ്പിച്ച് ഉപകരണം ശരീരത്തിനുള്ളില്‍ ഫിറ്റ് ചെയ്തു. എന്നാല്‍ രണ്ടുമാസത്തിനധികം ആ ധീരസഖാവ് ജീവിച്ചിരുന്നില്ല.(ഒഞ്ചിയത്ത് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്ന വേളയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന മൂന്ന് രക്തസാക്ഷിസഖാക്കളില്‍ പുറവില്‍ കണ്ണന്‍, പടിഞ്ഞാറ്റോടി കണ്ണന്‍ എന്നിവര്‍ മാത്രമാണ് റവലൂഷണറിയോടൊപ്പം ചേര്‍ന്നത്. അന്ന് സി.പി.എമ്മിനെ തള്ളിപ്പറയാതെ മൗനം പൂണ്ടിരുന്നയാളായ മനയ്ക്കല്‍ താഴെ ഗോവിന്ദന്‍ ജീവിതത്തിന്റെ അവസാനവേളയിലാണ് വിമതരോടൊപ്പം ചേര്‍ന്നത് എന്നോര്‍ക്കണം, എന്നിട്ടും അസുഖബാധിതനായ വേളയില്‍ വന്‍ആസ്തിയുള്ള സി.പി.എം ഗോവിന്ദേട്ടനെ തിരിഞ്ഞുനോക്കിയില്ല.)
മനയ്ക്കല്‍ താഴെ ഗോവിന്ദന്‍
2- ഓര്‍ക്കാട്ടേരിയില്‍ ടി.പിയെയും കൂട്ടാളികളെയും എന്നും എതിര്‍ത്തുപോന്നിരുന്ന പ്രായമുള്ള കണിശക്കാരനായ സി.പി.എം നേതാവുണ്ടായിരുന്നു.(പേര് പറയാത്തത് അദ്ദേഹത്തിന്റെ മക്കളെക്കൊണ്ട് നിഷേധക്കുറിപ്പ് സി.പി.എം ഇറപ്പിക്കുമെന്നതിനാല്‍) അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി റവലൂഷണറിയെ സി.പി.എം നന്നായി ദ്രോഹിച്ചുപോന്നിരുന്നു. സഖാവിന് അര്‍ബുദം ബാധിച്ചതോടെ സീജവപ്രവര്‍ത്തനം ഇല്ലാതായി. രോഗം മൂര്‍ച്ചിച്ചതോടെ പലരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുമുണ്ടായി(കാരണം സി.പിഎമ്മുകാര്‍ എന്നു പറയാന്‍ ഓര്‍ക്കാട്ടേരിയില്‍ ആളുകള്‍ നന്നെ കുറവായിരുന്നു. ഉള്ളതാകട്ടെ ഇപ്പോള്‍ ടി.പി വധക്കേസില്‍ പ്രതിയായ മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത പടയംങ്കണ്ടി രവീന്ദ്രനെപോലുള്ളവരുമാണ്). ആയിടെ ആരോ മുഖേനെ ആ സഖാവ് ടി.പിയെയും എന്‍ വേണുവിനെയുമൊക്കെ കാണണമെന്ന് ആവശ്യമുന്നയിച്ചു. ഇത് കേട്ടതും ഏത്രയോ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ച പ്രായം ചെന്ന സഖാവിനെ കാണാന്‍ ടി.പി ഓടിയെത്തി. ടി.പി അദ്ദേഹത്തെ താങ്ങി കിടക്കയില്‍ ഇരുത്തിക്കുമ്പോഴേക്ക് ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ടി.പിക്കെതിരെയും നല്ലവരായ പുറത്തുപോയ സഖാക്കള്‍ക്കുമെതിരെയും ചെയ്യേണ്ടിവന്ന കാര്യമടക്കം പലതും പറഞ്ഞ് ആ മനുഷ്യന്‍ കുമ്പസരിച്ചു. പിന്നീട് ആ സഖാവിനെ പരിചരിക്കാനും വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കാനും ടി.പിയും കൂട്ടരുമെത്താന്‍ തുടങ്ങി. മരണവാര്‍ത്ത അറിഞ്ഞപ്പോഴും വീട്ടിലെ കാര്യങ്ങളില്‍ മുന്നിട്ടുനിന്നു. എന്നാല്‍ അധികം താമസിയാതെ ജില്ലാനേതാക്കളടക്കം അവിടയെത്തി സാവധാനം ആ വീടിന്റെ നിയന്ത്രണം സി.പി.എം കൈയടക്കി. അന്ന് സംസ്‌ക്കാരചടങ്ങിനുശേഷം ഓര്‍ക്കാട്ടേരി ടൗണില്‍ നടന്ന സര്‍വ്വകക്ഷിപൊതുയോഗത്തില്‍ ബി.ജെ.പിക്കാരെ പോലും പങ്കെടുപ്പിച്ചപ്പോള്‍ ടി.പിയെയും കൂട്ടരെയും സി.പി.എം വിളിച്ചില്ല. യാതൊരു പരിഭവവുമില്ലാതെ ടി.പി പുതിയ വിഷയങ്ങളിലേക്ക് മുഴുകുക മാത്രം ചെയ്തു.
3- സി.പി.എം വിട്ടവരോട് ആ പാര്‍ട്ടി പുലര്‍ത്തിപ്പോന്ന ദ്രോഹവും അതിക്രമവും അസഹിഷ്ണുതയുമൊക്കെ നിരവധിയായിരുന്നു. എന്നാല്‍ ഒരു കാലത്ത് പുതിയ പാട്ടിയിലേക്ക് മനംമാറി വരേണ്ടവരാണ് സി.പി.എം അണികളെന്നും അതിനാല്‍ അവരോട് മോശമായ യാതൊരു സമീപനവും റവലൂഷണറി പ്രവര്‍ത്തകര്‍ പുലര്‍ത്തരുതെന്നും ടി.പിക്ക് നിഷ്‌ക്കര്‍ഷയുണ്ടായിരുന്നു. അതുകൊണ്ടാകുമല്ലോ യൂദാസിന്റെ വേഷത്തില്‍ പടയംങ്കണ്ടി രവീന്ദ്രന്‍ എന്ന പഴയ സഹപ്രവര്‍ത്തകന്‍(റവലൂഷണറിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സി.പി.എം വ്യക്തിത്വം) അദ്ദേഹത്തിന്റെ ഗൃഹപ്രവേശം ക്ഷണിക്കാന്‍ ടി.പിയ്ക്ക് അടുത്തേക്ക് പോയതും സ്വതസിദ്ധമായ ചിരിയോടെ സന്ദേഹമൊട്ടുമില്ലാതെ ടി.പി ആ കത്ത് വാങ്ങിച്ചതും. (ദൂരെ അപരിചിതരെപ്പോലെ മാറിനിന്ന കൊലയാളി സംഘത്തിലെ കണ്ണിക്ക് ടി.പിയുടെ മുഖം പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണ് അന്ന് കത്ത് കൊടുക്കാന്‍ തീരുമാനിച്ചത് എന്നാണ് അറസ്റ്റില്‍ കഴിയുന്ന രവീന്ദ്രന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്). രവീന്ദ്രന്റെ കല്യാണാവശ്യാര്‍ത്ഥം പെണ്ണു കാണാന്‍ കൂടെപോയതും കല്യാണം കഴിയുന്നതുവരെയുള്ള കാര്യങ്ങള്‍ നിവര്‍ത്തിച്ചതും ചന്ദ്രശേഖരനാണെന്ന് ഇപ്പോള്‍ ടി.പിയുടെ വിധവ രമ പറയുന്നതും നമ്മള്‍ കേട്ടില്ലേ.
മനുഷ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥ സാമൂഹ്യ ഇടപെടലിന്റെയും ഇത്തരം നിരവധി കഥകള്‍ ടി.പിയെക്കുറിച്ച് പറയാനുണ്ടാകും. അതിന്റെ ഗുണഭോക്താക്കളായവരെല്ലാം കമ്മ്യണിസ്റ്റുകാര്‍ മാത്രം ആകണമെന്നില്ല.... ഒരു നാടിന്റെ സ്പന്ദനവും താങ്ങുമായ മനുഷ്യനെ ഒരു കൂട്ടം കാപാലികര്‍ വെട്ടിനുറുക്കുകയോ...!!? അങ്ങനെയൊരു വാര്‍ത്ത കേട്ട നാട്ടിലെ നിരീശ്വരവാദികളല്ലാത്തവര്‍പോലും ഒരുവേളയോ അതില്‍കൂടുതലോ നേരം ദൈവത്തെപോലും നിന്ദിച്ചുപോയിട്ടുണ്ടാകും......ഇത്ര ക്രൂരനാണോ ദൈവമെങ്കില്‍ അത്തരത്തിലൊരീശനെ ചവിട്ടീടേണ്ടൂ എന്ന് വൈലോപ്പിള്ളി സൂചിപ്പിച്ചതുപോലെ പലരും വെറുത്തുപോയിട്ടുണ്ടായിട്ടുണ്ടാകും, ആത്മനിന്ദയിലാണ്ടുപോയിട്ടുണ്ടാകും......
കറങ്ങുന്ന വീലും അണയാത്ത ഇന്‍ഡിക്കേറ്ററും......
മെയ് നാലിന് ഓവര്‍ടൈം നൈറ്റ് ഡ്യൂട്ടി എടുത്തതിനാല്‍ കോഴിക്കോട് നിന്ന് രാത്രി 9.15ന്റെ ഇന്റര്‍സിറ്റിക്കാണ് വടകരയിലേക്ക് തിരിച്ചത്. 10.10 ഓടെ വടകരയില്‍ ഇറങ്ങി ബസ്‌റ്റോപ്പിലേക്ക് നടക്കവെ പാതിവഴിയില്‍ വച്ചാണ് ഓര്‍ക്കാട്ടേരി-നാദാപുരം എന്ന് വിളിച്ചുകൊണ്ട് ഒരു ഓട്ടോ റോഡരികില്‍ നില്‍ക്കുന്നത് കണ്ടത്. ആദ്യം ശങ്കിച്ചെങ്കിലും ഓര്‍ക്കാട്ടേരിയിലേക്ക് 30 രൂപയെന്ന് പറഞ്ഞ് ഉറപ്പിച്ചതോടെ അതില്‍ കയറി. കൈനാട്ടിയില്‍ എത്തുന്നതിനകം വണ്ടിയില്‍ മറ്റു ചിലരും കയറി. കൈനാട്ടി റയില്‍വെഗേറ്റ് കഴിഞ്ഞ് വള്ളിക്കാട് എത്തുമ്പോഴേക്ക് സമയം ഏകദേശം 10.25 ഓ മറ്റോ ആയിക്കാണും. പൊതുവെ രാത്രിയില്‍ വെളിച്ചം നന്നേ കുറഞ്ഞ് ആളൊഴിഞ്ഞ് കിടക്കുന്ന ടൗണാണ് വള്ളിക്കാട്. ഇരുട്ടിനെ മുറിച്ച് ഓട്ടോ മുന്നേറുമ്പോള്‍ കുറച്ചുപേര്‍ അവിടവിടെ കൂടിനിന്ന് സംസാരിക്കുന്നത് കണ്ടു. അവിടെ ഇടയ്ക്ക് രാഷ്ട്രീയസംഘട്ടനം നടക്കാറുള്ളതിനാല്‍ അങ്ങിനെയെന്തോ വീണ്ടുമുണ്ടായോ എന്ന് ഉള്ളില്‍ ഭീതി മുളച്ചു. ടൗണ്‍ അവസാനിക്കുന്നിടത്ത് ഒരു ബൈക്ക് ഇന്റിക്കേറ്റര്‍ കത്തിക്കൊണ്ട് മലര്‍ന്നടിച്ചു വീണ് കിടക്കുന്നു. അപ്പോഴും വീല്‍ കറങ്ങുന്നുണ്ടെന്നാണ് ഓര്‍മ്മ. ഓട്ടോ അല്‍പ്പം വേഗത കുറച്ചതോടെ ഓട്ടോക്കാരന്‍തന്നെ പറഞ്ഞു. ആക്‌സിഡന്റാണെന്ന് തോന്നുന്നു. അതോടെ വണ്ടി വേഗം മുന്നോട്ട് കുതിച്ചു. അതിനിടയില്‍ ഓട്ടോയെ മറികടന്നു പോയ ഒരു പൊലീസ് ജീപ്പ് അവിടെ ബ്രേക്കിട്ട് നിര്‍ത്തുന്നതും കണ്ടു. നേരം വൈകി വീട്ടിലെത്താനുള്ള തത്രപ്പാടില്‍ അതൊരു സാധാരണ ആക്‌സിഡന്റാകുമെന്നു കരുതിയാണ് മുന്നോട്ട് പോയത്. അപ്പോഴും അകാരണമായ ഒരു ഭയമോ ആകുലതയോ ഉള്ളില്‍ പതുങ്ങിനില്‍പ്പുണ്ടായിരുന്നു. വെള്ളികുളങ്ങര ടൗണില്‍ റോഡിന്റെ ഒരുഭാഗത്തുനിന്ന് കൗമുദി ബാലകൃഷ്‌ണേട്ടന്‍(കൗമുദി വടകര ലേഖകന്‍) ഫോണില്‍ സംസാരിക്കുന്നത് കണ്ടപ്പോഴും ഓര്‍ത്തു, ആ ആക്‌സിഡന്റ് വാര്‍ത്ത പത്രത്തില്‍ വിളിച്ചുപറയുന്ന തിരക്കിലാകുമെന്ന്. ഓര്‍ക്കാട്ടേരിയില്‍ എത്തുമ്പോള്‍ അവിടെ പിറ്റേന്ന്(അഞ്ചിന്)നടക്കേണ്ട ഒരു ബേങ്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തോരണം തൂക്കുന്ന കുറച്ചുപേര്‍ റോഡിലുണ്ട്. ഞാന്‍ ഇറങ്ങിയതോടെ എല്ലാവരും എനിക്കു ചുറ്റും പൊതിഞ്ഞു. വള്ളിക്കാട് എന്താ സംഭവം? ഞാന്‍ പറഞ്ഞു എന്തുണ്ടാകാന്‍, ഒരു ആക്‌സിഡന്റുണ്ടെന്ന് തോന്നുന്നു, എന്താ നമ്മുടെ വല്ലവരും അപകടത്തില്‍ പെട്ടോ? അപ്പോള്‍തന്നെ ഒരാള്‍ പറഞ്ഞു നമ്മുടെ ടി.പി ഇപ്പോഴാണ് ഇവിടുന്ന് പോയത് അവനു നേരെ ആരോ ബോംബെറിഞ്ഞിട്ടുണ്ട്? അതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. സഹ മാധ്യമപ്രവര്‍ത്തകനും റവല്യൂഷണറി നേതാവു കൂടിയായ വി.കെ സുരേഷാണ്. നീയെവിടെയാ, വള്ളിക്കാട് വച്ച്് നമ്മുടെ ടി.പിയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്(കൊന്നിട്ടിട്ടുണ്ട് എന്ന് പറഞ്ഞ് അവന്‍ നിലവിളിക്കുകയായിരുന്നു)എന്റെ ശരീരത്തിലൂടെ എന്തോ ഒരു വസ്തു വല്ലാതെ ചോര്‍ന്നുപോകുന്നു. ഞാന്‍ തിരുത്തി അങ്ങനെയൊന്നുമല്ലല്ലോ.. ഒരു ടുവീലര്‍ അവിടെ മലര്‍ന്നു കിടക്കുന്നുണ്ട്. വല്ല ആക്‌സിഡന്റുമാകില്ലേ....അതിനിടയില്‍ സുഹൃത്ത് കെ.കെ.ജയന്‍ ടുവീലറുമായി വന്ന് മുന്നില്‍ നിര്‍ത്തി. ഞാന്‍ വള്ളിക്കാട്ടേക്ക് പോകയാ വണ്ടി ടി.പിയുടേതാണോ എന്ന്് ഉറപ്പ് വരുത്തണം. എന്നെ വിളിച്ചാല്‍ മതി. ഞാന്‍ അവന്റെ പിന്നില്‍ ചാടിക്കയറേണ്ടതാണ്. എന്നാല്‍ മനസ്സ് അനുവദിച്ചില്ല. കരുത്ത് ചോര്‍ന്നുപോയിക്കൊണ്ടേയിരുന്നു.... അത് ടി.പിയാണെങ്കിലോ?.. പിന്നീടുള്ള നിമിഷങ്ങള്‍ മനസ്സിനെ അവിശ്വസിപ്പിക്കാനായി നിരന്തരം പാടുപെട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ആരൊക്കെയോ വിളിക്കുന്നു. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു എന്നൊക്കെയുള്ള ചിലരുടെ പ്രയോഗം കേട്ട് ഞാന്‍ ക്ഷുഭിതനാകുന്നുണ്ട്. അപ്പോഴേക്കും എന്നെ ആരോ ടൂവീലറിന്റെ പിന്നില്‍ കയറ്റി വീട്ടിനു മുന്നിലെത്തിച്ചു. ചില മാധ്യമസുഹൃത്തുക്കളെ വിളിച്ചെങ്കിലും അവരും ഞെട്ടിത്തരിച്ച്, തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തു. വീട്ടിലെങ്ങിനെയോ എത്തി ടി വി തുറന്നതോടെ ആ സത്യം ലോകത്തോട് തുറന്നുപറയുന്നത് ഇന്ത്യാവിഷനില്‍ സുഹൃത്ത് സത്യനായിരുന്നു(അവനും വല്ലാതെ പാടുപെടുന്നത് കണ്ടു) അപ്പുറത്ത് ലൈനില്‍ സി.കെ വിജയനും. ഇവര്‍ക്കൊക്കെയും ടി.പിയെ അറിയാം. അതിന്റെ വേവലാതി അവരുടെ റിപ്പോര്‍ട്ടിംങ്ങില്‍ കണ്ടു......പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. എന്റെ ശരീരം തളര്‍ന്നുവീണു(പോളി ആര്‍ത്രൈറ്റിസ് എന്ന അസുഖം നേരത്തേ കഠിനമായി വന്നതിനാല്‍ എന്റെ ഞരമ്പുകള്‍ക്ക് അധികം ടെന്‍ഷന്‍ താങ്ങാനാകില്ലായിരുന്നു.) ഞാന്‍ നിര്‍ത്താതെ പൊട്ടിക്കരയുകയായിരുന്നു...വീട്ടുകാരൊക്കെ പിടിച്ചുനിര്‍ത്തിയിട്ടും അത് പിറ്റേന്ന് കാലത്തുവരെ തുടര്‍ന്നു എന്നാണ് തോന്നുന്നത്....എന്റെ മനസ്സിനെ മാത്രമല്ല ശരീരരത്തിന്റെ ഓരോ അണുവും പിടിച്ചുകുലുക്കിയ അനുഭവം ആദ്യത്തേതായിരുന്നു....(സത്യത്തില്‍ ഞാന്‍ വള്ളിക്കാട് എത്തുമ്പോള്‍ റോഡരുകിലെ ഇരുട്ടില്‍ ടി.പിയുടെ നിശ്ചലദേഹം കിടക്കുന്നുണ്ടായിരുന്നു, ഞാനവിടെ എത്തുന്നതിന് 10-15 ഓ മിനുട്ട് മുമ്പായിരിക്കും കൃത്യം നടത്തിയത്)
എന്റെ സുഹൃത്തുക്കളൊക്കെയും കോഴിക്കോട് മോര്‍ച്ചറി മുതല്‍ ഓര്‍ക്കാട്ടേരി വരെ ആ നിശ്ചലദേഹത്തെ അനുഗമിച്ചപ്പോള്‍ ഞാനൊരു ഭീരുവിനെപ്പോലെ കരഞ്ഞുകൊണ്ട് വീട്ടിലെ മുറിയിലിരുന്നു...പലരുടെയും ഫോണ്‍ എടുത്തില്ല. എടുക്കുമ്പോള്‍ അതുവരെ പിടിച്ചുനിര്‍ത്തിയ വേദന ഇടര്‍ച്ചയോടെ പുറത്തുചാടും... പിറ്റേന്ന് വൈകീട്ട് ഞങ്ങളുടെ സാംസ്‌ക്കാരിക ഇടപെടലിന്റെ കളിതൊട്ടിലായ കച്ചേരി മൈതാനിയില്‍ ടി.പിയുടെ നിശ്ചലദേഹം പൊതുദര്‍ശനത്തിന് വെക്കാനെത്തിയപ്പോള്‍ അവിടെ പോയി. വന്‍ ജനാവലിയുടെ തിരക്കില്‍നിന്ന് മാറി സുഹൃത്ത് വിനോദന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ച് പീടികകോലായില്‍ ഇരിക്കുകമാത്രമാണ് ചെയ്തത്, തുന്നിക്കെട്ടി വികൃതമാക്കിയ മുഖം ഞാന്‍ നേരില്‍ കണ്ടില്ല....അങ്ങനെ ഞങ്ങളുടെ നാട്ടിലെ ആദ്യ കൊലപാതകം, ആ മൈതാനിയിലെ ആദ്യ പൊതുദര്‍ശനം....(ഇതേ മൈതാനിയില്‍ വച്ചാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് പുതിയ സംഘടന ഉണ്ടാക്കുന്ന കാര്യം ജനങ്ങളെ സാക്ഷിനിര്‍ത്തി മാധ്യമങ്ങളോട് ടി.പി വെട്ടിത്തുറന്ന് പറഞ്ഞത്.)എല്ലാവരും പിരഞ്ഞുപോയപ്പോള്‍ ആ അരയാലിനു ചുവട്ടില്‍ ടി.പിയുടെ ഉശിരന്‍ ഫോട്ടോയും അതിനുകീഴെ വെളുത്തതുണിയില്‍ ചിതറിക്കിടക്കുന്ന രക്തപുഷ്പങ്ങളും നോക്കാന്‍ കഴിഞ്ഞില്ല...അത്രമാത്രം അനാഥത്വം തുളച്ചുകയറുന്നു......
ടി പി എന്റെ ബന്ധുവല്ല. ടി പിയുടെ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനുമല്ല ഞാന്‍.....എങ്കിലും എന്റെ ജീവിതത്തെ വലിയ തോതില്‍ നിര്‍ണ്ണയിക്കുന്നതിലും എന്റെ വിവാഹമടക്കമുള്ള കാര്യങ്ങള്‍ എന്റേതായി ശൈലിയില്‍ നടത്തിതരുന്നതിലും ഈ മനുഷ്യനും അദ്ദേഹവുമായ ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന എന്റെ ആത്മമിത്രങ്ങളും വഹിച്ച പങ്ക് വലുതായിരുന്നു. തികഞ്ഞ ആജ്ഞാശക്തിയും ഇച്ഛാധീരതയും ഉള്ള മനുഷ്യനായതിനാല്‍ നമ്മളൊന്ന് പറഞ്ഞാല്‍ അതില്‍ ന്യായവും നിലപാടുമുണ്ടെങ്കില്‍ അത് ടി.പി നടത്തിത്തരും. പ്രണയിച്ച് വീട്ടുകാരുടെ അനുമതിയൊന്നുമില്ലാതെ ഒറ്റപ്പെട്ടുപോയ എത്ര പേരുടെ വിവാഹം ടി.പി നത്തിയിട്ടുണ്ടാകുമെന്ന കണക്ക് ടി.പിയ്ക്കുപോലും ഓര്‍മ്മ കാണില്ല. എന്റെ ജീവിതത്തില്‍ വന്നുപെടുന്ന പല പ്രതിസന്ധിഘട്ടങ്ങളിലും തുറന്നുപറയാനും പരിഹാരം തേടാനും ജ്യേഷ്ഠതുല്യമായ സ്ഥാനവും ടി പിയ്ക്ക് നല്‍കിയിരുന്നു. ആര്‍ക്ക് അസുഖം വന്നാലും ഏത് ഡോക്ടറെ കാണിക്കണം എവിടെ കാണിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞുതരും.... മരണത്തിന്റെ തലേന്ന് വരെ കണ്ടുപിരിഞ്ഞതാണ്. നാദാപുരം റോഡില്‍ സുഹൃത്തിന്റെ കല്യാണവീട്ടില്‍ ഗായകന്‍ വി.ടി മുരളിയുമായി ഞാന്‍ സംസാരിക്കവെ എനിക്കടുത്തേക്ക് വന്ന് വി.ടി മുരളിക്ക് കൈകൊടുത്തുകൊണ്ട് എന്നെ നോക്കി 'മാധ്യമസിണ്ടിക്കേറ്റ്' എന്ന സ്ഥിരം കളിയാക്കല്‍ നടത്തി പിരഞ്ഞ മുഖം. എന്തു പുതിയ കാര്യങ്ങളും അറിയാന്‍ അത് ഏത് ചെറിയ ആളോ വലിയ ആളോ ആയാലും ചെവി കൊടുക്കും.(നിരന്തരം അറിവ് പുതുക്കാനുള്ള കഴിവ്) മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത്തരത്തില്‍ ചില മെറ്റീരിയലുകള്‍ എന്നോടും ആവശ്യപ്പെടാറുണ്ട്. പിന്നീട് ഏതെങ്കിലും പ്രസംഗവേദിയില്‍ അതേ വിഷയം സുന്ദരമായി അവതരിപ്പിക്കുന്നത് കണ്ടാല്‍ ആ വിവരം പറഞ്ഞുകൊടുത്തവര്‍പോലും അന്തിച്ചുപോകും, അത്ര ഭംഗിയോടെയും വസ്തുതയുടെ പിന്‍ബലത്തോടെയും ഏറ്റവും പുതിയ കാര്യങ്ങള്‍പോലും അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ അപാരകഴിവുണ്ടായിരുന്നു. ഇനി രാത്രിയില്‍ വൈകി ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തിലേതെങ്കിലും ഒറ്റയ്ക്ക് ഓര്‍ക്കാട്ടേരി ടൗണില്‍ ഇറങ്ങുമ്പോള്‍ ആ പീടികകോലായില്‍ സിഗരറ്റ് വലിച്ച് തന്റെ ആത്മമിത്രമായ ബൈക്കില്‍ ചാരിനില്‍ക്കുന്ന, അല്ലെങ്കില്‍ ബാലേട്ടന്റെ തട്ടുകടയില്‍ നിന്നുള്ള ചൂടുകട്ടന്‍ ചായ കുടിച്ച് സഹപ്രവര്‍ത്തകരോട് തമാശ പറഞ്ഞ് ചിരിക്കുന്ന, 'മാധ്യമസിണ്ടിക്കേറ്റിനും ഒന്നെടുക്കട്ടേ' എന്ന് ചോദിക്കുന്ന ടി.പി ഇല്ലെന്നത് ഒട്ടും ബോധ്യമാകുന്നില്ല.......ചില വേര്‍പാടുകള്‍ ജീവിത അവസാനം വരെ മരണമാണെന്ന് ബോധ്യപ്പെടുത്താനാകില്ലെന്ന് ആരോ പറഞ്ഞുകേട്ടു. അതെ അതിനെയാണല്ലോ അമരത്വം എന്നൊക്കെ നാം ഭാഷയില്‍ വിളിച്ചുപോന്നത്.....എങ്കിലും ആ നഷ്ടം എന്റെ നാടിന്റെ ആത്മവിശ്വാസം വല്ലാതെ ചോര്‍ത്തിക്കളഞ്ഞോ,,,,അല്ലെങ്കില്‍ ടി.പിയുടെ ഓര്‍മ്മകള്‍ അതിലും വലിയ ആത്മവിശ്വാസമായി ഞങ്ങളെ നയിക്കുമോ....അത് കാലമാണ് തെളിയിക്കേണ്ടത്....ലാല്‍സലാം സഖാവേ......
Monday, April 9, 2012
നിഴല്‍: ലിപിയില്ലാത്ത ജീവിതങ്ങള്‍
നിഴല്‍: ലിപിയില്ലാത്ത ജീവിതങ്ങള്‍: (നാടകത്തിലൂടെ സിനിമാലോകത്തെത്തി ബ്യാരി സിനിമയ്ക്ക് ദേശീയ അംഗീകാരവും കരസ്ഥമാക്കിയ വടകരക്കാരന്‍ സുവീരന്റെ കലാപഭരിതമായ ജീവിതകഥ) .................
ലിപിയില്ലാത്ത ജീവിതങ്ങള്‍
(നാടകത്തിലൂടെ സിനിമാലോകത്തെത്തി ബ്യാരി സിനിമയ്ക്ക് ദേശീയ അംഗീകാരവും കരസ്ഥമാക്കിയ വടകരക്കാരന്‍ സുവീരന്റെ കലാപഭരിതമായ ജീവിതകഥ)
............................
'കണ്ണംവെള്ളിപൊയില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെ വീട് അഴിയൂര്‍ ദേശക്കാരുടെ ആരോഗ്യനികേതനമാണ്. തന്റെ ഇളയ മകനെ വൈദ്യരംഗത്ത് പിന്‍തുടര്‍ച്ചക്കാരനായി കൊണ്ടുവരണമെന്നായിരുന്നു വൈദ്യരുടെ ആഗ്രഹം. മകനെ മടപ്പള്ളി ഗവ. കോളജില്‍ ബി എസ് സി സുവോളജിക്ക് ചേര്‍ത്തതും അത് ലക്ഷ്യം വെച്ചായിരുന്നു. മകനാകട്ടെ നാടകക്കമ്പം തലയ്ക്കു പിടിച്ച് നടപ്പാണ്. ഒരു സുപ്രഭാതത്തില്‍ മകന്‍ ഭയഭക്തിബഹുമാനത്തോടെ അച്ഛനോട് ഒരു കാര്യം പറഞ്ഞു.
''എനിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഡ്മിഷന്‍ കിട്ടി. അവിടെ ചേരുന്നതിനായി അച്ഛന്‍ കൂടെ വരണം''
തന്റെ സ്വപ്‌നങ്ങളെ ഒറ്റയടിക്ക് മകന്‍ കെടുത്തിക്കളയുന്നല്ലോ എന്നോര്‍ത്ത് ആ പിതാവ് വല്ലാതെ ക്ഷുഭിതനായി
ആരോട് ചോദിച്ചിട്ടാണ് താങ്കള്‍( സംസ്‌കൃത പണ്ഡിതനായ വൈദ്യര്‍ മക്കളെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യാറ്) അപേക്ഷ അയച്ചത്? നാടകപഠനം പറ്റില്ല. അങ്ങിനെയാണ് തീരുമാനമെങ്കില്‍ ഇവിടേക്ക് തിരികെ വരണമെന്നില്ല.'
ശാഠ്യക്കാരനായ മകന്‍ മറുത്തൊന്നും പറയാതെ അന്നുതന്നെ വീടു വിട്ട് നാടകം പഠിക്കാന്‍ പുറപ്പെട്ടുപോയി.
വര്‍ഷങ്ങള്‍ക്കു ശേഷം നാടകപ്രവര്‍ത്തകനായ മകന്‍ വലിയ അംഗീകാരങ്ങള്‍ നേടവെ ആ പിതാവിന് ഏറ്റവും കൂടുതല്‍ അടുപ്പം ഇളയ മകനോടായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് അവസനാമായി വൈദ്യര്‍ സംസാരിച്ചതും ഈ മകനോടായിരുന്നു.
'' മകന്‍ അച്ഛനോട് ക്ഷമിക്കണം. നിങ്ങള്‍ നന്നാവും. ഒരു മനുഷ്യന്‍ എന്തെങ്കിലും കാര്യത്തില്‍ ഉറച്ചുനിന്നാല്‍ അയാള്‍ സ്വയം തീരുമാനിച്ചാല്‍ പോലും അതില്‍ നിന്ന് പിന്‍വാങ്ങാന്‍ പറ്റിയെന്ന് വരില്ല. ഞാന്‍ പണ്ടു പറഞ്ഞ കാര്യങ്ങളൊന്നും പ്രശ്‌നമാക്കി എടുക്കരുത്. ഏതൊരു അച്ഛനും പറയുന്നതേ ഞാനും പറഞ്ഞിട്ടുള്ളൂ.'
2011 ലെ മികച്ച ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ 'ബ്യാരി'യുടെ സംവിധായകന്‍ സുവീരന്റെ നിറം പിടിപ്പിക്കാത്ത ജീവിതത്തിന്റെ ഏടാണിത്. ജിവിതത്തിലും കലയിലും വൈരുധ്യങ്ങളോടും പ്രതിസന്ധികളോടും പൊരുതി മുന്നേറിയ കലാകാരന്‍. ദേശീയ ചലച്ചിത്ര അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നതോടെ അഴിയൂരിലെ വീട്ടില്‍ നാട്ടുകാരുടെയും സൗഹൃദങ്ങളുടെയും സന്ദര്‍ശനത്തിന്റെയും തിരക്കാണ്. ഞാന്‍ മാഹി റയില്‍വെസ്റ്റേഷനു സമീപത്തുള്ള വീട്ടിലെത്തുമ്പോള്‍ വീട് അടഞ്ഞു കിടപ്പാണ്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സമീപത്തെവിടെയോ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയിലാണ് കുടുംബസമേതമെന്ന് വ്യക്തമായി. അവിടേക്ക് കുതിച്ചു. എത്തിയപ്പോള്‍ സുവീരന്റെ മറുപടിപ്രസംഗമാണ്.
'കല വ്യക്തിപരമാണെന്ന് പറയാന്‍ ഞാനാളല്ല. ഒരു കല്ലുവെട്ടുകാരന്‍ മറ്റാരുടെയോ വീടിന്റെ ചുമരിന്റെ സുരക്ഷയാണ് ലക്ഷ്യം വെക്കുന്നത്. അതേപോലെയാണ് ഒരു യഥാര്‍ത്ഥ സര്‍ഗാത്മസപ്രവര്‍ത്തനം. വ്യക്തിപരമാകുമ്പോള്‍ തന്നെ അത് സാമൂഹികപരവുമായി മാറും.'
പരിപാടി കഴിഞ്ഞപ്പോള്‍ കയ്യോടെ പിടികൂടി.സുവീരനൊപ്പം വീട്ടിലെത്തി. ആളും ആരവവും ഒഴിഞ്ഞിട്ടും സുവീരന്റെ തിരക്ക് ഒഴിയുന്നില്ല. സുവീരന്റെയും ഭാര്യ അമൃതയുടെയും ഫോണുകള്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ദേശവും രാജ്യവും വിട്ട് പോലും വന്നുചേരുന്ന ഫോണ്‍കോള്‍. രണ്ടു മൂന്ന് ദിവസമായി ഇതേ അവസ്ഥയാണ്. ഒടുക്കം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പുറത്തേക്ക് വന്നിരുന്ന് മനസ്സ് തുറക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.
ജീവിതത്തിലും കലയിലും ഒരേ പോലെ കടുത്ത വെല്ലുവിളികളെയാണ് സുവീരന്‍ അതിജീവിച്ചത്. ചില ഘട്ടത്തില്‍ വെള്ളം കിട്ടാതെ, വെളിച്ചം കിട്ടാതെ ആടിയുലഞ്ഞുപോകുന്ന മരം പോലെ, പതനത്തിന്റെ ഇരുണ്ട ലോകത്തേക്ക് കൂപ്പുകുത്തിപ്പോയിട്ടുണ്ട്. ഒരു വേള ആത്മഹത്യമുനമ്പില്‍ പെട്ടുപോയിട്ടുണ്ട്. നീണ്ട ഒറു വര്‍ഷത്തോളം നാടകമോ കലയോ മറന്ന് മൗനമാചരിച്ചു.
തന്റെ നാടകപദ്ധതികളെല്ലാം ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ വീണു തകരുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ.
ഇതെല്ലാം എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് തനിക്ക് ശത്രുക്കളൊന്നുമില്ലല്ലോ എന്നായിരുന്നു സുവീരന്റെ മറുപടി. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ '' തന്റെ പദ്ധതികള്‍ക്കെല്ലാം വന്നുപെട്ട പ്രതിസന്ധികള്‍ക്കു കാരണം സോഷ്യോ പൊളിറ്റിക്കല്‍ ഇഷ്യൂ മാത്രമാണ്. നാടകത്തിലും ഒടുവിലായി തന്റെ സിനിമയക്കെതിരെ പോലും നീക്കങ്ങളുണ്ടായിരുന്നു. ഒരു തരത്തില്‍ ഇംപീരിയലിസം പോലെയാണത്. ആരാണെന്ന് നേരിട്ട് മനസ്സിലാക്കാന്‍ പറ്റാത്ത ഇംപീരിയലിസം'
തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനു പുറത്ത് കയറിയിരുന്ന് നിര്‍ഭയം അഭിപ്രായം വെട്ടിത്തുറന്നുപറയുന്ന സുവീരനു ചുറ്റും ആ പ്രതിഭ അറിയാതെ തന്നെ ശത്രുവവലയം തീര്‍ന്നിരുന്നു. സുവീരന്‍ അത് സമ്മതിച്ചുതരില്ലെങ്കിലും. വ്യക്തിയും വ്യക്തിയും തമ്മിലും അല്ലാതെയും നിരന്തരം കലഹിക്കുമ്പോള്‍ തന്റെ സര്‍ഗചേതനയുടെ കരുത്തായി അത് മാറ്റി, സുവീരന്‍. ഓരോ അരങ്ങിലും പ്രത്യക്ഷപ്പെടുന്ന പുതിയ പുതിയ നാടകങ്ങളില്‍ ഷോക്കടിപ്പിക്കുന്ന പുതിയ എന്തെങ്കിലും 'മരുന്ന്' പ്രേക്ഷകനിലെത്തിക്കാന്‍ സുവീരന് എന്നും കഴിഞ്ഞതും ഇതിനാലാകാം.
നാടകരംഗത്ത് തന്റേതായ ഭാഷയും ഫോമും സൃഷ്ടിച്ച് ഇടം നേടിയിട്ടും തന്നെ പലരും വേണ്ടത്ര ഉള്‍ക്കൊണ്ടില്ലെന്ന സന്ദേഹം ഈ പ്രതിഭയ്ക്കുണ്ട്. മലയാള നാടകലോകത്തിന് ഉള്‍ക്കൊള്ളാനാവാത്ത കാര്‍ക്കശ്യക്കാനായ പ്രതിഭ ഈ പ്രതിഷേധം മുമ്പൊരിക്കല്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.
'അരങ്ങില്‍ ഒറ്റയാള്‍പോരാട്ടം നടത്തുന്ന സുവീരന്‍ നാടകരംഗം വിടുന്നു' എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തതാണ്.
''എന്റെ നാടകത്തിന്റെ അധ്വാനവും പരീക്ഷണവും തിരിച്ചറിയാന്‍ പറ്റുന്ന ഒരു ക്രിറ്റിക് കേരളത്തിലല്ലാത്തതിനാലാണ് സിനിമയിലേക്ക ് മാറേണ്ടിവന്നതെന്ന് '' സുവീരന്‍തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു.
സത്യത്തില്‍ മലയാള നാടകലോകത്തുനിന്ന് വലിച്ചെറിയപ്പെട്ട സുവീരന്‍ എവിടെ വീണാലും സ്വയം ജലമൂറ്റിയെടുത്ത് വളരുന്ന ചെടിപോലെ സിനിമയിലും അതിദ്രൂതം തന്റെ ഇടം കണ്ടെത്തി എന്നതാണ് പുതിയ ദേശീയ അംഗീകാരത്തോടെ വെളിവാകുന്നത്.
ഇന്ത്യയില്‍ ആദ്യ സിനിമയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച പൂര്‍വ്വ സൂരികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അതില്‍ ആദ്യത്തേത് സത്യജിത്‌റേ ആണ് .പിന്നീട് അടൂരിനെയും മറ്റു ചിലരെയും കഴിഞ്ഞാല്‍ നാലോ അഞ്ചോ സ്ഥാനത്ത് സുവീരനും വന്നുചേര്‍ന്നിരിക്കയാണ്. നാടകരംഗത്തും ഉണ്ട് സുവീരന് ഇത്തരത്തിലുള്ള റിക്കാര്‍ഡ്. മൂന്ന് തവണ കേരള സംഗീത അക്കാദമിയുടെ നല്ല നാടകത്തിനുള്ള പുരസ്‌ക്കാരം ലഭിക്കുന്ന വ്യക്തി കേരളത്തില്‍ സുവീരന്‍മാത്രം.
കലാപാരമ്പര്യമോ അനുകൂല സാഹചര്യമോ ഇല്ലെങ്കിലും ജന്മസഹജമായ പ്രതിഭയുടെ മിന്നലാട്ടം ഒരാളില്‍ ഉടലെടുത്താല്‍ അത്തക്കാരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല. വീടിന്റെ ചുറ്റുമതിലുകള്‍ ഭേദിച്ച് തന്റെ ജന്മനിയോഗം നിറവേറ്റാന്‍ അത്തരം പ്രതിഭകള്‍ എന്നും തുടലുപൊട്ടിച്ചു പോകും.
കോഴിക്കോട് ജില്ലയുടെ അതിരില്‍ മാഹിക്കുസമീപം കണ്ണംവെള്ളിപൊയില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെ എട്ടാമത്തെ മകനായാണ് സുവീരന്റെ ജന്മം. ഇളയ മകനെന്ന നിലയില്‍ പ്രത്യേ പരിഗണന കിട്ടിയിരുന്നെങ്കിലും ചെറുപ്പത്തിലേ എന്തെന്നില്ലാത്ത അരക്ഷിതബോധം അവനെ പിടികൂടിയിരുന്നു. സര്‍ഗാത്മകമായ ഒരു തീ ഉള്ളിലെവിടെയോ ഉണ്ടെന്ന് ആദ്യം തെളിഞ്ഞത് ചിത്രരചനയോടുള്ള കമ്പം തുടങ്ങിയതോടെയാണ്. സഹോദരി സുമ ചിത്രരചന പഠിക്കാനായി പോകുമ്പോള്‍ കൂടെ പോകും. അതുവഴിയാണ് സ്വയം ചിത്രം വരച്ചുതടുങ്ങിയത്. അഴിയൂര്‍ ഈസ്റ്റ് സ്‌കൂളില്‍ പഠനത്തടൊപ്പം ചിത്രം വരയും തുടങ്ങി. ബാലപ്രസിദ്ധീകരണങ്ങളുടെ വായന ചെറുപ്പത്തിലേ സജീവമായിരുന്നു. അഴിയൂര്‍ ഹൈസ്‌കൂളില്‍ എത്തുമ്പോഴേക്കും മുട്ടത്തുവര്‍ക്കിയില്‍ നിന്നും എം ടി യിലേക്ക് വളര്‍ന്നു. 'എം ടിയെ പൂര്‍ണ്ണമായും തിന്നതീര്‍ത്തു' എന്നാണ് സുവീരന്റെ ഭാഷ്യം.
എം ടി യെ അനുകരിച്ച് കഥ എഴുതാന്‍ തുടങ്ങിയതോടെ ഉള്ളിലെ പ്രതിഭ പുറത്തേക്ക് പരക്കാന്‍ തുടങ്ങി. പില്‍ക്കാലത്ത് നിരവധി കഥകളും ഒരു നോവലും എഴുതിയെങ്കിലും ഇതൊന്നും തന്റെ മാധ്യമമല്ലെന്ന് തിരച്ചറിഞ്ഞ് പിന്നീട് നാടകത്തില്‍ അടയിരിന്നു. കൂത്ത് പറമ്പ് നിര്‍മ്മലഗിരികോളജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ നേരെ മടപ്പള്ളി ഗവ. കോളജില്‍ എത്തി. അവിടെവച്ചാണ് നാടകലോകം പിടിച്ചെടുത്തത്. അതിനിടയില്‍ തന്നെ അച്ഛന്റെ താല്‍പ്പര്യത്തില്‍ നിന്ന് കുതറിമാറാനുള്ള ശ്രമം തുടങ്ങിയിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞതിനുശേഷം വീട്ടില്‍ സജീവമല്ലാതിരുന്ന സുവീരന്‍ ഡിഗ്രിപഠനത്തോടെ മടപ്പള്ളിയിലെ സഹോദരിയുടെ വീട്ടിലായി താമസം. പഠനത്തോടൊപ്പം നാടകം ഒരു 'ഒളി'പ്രവര്‍ത്തനമായി ഏറ്റെടുത്തു. എം ടി യുടെ അക്കല്‍ദാമയില്‍ പൂക്കള്‍ വിരിയുമ്പോള്‍ എന്ന കഥയെ ആസ്പദമായി 'യൂദാസ് 'എന്ന നാടകം കോളജ് കാലത്താണ് എഴുതിയത്. നാടകം അനിവാര്യമാണന്ന് തോന്നിയതോടെ കോളജിനു പുറത്തേക്കും അത് വ്യാപിപ്പിച്ചു. വടകര വരദ തിയ്യറ്റര്‍ ഗ്രൂപ്പില്‍ സ്ഥിരമായ അഭിനേതാവായി. അവരുടെ വേദിയില്‍ അഭിനയിക്കുമ്പോള്‍ 60 രൂപ വരുമാനവും കിട്ടി. ഇതേ സമയം തന്നെ ചിത്രകലാപഠത്തിനായി തലശേരി ചിറക്കലുള്ള സ്ഥാപനത്തിലും നാടകപഠനത്തിനായി തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും അപേക്ഷ കൊടുത്തു. ഇതില്‍ ഏതെങ്കിലും ഒന്നിലേക്ക് വഴി തിരിയാനായിരുന്നു സ്വതീരുമാനം. ആദ്യം അഡ്മിഷന്‍ കിട്ടിയത് ചിത്രകലയ്ക്കാണെങ്കിലും തൊട്ടുപിന്നാലെ തൃശൂരില്‍ നിന്നുള്ള കത്ത് വന്നതിനാല്‍ നാടപഠനം തിരഞ്ഞെടുത്തു.
നാടകം പഠിക്കാന്‍ പോകുന്ന കാര്യം വീട്ടില്‍ അവതരിപ്പിച്ചതോടെ അച്ഛന്‍ എതിര്‍പ്പുമായി മുന്നില്‍ നിന്നു. രക്ഷിതാവിനെ കൊണ്ടുവന്നാലേ അവിടെ ചേരാന്‍ പറ്റൂ. അച്ഛന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നു. മടപ്പള്ളി തിയേറ്റേഴ്‌സിലെ ടി പി ബാന്‍മാസ്റ്റ്‌റെയും കൂട്ടിയാണ് തൃശൂരില്‍ പോയത്. ചേട്ടനാണെന്നാണ് പരിയചയപ്പെടുത്തിയത്.
'അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതില്‍പിന്നെ സ്വന്തമായി വരുമാനം കൊണ്ടാണ് ജീവിച്ചുതുടങ്ങിയത്'.
വയലാ വാസുദേവന്‍പിള്ളയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍തന്നെ ചിലവിനു വേണ്ടിയുള്ള തുക കണ്ടെത്തിയത് പുറത്ത് നാടകം ചെയ്തുകൊണ്ടാണ്. പിന്നീടങ്ങോട്ട് നാടകവും ജീവിതവും ഒന്നാക്കിയാണ് സുവീരന്റെ യാത്ര. നിരവധി കോളജുകളില്‍ നാടകം ചെയ്യാന്‍ ക്ഷണം കിട്ടി. 11 ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സുവീരന്റെ നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അതിനിടയില്‍തന്നെ ഓരോ ഘട്ടത്തിലും നാടകത്തിന് ലഭിച്ചിരുന്ന വരുമാനം വര്‍ധിപ്പിക്കുകയുമുണ്ടായി. 600 രൂപയില്‍ നിന്ന് ഘട്ടംഘട്ടമായി 15,000 രൂപയിലേക്ക് അത് കുതിച്ചു. ' കേരളത്തില്‍ നാടകസംവിധായകരുടെ കൂലി വര്‍ധിപ്പിക്കുന്നിതില്‍ വലിയ പങ്ക് തനിക്കുണ്ടെന്ന്' സുവീരന്‍.
എന്നും ജനകീയയമായ നിലയില്‍ പണം സമ്പാദിച്ചാണ് നാടകനിര്‍മ്മാണം. നാടകത്തിനുമുമ്പേ തുക ജനങ്ങളില്‍ നിന്ന് പിരിക്കും. അല്ലെങ്കില്‍ റസീറ്റടിക്കും. അതിനാല്‍ ചെയ്യുന്ന നാടകത്തോടൊപ്പം എന്നും ജനങ്ങളോടും വലിയ ഉത്തരവാത്വമുണ്ടായിരുന്നു.
വന്‍വീഴ്ച്ചകള്‍
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പുറത്തിറങ്ങിയതോടെ നാടകരംഗത്ത് സുവീരന്‍ സജീവമായി. നാടകം ചെയ്യണമെന്നാവശ്യപ്പെട്ട് വരുന്നവരുടെ എണ്ണവും കൂടി. 'ബാക്ക് സ്റ്റേജ്' എന്ന ട്രൂപ്പ് തുടങ്ങിയതോടെ അതിലൂടെയും നാടകം പിറന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ സുവീരന്റെ സ്വപ്‌നം വികസിക്കാന്‍ തുടങ്ങി. ചെറു നാടകം എന്നതില്‍നിന്ന് വന്‍പദ്ധതി മനസ്സില്‍ ഉണര്‍ന്നു.
അതില്‍ ആദ്യത്തേതായിരുന്നു ചെഗുവേര. തളിപ്പറമ്പിനടുത്ത് ബക്കളത്തായിരുന്നു ചെഗുവേരയുടെ ക്യാമ്പ് ഒരുക്കിയത്. നാടകത്തില്‍ 25 ഓളം പേരുണ്ടായിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പ് അവസനാഘട്ടത്തില്‍ അടുക്കുമ്പോഴേക്ക് പ്രതിസന്ധികള്‍ പൊടുന്നനെ വന്നുവീഴാന്‍ തുടങ്ങി. ഒരു ദിവസം കണ്ണൂര്‍ സംഘചേതനയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ക്യാമ്പിലേക്ക് കയറിവന്നു.
ഞങ്ങള്‍ക്ക് മുമ്പേ ചെയ്യാന്‍ പ്ലാനുണ്ടായിരുന്ന നാടകമാണിതെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. സുവീരന്‍ അതിനെ അവഗണിച്ച് ക്യാമ്പുമായി മുന്നേറി. പിന്നീട് പല കാരണങ്ങളാല്‍ ആ ക്യാമ്പ് പൊളിഞ്ഞു. ഇതായിരുന്നു ആദ്യത്തെ ആഘാതം.
കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്ക് സംഘചേതനയുടെ 'ചെഗുവേര' വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കരിവെള്ളൂര്‍ മുരളിയുടെ സ്‌ക്രിപ്റ്റില്‍ ഷിബു എസ് കൊട്ടാരം സംവിധാനം ചെയ്ത നാടകം .
ചെഗുവേരയുടെ പതനം വല്ലാത്തൊരു ഒളിച്ചോട്ടത്തിനാണ് സുവീരനെ പ്രേരിപ്പിച്ചത്. അങ്ങിനെയാണ് തുടര്‍പഠനമെന്ന് പേരില്‍ ദല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാനായി വണ്ടി കയറിയത്. അതിനകം തന്നെ നിരവധി നാടകങ്ങള്‍ ചെയ്യുകയും അതിലൊന്നിന്( ഉടന്തടിക്കോലം) കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടുകയുമുണ്ടായി. പഠനത്തിനിടയില്‍ കിട്ടുന്ന സ്‌കോളര്‍ഷിപ്പില്‍ നിന്ന് മാറ്റിവെക്കുന്ന തുക കൊണ്ടാണ് ദല്‍ഹിയില്‍ ജീവിതം തള്ളിനീക്കിയത്. മൂന്ന് വര്‍ഷത്തെ കോഴ്‌സ് കഴിയുന്നതോടെ അവിടെയും പ്രശ്‌നങ്ങളുദിച്ചു. അക്കാദമിക് തലത്തിലുള്ള ചില അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ കോളജില്‍നിന്ന ്പുറത്താക്കപ്പെട്ടു. ചെഗുവേരയുടെ പതനത്തിനുശേഷമുള്ള മറ്റൊരു ആഘാതം.തിരിച്ചെടുക്കാന്‍ വേണ്ടിയാണ് പുറത്താക്കിയത്. പിന്നീട് അങ്ങോട്ടു പോയില്ലെന്നുമാത്രം. സര്‍ട്ടിഫിക്കറ്റു പോലും വാങ്ങിക്കാതെ നേരെ ബോംബെയ്ക്ക് യാത്രയായി. അവിടെ ചെന്ന് ഫരീദാമേത്തയുടെ 'ഖാലിസ് അന്‍വര്‍' എന്ന സിനിമയില്‍ സെറ്റ് ഡിസൈനറായി പ്രവര്‍ത്തിച്ചു. അതിലും മടുപ്പ് വന്നതോടെ നാട്ടിലെത്തി നല്ലൊരു നാടകം ചെയ്ത് ദല്‍ഹിയിലടക്കം കാണിപ്പിക്കണമെന്ന് വാശിയായി. 2000 ത്തോടെ അങ്ങിനെ നേരെ കുടുംബസമേതം തൃക്കരിപ്പൂരിനടുത്ത് നടക്കാവില്‍ വാടക വീടെടുത്ത് താമസം. ഇവിടെതന്നെയുള്ള എടയിലക്കാട് ദ്വീപില്‍ പുതിയ നാടക്യാമ്പ് തുടങ്ങി. എക്കാലത്തെയും മോഹമായ 'ഈഡിപ്പസ് റെക്‌സ്' എന്ന മെഗാപ്രൊജക്ടായിരുന്നു ചെയ്യാന്‍ പോകുന്നത്. ഈഡിപ്പസ് ആയി സുവീരന്‍തന്നെ വേഷമേറ്റെടുത്തു. വീടുകള്‍ കയറിയിറങ്ങി സ്ത്രീകള്‍ അടക്കമുള്ള നടന്മാരെ കണ്ടെത്തി. 80 ഓളം നടന്മാരില്‍ കൂടുതലും പ്രദേശവാസികള്‍. 18 അടിയോളം ഉയരമുള്ള ഡബിള്‍ഡക്കര്‍ സെറ്റ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം. പ്രധാനവേഷത്തില്‍ മാത്രം പ്രൊഫഷണലുകള്‍. 5,6 മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ്. ഇത്തരം ബൃഹത്തായ പദ്ധതി കേരളത്തില്‍ അന്ന് ആദ്യത്തേതായിരുന്നു. റിഹേഴ്‌സല്‍ പാതിയെത്തുമ്പോഴേക്കും പ്രതിസന്ധികള്‍ കണ്ടുതുടങ്ങി. സാമ്പത്തികസ്രോതസ്സുകള്‍ പലതും അടയാന്‍ തുടങ്ങി. മറ്റു പല പ്രശ്‌നങ്ങളാലും ഒരു സുപ്രഭാതത്തില്‍ പദ്ധതി ഉപേക്ഷിച്ചു. എണ്‍പതിനായിരം രൂപ വെള്ളത്തിലായി. ഇതൊന്നും നിങ്ങളെപ്പോലുള്ളവര്‍ ചെയ്യേണ്ടതല്ലെന്നും ഞങ്ങള്‍ ചെയ്‌തോളും എന്ന് തോന്നുന്ന തരത്തിലായിരുന്നു ഫീല്‍ ചെയ്തത്.
ഇത്തവണത്തെ പാളിച്ചയില്‍ സുവീരന്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. വാടകവീട്ടില്‍ ഭാര്യയും ചെറിയ കുഞ്ഞും. അവരുടെ ആവശ്യങ്ങള്‍. കയ്യില്‍പണമില്ല. വല്ലാത്ത ഭീതി. ആത്മഹത്യാ ചിന്തകള്‍ ഉടലെടുത്തു. നീണ്ട കാലം ആരോടും സംസാരിക്കാതെ തനിച്ചിരിപ്പായി. അപ്പോഴും നാടകം ചെയ്യണമെന്നാവശ്യപ്പെട്ട് പലരും വരുന്നുണ്ടെങ്കിലും രോക്ഷവും നിരാശയുമൊക്കെ അവരോട് കാട്ടി അവരെ മടക്കിയയച്ചു. ''എന്നെ തന്നെ ഞാന്‍ ഉപേക്ഷിച്ച കാലയളവായിരുന്നു. ഒരു വര്‍ഷത്തോളം ഈയവസ്ഥ നീണ്ടുപോകവെ അന്നൂരില്‍ നിന്ന് വന്ന ടീമിനോട് നാടകം ചെയ്യാമെന്ന് ഏറ്റു. ആദ്യം അഡ്വാന്‍സ്തുക വാങ്ങി വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. 'ജീവശാസ്ത്രം' അന്നാണ് ചെയ്തത്. അത് അത്ര സംതൃപ്തിതന്നില്ല. പിന്നീട് പയ്യന്നൂര്‍ കോളജില്‍ നിന്ന് സുഹൃത്ത് ടി പവിത്രന്‍ നാടകമായവശ്യപ്പെട്ടു വീട്ടില്‍ വന്നു. കയ്യില്‍ നാടകത്തിന്റെ സ്‌ക്രിപ്‌റ്റൊന്നുമില്ലെങ്കിലും കോളജില്‍ പോയി. അവിടെ അഭിനയത്തില്‍ കരുത്ത് കാട്ടുന്ന കുട്ടികളെ കണ്ടപ്പോള്‍ അതുവരെ വറ്റിപ്പോയെന്ന് കരുതിയ പഴയ സ്പിരിറ്റ് വീണ്ടും പുറത്തേക്ക് ചാടി. നാടകം ചെയ്യാമെന്ന് ഉറപ്പു കൊടുത്തു. ഈഡിപ്പസ് റെക്‌സിന്റെ ചെറിയ രൂപം ഈഡിപ്പസ് എന്ന പേരില്‍ നാടകമാക്കി കുട്ടികളെകൊണ്ട് കളിപ്പിച്ചു.''
നാടകം ഉപേക്ഷിക്കുന്നു?
മനസ്സില്‍ ഒരു തീം ആവേശിച്ചാല്‍ സുവീരന് ഇരിക്കപ്പൊറുതിയുണ്ടാകില്ല. വ്രതം നോറ്റ തെയ്യക്കാരന്‍ ഉത്സവദിവസം കാത്തിരിക്കുമ്പോലെ നാടകം വേദിയിലെത്തിയാലേ വിശ്രമമുണ്ടാകൂ. ഓരോ നാടകാനുഭവവും തീവ്രാനുഭവമാക്കുന്ന ഈ കലാകാരന് നിരന്തരമുണ്ടായ പിന്നോട്ടടി ചില വീണ്ടുവിചാരത്തിലെത്തിച്ചു. ഇനിയൊരു നല്ല നാടകം കൂടി ചെയ്ത് ഈ രംഗത്തുനിന്ന് വിട പറയാമെന്ന തീരുമാനം അങ്ങിനെയാണെടുത്തത്. അതിനു മുന്നോടിയായി നാടകമുപേക്ഷിക്കുന്ന വിഷയം പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കണം.
നാടകപ്രവര്‍ത്തനം ഉപേക്ഷിക്കുന്ന കാര്യം പരസ്യമായി പത്രസമ്മേളനം നടത്തി അറിയിച്ചു. ഈ വിഷയത്തില്‍ പ്രമുഖരുടെ പ്രതികരണമടങ്ങുന്ന പത്രം പുറത്തിറക്കി. എന്‍ ശശിധരന്‍, എന്‍ പ്രഭാകരന്‍, കരിവെള്ളൂര്‍ മുരളി, സാറാജോസഫ് അടക്കമുള്ള പലരും അതില്‍ എതിര്‍ത്തും അനുകൂലിച്ചും എഴുതി.
അവസാനത്തെ നാടകം അണിയറയില്‍ ഒരുങ്ങി.'അഗ്നിയും വര്‍ഷവും'. ആദ്യപ്രദര്‍ശനം കോഴിക്കോട് നടത്തിയപ്പോള്‍തന്നെ നാടകത്തിന് നല്ല പ്രതികരണമാണുണ്ടായത്. ഇതോടെ ഒരു വീണ്ടു വിചാരത്തിന് സുവീരന്‍ തയ്യാറായി. നടകരംഗത്ത് നില്‍ക്കാം, ഒരു സ്ഥിരം നാടകവേദിയുണ്ടെങ്കില്‍.
മധുമാസ്റ്റര്‍ അടക്കമുള്ളവര്‍ സഹകരിച്ചു. 200 പേര്‍ക്ക് ഇരിക്കാവുന്ന വേദിയില്‍ എല്ലാ ദിവസവും നാടകം. നാടകപ്രവര്‍ത്തകര്‍ അവിടെ തന്നെ താമസം. അവിടുന്ന് നിരന്തരം റിഹോഴ്‌സല്‍, പുതിയ നാടകത്തിനായ്. അത്തരമൊരു സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി കോഴിക്കോട് ഗാന്ധിഗൃഹം കണ്ടെത്തി. 200 രൂപ ദിവസവാടകക്ക് തീരുമാനമായി. കവുങ്ങുകള്‍ കൊണ്ടുവന്ന് ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി പ്രവര്‍ത്തനം തുടങ്ങിയതോടെ നാല് ആഴ്ചത്തേക്കുള്ള ടിക്കറ്റ് വിറ്റുതീര്‍ന്നു. 40 രൂപയാണ് ടിക്കറ്റ് വില.
എല്ലാം ശരിയാകുന്നവേളയിലതാ വീണ്ടു വെല്ലുവിളികള്‍. ഗാന്ധിഗൃഹം അധികൃതര്‍ വേദി തരില്ലെന്ന് പറഞ്ഞു. രേഖാമൂലം ധാരണയിലെത്തിയില്ലെന്ന് പറഞ്ഞാണ്് അവര്‍ എതിര്‍ത്തത്.
സുവീരന്‍ ശരിക്കും കരഞ്ഞുപോയ നിമിഷം. ''എന്റെ ജീവിതാഭിലാഷമാണ് ഒരു മാസമെങ്കിലും കളിച്ചോട്ടെ'' എന്ന് കേണപേക്ഷിച്ചു. നാടകവും അതിനു പിന്നിലെ വേദനയും തിരച്ചറിയാത്തവര്‍ക്ക് മനമുരുകിയില്ല. ടിക്കറ്റ് വിറ്റുകഴിഞ്ഞതിനാല്‍ മറ്റെവിടെയെങ്കിലും വേദികിട്ടുക എന്നത് നിര്‍ബന്ധമാണ്. ജില്ലാകലക്ടറെ സമീപിച്ച് ഏതെങ്കിലും സ്ഥലം അനുവദിച്ചുതരാന്‍ അപേക്ഷിച്ചു. ദിവസങ്ങള്‍ നീണ്ടുപോകുകയാണ്. അതിനിടയില്‍ മധു മാസ്റ്റര്‍ സുജനപാലിനെ കണ്ട് ജില്ലാഭരണകൂടത്തില്‍ ഇടപെടാന്‍ ആവശ്യമുന്നയിച്ച്. പ്രതികൂലമായി പ്രതികരണം വന്നതോടെ സുവീരന്‍ രൂക്ഷമായി സംസാരിച്ചു. നാടകകലാകാരന്റെ ശരിയായ വേദനയായിരുന്നു അന്നത്തെ പ്രതികരണം. സുജനപാല്‍ ഒന്നും പറയാതെ നിശ്ചലനായി. സുജനപാല്‍ നാടപ്രവര്‍ത്തകരുടെ വേദന ഉള്‍ക്കൊണ്ടതിനാലാണോ എന്നറിയില്ല, പിറ്റേന്നുതന്നെ കലക്ടര്‍ സ്ഥലം അനുവദിച്ചു. ആനക്കുളം മൈതാനം. അഞ്ചു കൊല്ലത്തേക്ക് സൗജന്യമായി വിട്ടുതന്നു. സ്ഥലം കിട്ടിയിട്ടും മറ്റു ചില പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതോടെ അവിടെ സ്ഥിരം നാടകവേദിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുവീരന്‍ പിന്‍വാങ്ങി. അഗ്നിയും വര്‍ഷവും കാണുന്നതിനായി വിറ്റ ടിക്കറ്റിന്റെ തുകയെല്ലാം മടക്കികൊടുത്തു. നാടകഫീല്‍ഡിനോട് വിട പറഞ്ഞു.
5,6 വര്‍ഷത്തോളം പിന്നീട് നാടകമേ ചെയ്തില്ല, സുവീരന്‍. പിന്നീട് 2007 അവസാനത്തിലാണ് സി വി ബാലകൃഷ്ണന്റെ മാസ്റ്റര്‍പീസ് നോവലായ ആയുസ്സിന്റെ പുസ്തകം നാടകമാക്കിയത്. ആ നാടകത്തിന് 2008ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും കിട്ടി. ഇതിനുശേഷം ദുബായ് ഇന്റര്‍നാഷണലിനുവേണ്ടി ഐലന്റ് എന്ന ചെറുനാടകം മാത്രമാണ് ചെയ്തത്. 90 മുതല്‍ തന്റെ നാടകത്തില്‍ രൂപപരമായും ഭാഷാപരമായും നല്ല വളര്‍ച്ചയുണ്ടെന്നാണ് സ്വയം വിലയിരുത്തല്‍. എങ്കിലും മികച്ചതെന്ന് പറയുമ്പോള്‍ ആയൂസ്സിന്റെ പുസ്തകത്തിലാണ് എത്തിനില്‍ക്കുന്നത്.
ഇന്ത്യയിലും വിദേശത്തും വിവിധ സംസ്ഥാനങ്ങളില്‍ നാടകമവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ പഞ്ചാബിയിലും ഇംഗ്ലീഷിലും നാടകം ചെയ്തു. ഭരതവാക്യം, എല്‍മ, ലേഡി ഫ്രം ദി സീ, നാഗമണ്ഡലം, ചക്രം, സൂ സ്റ്റോറി, സൂത്രവാക്യം എന്നിങ്ങനെ മുപ്പതോളം നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.
ഒരു മാധ്യമം ഉപേക്ഷിച്ചാലേ മറ്റൊരു മാധ്യമത്തില്‍ മാസ്റ്ററാകാന്‍ കഴിയൂ എന്നത് സത്യമാണ്. എന്നാല്‍ സുവീരന്‍ സിനിമയിലേക്ക് കടന്നാലും നാടകം ഉപേക്ഷിക്കാന്‍ തയ്യാറല്ല. മൂന്ന് വര്‍ഷത്തിനിടയില്‍ ഒന്ന് എന്ന തരത്തില്‍ വലിയ നാടക സ്വപ്‌നമാണ് ഇപ്പോഴും മനസ്സിലുള്ളത്.
പ്രണയവും കുടുംബവും
പ്രതിഭാധനരായ കലാകാരന്മാരുടെ ജീവത്തില്‍ കണ്ടേക്കാവുന്ന എന്തൊക്കെയോ ചില തീവ്രവിമതത്വം സുവീരന്റെ ജിവിതത്തിലും നിറഞ്ഞുനില്‍പ്പുണ്ട്. പൊതു സാമൂഹ്യബോധത്തെ അലോസരപ്പെടുത്തുന്ന പലതും ആ ജീവിതത്തില്‍ കാണുമ്പോള്‍ അതിലെ ശരിയും തെറ്റും കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച് മാറും. കലയും ജീവിതവും രണ്ടല്ലെന്ന് വിശ്വസിക്കുന്ന സുവീരന്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും കലഹം സൃഷ്ടിച്ചുകൊണ്ടാണ്. സുവീരന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായി അവിടെയെത്തിയ വേളം സ്വദേശി അമൃതയുമായി അടുപ്പത്തിലാകുകയും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയുമായിരുന്നു. (ഇതുവരെ സാമ്പ്രദായികവിവാഹം നടന്നിട്ടില്ല) . അമൃത കുട്ടിക്കാലം മുതലേ നാടകത്തിലുണ്ട്. സ്‌കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ അഭിനയത്തില്‍ വാങ്ങിയ അമൃത എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു. 2004ലാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തുന്നത്. സുവീരനുമായി ഒരുമിച്ചു കഴിയുന്നത് സുവീരന്റെ വീട്ടിലാണ് വലിയ കോലാഹലമുണ്ടാക്കിയത്. ഇതരസമുദായക്കാരിയെ വിവാഹം ചെയ്തു എന്നതിലപ്പുറം സാമ്പ്രദായിക വിവാഹരീതി സ്വീകരിച്ചില്ലെന്നതുമാണ് പ്രശ്‌നം. ആദ്യ കുട്ടി പിറക്കുന്നതുവരെ ഒരു വര്‍ഷക്കാലം വീട്ടില്‍ കയറ്റിയിരുന്നില്ല. പിന്നീടാണ് വീടുമായി ബന്ധം തുടങ്ങിയത്.
നാടകപ്രവര്‍ത്തനവുമായി കറങ്ങുമ്പോള്‍ പല സ്ഥലങ്ങളില്‍ വാടകവീടുകളിലായാണ് ഇവരുടെ വാസം. സുവീരന്റെ നേതൃത്വത്തിലുള്ള 'ബേക്ക് സ്റ്റേജ'് ഗ്രൂപ്പിന്റെ നാടകത്തില്‍ അമൃത സജീവമായി. അവസാനമായി അഗ്നിയും വര്‍ഷത്തിലുമാണ് വേഷമിട്ടത്. 2002നുശേഷം സുവീരനും ഈ രംഗം വിട്ടതോടെ ചില നാടകപ്രൊജക്ടുകളുമായി കഴിയുകയാണിപ്പോള്‍. പുതുതായി ഒരു വിമന്‍സ് നാടകഗ്രൂപ്പ് തുടങ്ങാനുള്ള ആലോചനയുണ്ട്. കേക, ഐക എന്നിവരാണ് മക്കള്‍.
പത്തുവര്‍ഷം മുമ്പാണ് സുവീരന്റെ അച്ഛന്‍ കുഞ്ഞിരാമന്‍വൈദ്യര്‍ മരിച്ചത്. അതിനിടയില്‍ മകന്റെ ഒരു നാടകം മാത്രമാണ് ആ പിതാവ് കണ്ടത്. സക്കറിയയുടെ 'ഭാസ്‌ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന സുവീരന്റെ നാടകം മടപ്പള്ളിയില്‍ അരങ്ങേറുന്നു. നാടകാഭിനയം കഴിഞ്ഞ പുറത്തു നോക്കുമ്പോള്‍ അമ്മ കൗസല്യ നില്‍ക്കുന്നു. സുവീരന്‍ ഓടിച്ചെന്നു. എപ്പോഴെത്തി, ഒറ്റയ്ക്കാണോ? അല്ല അച്ഛനുമുണ്ടെന്ന് അമ്മ പറഞ്ഞു. ദുരെ നില്‍ക്കുന്ന അച്ഛനെ ചൂണ്ടികാണിച്ചു. സുവീരന്‍ അച്ഛന് സമീപത്തേക്ക് പോകുമ്പോഴേക്കും അച്ഛന്‍ സ്ഥലം വിട്ടിരുന്നു. പിന്നീട് അച്ഛന്‍ അമ്മയോട് ഇപ്രകാരം പറഞ്ഞത്രെ- 'അവന്‍ നമ്മള്‍ കാണുന്നതുപോലെയല്ല. ഓന്‍ വലിയ കാര്യമാണ് ചെയ്യുന്നത്'.
സിനിമാ ലോകം
ബ്യാരിക്ക് ദേശീയ അവാര്‍ഡ് സുവീരനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ്. അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നതിന്റെ തലേന്ന് വേളത്തെ ഭാര്യവീട്ടിലായിരുന്നു. പുലര്‍ച്ചെ അഞ്ചിന് സിനിമയുടെ കോസ്റ്റിയൂമര്‍ ഹമീദാണ് വിവരം അറിയിച്ചത്. ദേശീയതലത്തിലുള്ള അവാര്‍ഡാണെന്ന് പറഞ്ഞത് വിശ്വസിച്ചില്ല. കര്‍ണാടക സംസ്ഥാനത്തെ മികച്ച ചിത്രമാകാം എന്നാണ് ആദ്യം കരുതിയത്. ഉച്ചയ്ക്ക് പ്രഖ്യാപനം വന്നതോടെയാണ് ദേശീയതലത്തിലുള്ള അംഗീകാരമാണെന്ന് സ്ഥിരീകരണമായത്.
കേരള അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന കര്‍ണാടകയിലെ സൂറത്ത്കല്‍ ജില്ലയില്‍ നടക്കുന്ന കഥയാണ് സിനിമ. ലിപിയില്ലാത്ത ബ്യാരി ഭാഷ സംസാരിക്കുന്ന മുസ്‌ലീം സമൂഹത്തിലെ അനാചാരങ്ങളും അവിടുത്തെ സ്ത്രീകളുടെ ദുരിതജീവിതവുമാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പറയുന്നത്. ചെറിയ കാര്യത്തില്‍ പോലും സ്ത്രീകളെ മൊഴി ചൊല്ലുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. അത്തരത്തില്‍ മൊഴി ചൊല്ലപ്പെട്ട സ്ത്രീയ്ക്ക് പിന്നീട് പഴയ ഭര്‍ത്താവിനെ പുനര്‍വിവാഹം ചെയ്യണമെങ്കില്‍ ആ സ്ത്രീ അതിനു മുമ്പ് മറ്റൊരു പുരഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഇത്തരമൊരു സങ്കീര്‍ണ്ണ മായ പ്രശ്‌നത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സ്ത്രീ അനുഭവിക്കുന്ന മാനസീകാവസ്ഥ ശക്തമായി അവതരിപ്പിക്കുന്നതാണ് സിനിമ. ഭര്‍തൃവീട്ടില്‍ അകപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ അത്തരം അനാചാരത്തിന് കീഴടങ്ങേണ്ടിവരികയുമാണ് ഇതിലെ നായികയ്ക്ക്. മതാന്ധതയില്‍ ഉഴറുന്ന സമൂഹത്തെയും പൗരോഹിത്യത്തെയും തന്റെ ലൈംഗികതകൊണ്ട് നായിക വിറപ്പിക്കുന്നതാണ് ഇതിന്റെ അന്ത്യം. നാടകത്തിലും സെക്‌സിനെ ശക്തമായ ഭാഷയായി ഉപയോഗിക്കുന്ന സുവീരന്‍ തന്റെ ആദ്യസിനിമയിലും അതേ ഇമേജിനെ കൂട്ടുപിടിച്ച് വിജയം വരിച്ചിരിക്കയാണ്.
സുവീരന്റെ ഒടുവിലത്തെ നാടകമായ ആയുസ്സിന്റെ പുസ്തകം കണ്ടതിനെതുടര്‍ന്നാണ് ബ്യാരി ഭാഷക്കാരാനായ അല്‍ത്താഫ് ബ്യാരിയുടെ സ്‌ക്രിപ്റ്റുമായി സുവീരനെ കാണാനെത്തുന്നത്. യാതൊരു പരിചയവുമില്ലാത്ത ഭാഷയില്‍ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അയാളെ അന്നുതന്നെ മടക്കിയയച്ചു. പിന്നീട് നിര്‍മാതാവിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സുവീരന്‍ ബ്യാരി ഭാഷക്കാരുടെ നാട് കാണാന്‍ പോകുകയാണ്.
മൊഴിചൊല്ലപ്പെട്ട് പുരുഷന്മാരില്ലാതെ മക്കളുമായി തനിച്ച് കഴിയുന്ന സ്ത്രീകളുടെ വലിയൊരു കോളനി സുവീരനെ വല്ലാതെ ഞെട്ടിച്ചു. അമ്പരപ്പ് മാത്രമായിരുന്ന സ്ത്രീകളിലെ ഏക ഭാവം. കടുത്ത മാനസികത്തകര്‍ച്ചയില്‍ മുങ്ങിപ്പോയ സ്ത്രീകളുടെ ദയനീയ മുഖം കണ്ടപ്പോള്‍തന്നെ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്‍കി. പിന്നീട് ബ്യാരിയുമായി ബന്ധപ്പെട്ട സാഹിത്യവും സിനിമയും ചരിത്രവുമൊക്കെ പഠിക്കാന്‍ മാസങ്ങളോളമെടുത്തു. നിരന്തരം നാട്ടിലും വീട്ടിലുമിരുന്ന് സ്‌ക്രിപ്റ്റ് മുഴുമിപ്പിച്ചു. അവിടുത്തെ യാഥാസ്ഥിക മത സമ്പ്രദായത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ അല്‍ത്താഫ് എന്ന നിശ്ഛയദാര്‍ഡ്യമുള്ള നിര്‍മാതാവിന്റെ പിന്തുണയില്‍ സിനിമ മുഴുമിപ്പിച്ചു.
ആദ്യം ഇതിലെ പിതാവിന്റെ വേഷത്തില്‍ ഭരത് മുരളിയെ കാസ്റ്റ് ചെയ്‌തെങ്കിലും ഷെഡ്യൂള്‍ പ്രശ്‌നംമൂലം അത് മാമുക്കോയയിലേക്ക് വരികയായിരുന്നു.
സിനിമ പുറത്തിറങ്ങിയപ്പോള്‍ ബ്യാരിയില്‍ അത് പ്രദര്‍ശനത്തിന് അനുവദിച്ചില്ല. ഇപ്പോള്‍ അവാര്‍ഡ് വന്നതോടെ അവരും ചെറുതായി മാറിചിന്തിച്ചു. തിയറ്ററുകളില്‍ പടം ഓടിയെങ്കിലും വിലക്ക് മൂലം പടം കാണേണ്ട സാധാരണക്കാര്‍ പലരും കണ്ടിട്ടില്ല. നാടകത്തിലേതുപോലെ ഈ സിനിമാ പ്രൊജക്ടിനിടയിലും അത് പൊളിക്കാന്‍ പല ഭാഗത്തുനിന്നും ഇടപെടലുണ്ടായി. നടിയെ പിന്തിരിപ്പിക്കാനും നിര്‍മാതാവിനെ പിന്തിരിപ്പാക്കാനുമാണ് കേരളത്തില്‍ നിന്ന് ഇടപെടലുണ്ടായത്. ആരാണെന്ന് വ്യക്തമല്ല.
ഇതിനു മുമ്പ് മമ്മൂട്ടിയെ നായകനാക്കി സുവീരന്‍ എഴുതിയ സ്‌ക്രിപ്റ്റ് നിര്‍മാതാവ് പിന്‍വാങ്ങിയതിനാലാണ് നടക്കാതെ പോയത്. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ സഹസംവിധായകനായും ഉദയനാണ് താരത്തില്‍ വേഷമിടുകയും ചെയ്തു. നാല് ഡോക്യുമെന്ററിയും എടുത്തു.
പുതുതായി ശ്രീനിവാസന്റെയും മറ്റു സിനിമ സംവിധാനം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. ഇതിനൊക്കെ പുറമെ മുമ്പ് ഉപേക്ഷിച്ച മെഗാനാടകപ്രൊജക്ടായ ഈഡിപ്പസ് റെക്‌സിനെ അവലംബിച്ച് വന്‍ സിനിമ സുവീരന്റെ മോഹമാണ്. ധനുഷിനെ നായകനാക്കി ചെന്തമിഴില്‍ ഗോത്രസംസ്‌ക്കാരം സൃഷ്ടിച്ച് കഥ പറയാനാണ് ലക്ഷ്യം. (സമകാലിക മലയാളം വാരിക)
Tuesday, February 28, 2012
പിടിക്കെടാ 'ഹിന്ദു'വിനെ; അഥവാ സി പി എമ്മിന്റെ ഒടുങ്ങാത്ത മാധ്യമപ്പേടി
നരസിംഹാവതാരമൂര്‍ത്തിയായും അതിമാനുഷനായും പ്രത്യക്ഷപ്പെടുന്ന നായകവേഷം ആള്‍ക്കൂട്ടത്തിനിടയിലൊരു പ്രതിനായകനെ സൃഷ്ടിച്ച് അയാളെ ഒറ്റയ്‌ക്ക് അടിച്ചുപരുവത്തിലാക്കുന്ന കാഴ്‌ച കച്ചവടസിനിമയുടെ സ്ഥിരം ദൃശ്യഭാഷയാണ്. ഓരോ തവണ പ്രതിനായകനെ നിലംപരിശാക്കുമ്പോഴും മൂകസാക്ഷികളായ ആള്‍ക്കൂട്ടത്തിന്റെ ഞെട്ടലും ഭീതിയും ഒടുക്കം നായകനോട് ഇതേ ആള്‍ക്കൂട്ടത്തിന് വന്നുചേരുന്ന ഭക്തിയുമൊക്കെയാകും തുടര്‍ന്നുള്ള ഷോട്ടുകളോരോന്നും........
നാലാംതവണയും ശത്രുനിഗ്രഹമെല്ലാം പൂര്‍ത്തിയാക്കി സി പി എമ്മിന്റെ അമരത്തെത്തിയ സാക്ഷാല്‍ പിണറായി വിജയന്റെ മാധ്യമധ്വംസനത്തിന് ഏതാണ്ടിതേ സിനിമാറ്റിക് മൂഡ് വന്നുചേരുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും കാര്യം പറഞ്ഞത്. സിനിമയില്‍ അടികൊള്ളുന്നത് പ്രതിനായകനാകുമ്പോള്‍തന്നെ കാഴ്‌ച്ചക്കാരായ മഹാഭൂരിപക്ഷത്തിന്റെ വിധേയത്വവും പിന്തുണയും ഉറപ്പിച്ച് നായകപരിവേഷത്തിലെത്തുക എന്ന ലളിതയുക്തിയാകുമ്പോള്‍, ഇവിടെ രാഷ്ട്രീയത്തില്‍ ചില ഒറ്റയൊറ്റ എതിരാളികളെ സൃഷ്ടിക്കുകയും അവരെ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുക എന്ന ഫാസിസ്റ്റ് യുക്തിയാണെന്ന് മാത്രമാണ് വ്യത്യാസം. തനിക്ക് ഇഷ്ടമുള്ളത് എഴുതാത്ത മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്‌തും ഭര്‍ത്സിച്ചും ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പിണറായി നടത്തികൊണ്ടിരിക്കുന്ന തേരോട്ടം ഒരു കമ്യൂണിസ്റ്റുകാരനില്‍ എങ്ങിനെ ഫാസിസ്റ്റ്‌വത്‌ക്കരണം പൂര്‍ത്തിയാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാകുന്നു. ഏറെകാലമായി സി പി എം നടത്തിക്കൊണ്ടിരിക്കുന്ന അത്തരം ഇടപെടലിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്ന സംസ്ഥാനസമ്മേളനാനന്തരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ തലയെടുപ്പുള്ള മാധ്യമപ്രവര്‍ത്തകനായ സി ഗൗരീദാസന്‍നായരെ സിന്‍ഡിക്കേറ്റ് തലവന്‍ എന്ന് പരസ്യമായി പിണറായി വിളിച്ചാക്ഷേപിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മാധ്യമങ്ങള്‍ക്കെതിരെ സി പി എം വളര്‍ത്തികൊണ്ടുവന്ന ഏകപക്ഷീയമായി ഇടിച്ചുനിരത്തല്‍ നയം(വിമര്‍ശമെന്ന പേരില്‍) മാധ്യമരംഗത്ത് പാര്‍ട്ടിക്കെതിരെ ചെറിയ വിമര്‍ശത്തെപോലും തടയിടുന്നതിനായുള്ള പശ്ച്‌ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു. അതില്‍ പാര്‍ട്ടി ഏതാണ്ട് വിജയിച്ചു എന്നാണ് കാണുന്നത്. ഏറെ കാലമായി അവര്‍ തുടര്‍ച്ചയായി മാധ്യമമേഖലയെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. പരമ്പരാഗത മാധ്യമമായ അച്ചടിയിലും ദൃശ്യമാധ്യമത്തിലും ന്യൂവെയവ് രംഗമായ സോഷ്യല്‍നെറ്റുവര്‍ക്കുകളിലുമൊക്കെയുള്ള ഇടപെടല്‍ അത്രമാത്രം സുസംഘടിതവും പൂര്‍വ്വ അജണ്ടകളാല്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു.
മീഡിയാ സിന്‍ഡിക്കേറ്റിന്റെ ഉദയം
1957ലെ ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കുന്നതിന് രൂപംകൊണ്ട വിമോചനസമരത്തിനന് കൊഴുപ്പേകാന്‍ സി ഐ എ ഇവിടുത്തെ ചില മാധ്യമങ്ങളില്‍ പണമിറക്കിയെന്നത് ഒരു ചരിത്രവസ്‌തുത. അന്നത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനും അതിനുവേണ്ടിയുള്ള പൊതുസമ്മതി നേടിയെടുക്കാനുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അത്യധികം ഇകഴ്‌ത്തുന്ന വാര്‍ത്തകള്‍ വന്നുവെന്നതും വാസ്‌തവമാണ്. പില്‍ക്കാലത്ത് സി പി എമ്മിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോഴൊക്കെ അവര്‍ കൊണ്ടുപിടിച്ചു നടത്തിയ പ്രയോഗം മാധ്യമങ്ങളുടെ സി ഐ എ ഇടപെടലാണ് പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നില്‍ എന്നായിരുന്നു. ഒരു ചരിത്രവസ്‌തുത എല്ലാ കാലത്തും ആവശ്യത്തിനും അനാവശ്യത്തിനും മാധ്യമവിമര്‍ശനത്തിനായി കെട്ടിയെഴുന്നള്ളിക്കുക എന്നതായിരുന്നു ഈ വിമര്‍ശനത്തിലൂടെ കേരളം കണ്ടത്.
എന്നാല്‍ തൊണ്ണൂറുകള്‍ക്കു ശേഷം ആഗോളവത്‌ക്കരണകാലത്ത് കേരളത്തിലെ മറ്റെല്ലാത്തിനും വന്ന മാറ്റം പോലെ സി പി എമ്മിനും പ്രത്യയശാസ്‌ത്രവ്യതിയാനമടക്കമുള്ള നിരവധി മാറ്റങ്ങള്‍ സംഭവിച്ചതോടെ സി ഐ എപ്രയോഗം സാവധാനം ഇല്ലാതായി. വിദേശമൂലധനതാല്‍പ്പര്യത്തെ ശിരസാവഹിക്കുന്ന നിലയിലുള്ള അന്യവര്‍ഗചിന്താഗതി സി പി എമ്മിനെ പിടികൂടിയതോടെ സി ഐ എ പാര്‍ട്ടിക്കുള്ളിലൂടെയാണ് കേരളത്തിലും മറ്റും കടന്നുവരുന്നതെന്ന് സംശയം ജനങ്ങളില്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു. പാര്‍ട്ടി സോഷ്യല്‍ഡെമോക്രാറ്റിക് രീതിയിലേക്ക് വഴിമാറുമ്പോള്‍തന്നെ അതിനെതിരെ അതിനുള്ളില്‍തന്നെ ശക്തമായ എതിര്‍പ്പും രൂപം കൊള്ളുകയും മൂല്യനിരാസം നേതാക്കളിലും അണികളിലും വന്നുചേരുകയും അഴിമതിക്കു വിധേയമാകുകയും ചെയ്യുന്ന കാലമായിരുന്നു പിന്നീടുണ്ടായത്. അതിനാല്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ മുമ്പൊന്നുമില്ലാത്ത തരത്തില്‍ വന്നുചേര്‍ന്ന അഭിപ്രായവ്യത്യാസവും അതിനുള്ളില്‍തന്നെ ഉടലെടുത്ത ജീര്‍ണ്ണതയും പല രൂപത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നുകൊണ്ടിരുന്നു. അന്നു മുതലാണ് പാര്‍ട്ടിനേതൃത്വം മാധ്യമങ്ങളോട് മുമ്പൊന്നുമില്ലാത്ത തരത്തില്‍ അസഹിഷ്‌ണുത പ്രകടിപ്പിച്ചുതുടങ്ങിയത്.
മടിയില്‍ കനമില്ലാത്തവന് ഏത് വിമര്‍ശനത്തെയും ഭയക്കേണ്ടതില്ലെന്നതാണ് കമ്യൂണിസ്റ്റ് ചരിത്രം തെളിയിക്കുന്നത്. എത്രയോ കാലം മാധ്യമങ്ങളാല്‍ ഏകപക്ഷീയമായി വിചാരണ ചെയ്യപ്പെട്ടിട്ടും വളര്‍ന്നുപന്തലിച്ച പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടിയിലെ വിഭാഗീയകതയ്‌ക്ക് പാര്‍ട്ടിയുടെ ഉദ്‌ഭവത്തോളം പഴക്കുമുണ്ടെങ്കിലും പാര്‍ട്ടി നേതാക്കളുടെ വഴിതെറ്റിയ പോക്കും അഴിമതിയും മറ്റും ആഗോളാവത്‌ക്കരണത്തിനുശേഷമുള്ള വസ്‌തുതയാണ്. അതിനാല്‍ ഇപ്പോഴത്തെ വിമര്‍ശനത്തെയും മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനെയും സി പി എം ഏറെ ഭയപ്പെടുന്നുമുണ്ട്. മടിയിലൊന്നും ഒളിപ്പിക്കാനില്ലാത്തപഴയ പാര്‍ട്ടിനേതാക്കള്‍ സഹിഷ്‌ണുതയോടെ മാത്രമാണ് മാധ്യമവിമര്‍ശനം നടത്തിയിരുന്നത്.
പിണറായി വിജയന്‍ സെക്രട്ടറിയായതിനുശേഷമാണ് ഇത്തരത്തില്‍ പാര്‍ട്ടിയിലെ മൂല്യച്യതിക്കെതിരെയും പ്രത്യശാസ്‌ത്രവ്യത്യാനത്തിനെതിരെയും ഉള്ളില്‍നിന്നുതന്നെ വി എസിന്റെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നത്. അത് ഏറ്റവും രൂക്ഷമായതാകട്ടെ മലപ്പുറം സമ്മേളനത്തിനു മുന്നോടിയായുള്ള കാലയളവിലായിരുന്നു.
ജനീകയാസൂത്രണം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും എം പി പരമേശ്വന്റെ നാലാംലോക സിദ്ധാന്തത്തിനെതിരെ ഉയര്‍ന്ന കോലാഹലവും പരിഷത് വിവാദവുമൊക്കെ ഒന്നാം പേജിലെ ലീഡ് സ്റ്റോറിയായി പോലും മാധ്യമങ്ങളില്‍ കത്തിനിന്നത് ഇക്കാലത്തായിരുന്നു. വര്‍ഗനിലപാടിനെ കൈവിട്ടുകൊണ്ട് സി പി എം നാലാംലോകവദത്തെ കെട്ടിപ്പിടിച്ചു മുന്നേറുകയാണെന്ന് സി പി എമ്മിലെ വിമത സൈദ്ധാന്തികര്‍ വിലയിരുത്തി. അതിനെല്ലാം എം എന്‍ വിജയന്‍മാസ്‌റ്ററുടെ പിന്തുണയും വന്നതോടെ പാര്‍ട്ടി വല്ലാതെ ഉലയാന്‍ തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഉയരുന്ന ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ വള്ളിപുള്ളി വിടാതെ കൊടുക്കാന്‍ തുടങ്ങിയത് പിണറായിയെയും സംഘത്തെയും ശക്തമായി ക്ഷീണിപ്പിക്കാന്‍ തുടങ്ങി. ഒടുക്കം വിമതപക്ഷത്തിന്റെ വിമര്‍ശം ശരിവെക്കുന്ന തരത്തില്‍ എം പി പരമേശ്വനെയും ബി ഇക്‌ബാലിനെയും ജോയ് ഇളമണിനെയുമൊക്കെ പുറത്താക്കുന്ന നില വന്നപ്പോള്‍ അതും മാധ്യമങ്ങള്‍ ആഘോഷിച്ചു.
പാര്‍ട്ടി സെക്രട്ടറി പ്രതിയായി ഉയര്‍ന്നുവന്ന ലാവ്‌ലിന്‍ അഴിമതിയും വി എസിന്റെ ഇടപെടലിനു ശക്തി കൂട്ടിയപ്പോള്‍ അതും വസ്‌തുത ചോര്‍ന്നുപോകാതെ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചു. മലപ്പുറം സമ്മേളനത്തിനെ ലക്ഷ്യം വെച്ചായിരുന്നു വി എസ് അച്യുതാനന്ദന്‍ ഇത്രയും പ്രശ്‌നങ്ങളൊക്കെ തരാതരം പോലെ ഉപയോഗിച്ചിരുന്നത.് പാര്‍ട്ടിയെ ഉലയ്‌ക്കുന്ന തരത്തില്‍ അക്കാലയളവില്‍ അനിയന്ത്രിതമായി വാര്‍ത്ത വന്നുകൊണ്ടിരിക്കെയാണ് `മാധ്യമസിന്‍ഡിക്കേറ്റ്' എന്ന പ്രയോഗവുമായി പിണറായി രംഗത്തുവന്നത്. ഒരേ സമയം വിവിധ പത്രങ്ങളില്‍ ഒരേ പോലെയുള്ള വാര്‍ത്തകള്‍ പാര്‍ട്ടിക്കെതിരെ വരുന്നത് ഒരു കേന്ദ്രത്തിലിരുന്ന് ചില മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തയ്യറാക്കുന്നതാണെന്നാണ് ഇതിന് പിണറായി നല്‍കിയ വ്യാഖ്യാനം. പാര്‍ട്ടിക്കുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന്റെ പേരില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ത്ത് തങ്ങള്‍ക്കു മുന്നേറാനാകുമോ എന്ന പരീക്ഷണമായിരുന്നു മാധ്യമസിന്‍ഡിക്കേറ്റ് പ്രയോഗത്തിലൂടെ സി പി എം നടത്തിയത്.
അക്രമം, കേസ്, തെറിയഭിഷേകം
ഗ്രൂപ്പ് പോരും അധികാരപോരും പ്രത്യയശാസ്‌ത്ര വ്യതിയാനവുമൊക്കെ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു എന്നത് പില്‍ക്കാലത്ത് പാര്‍ട്ടിതന്നെ എഴുതി പുറത്തുവിട്ട രേഖയില്‍ പലയിടത്തും അടിവരയിട്ട് വ്യക്തമാക്കിയ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പേരെ പുറത്താക്കുകയും ചിലരെ പിന്നീട് ഔദ്വോഗികപക്ഷത്തിന്റെ താല്‍പ്പര്യപ്രകാരം തിരിച്ചെടുത്തതും വസ്‌തുതയാണ്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി പരസ്യമായി പത്രക്കുറിപ്പ് ഇറക്കി പ്രഖ്യാപിക്കുന്നതിനു മുമ്പേ പറഞ്ഞുപോയി എന്നതാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്‌ത തെറ്റ്. ഔദ്യോഗിക ഗസറ്റ് വരുന്നതുമാത്രം വാര്‍ത്തയായി കൊടുക്കണമെന്ന് ശാഠ്യം പിടിക്കാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യം നിലവിലില്ലെന്ന കാര്യം ഇവര്‍ ആരും തന്നെ ഓര്‍ക്കുന്നില്ല( ഹിന്ദു പത്രം ഏറെകാലമായി തങ്ങളുടെ റിലീസ് നന്നായി കൊടുക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അതല്ലാത്ത ചില വാര്‍ത്തയും കൊടുക്കുന്നു എന്നതാണ് ഗൗരീദാസന്‍നായര്‍ക്കെതിരെ പിണറായി ഇറക്കിയ കുറ്റപത്രം)
ഇതിനെ നേരിടാന്‍ പല മാര്‍ഗങ്ങളായിരുന്നു സി പി എം അവലംബിച്ചത്. ഒറ്റപ്പെട്ട ആക്രമങ്ങള്‍ മാധ്യമസ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടത്തുക, അമിതവിമര്‍ശനവുമായി രംഗത്തെത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ് നല്‍കുക, ഇതൊന്നുമല്ലാത്തവരെ പരസ്യമായി പൊതുയോഗങ്ങളില്‍ തെറിവിളിക്കുക(ഇതാ നമുക്കെതിരായ ഒരു മാധ്യമപ്രവര്‍ത്തകന്‍, അവനെ കൈയില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുക എന്ന ധ്വനിയാണ് അത്തരം പ്രസംഗങ്ങള്‍ക്കുള്ളത്)
ഇ പി ജയരാജന്റെ വീടുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിന്റെ പേരില്‍ മംഗളം പത്രത്തിന്റെ കണ്ണൂര്‍ ആഫീസിനു നേരെ ആക്രമണം നടത്തി മാധ്യമപ്രവര്‍ത്തകനെയും ഫോട്ടോഗ്രാഫറെയും അക്രമിച്ചത്, മലപ്പുറം സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അന്ന് മംഗളത്തില്‍ ജോലി ചെയ്‌തിരുന്ന രാമചന്ദ്രന്‍ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ അക്രമം അഴിച്ചുവിട്ടത്, ഏറ്റവുമൊടുവില്‍ സ്‌ത്രീവിഷയത്തില്‍ അകപ്പെട്ട പി ശശിയുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയതിന്റെ പേരില്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം, വാര്‍ത്തയുടെ പേരില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറ്...ഇങ്ങിനെ നീളുന്നതാണ് അത്തരം ഇടപെടലുകള്‍
പിണറായിയെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. എ ജയശങ്കര്‍ ലേഖനം എഴുതിയതിന്റെ പേരില്‍ മാധ്യമം വാരികയ്‌ക്കെതിരെ കേസ് നല്‍കിയതും ഇതേ തരത്തിലുള്ള സി പി എമ്മിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയില്‍ വി എസ്- പിണറായി പോര് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍ വി എസിന് അനുകൂലമായ പോസ്‌റ്റര്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിനു മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഒട്ടിച്ചത് അതികാലത്ത് റിക്കോര്‍ഡ് ചെയ്‌ത് വാര്‍ത്തയാക്കിയതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ ലേഖകന്‍ സി കെ വിജയനെതിരായ കേസ്, എം എന്‍ വിജയന്റെ മരണത്തെതുടര്‍ന്ന് അദ്ദേഹത്തെ പുകഴ്‌ത്തികൊണ്ട് ദീപികയില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിപ്പിച്ച് കേസെടുപ്പിക്കാന്‍ ധൃതികാട്ടിയത്( അന്ന് ഔദ്വോഗികപക്ഷത്തിന്റ ഉറ്റ തോഴന്‍ ഫാരീസ് അബൂബക്കറിന്റെ നിയന്ത്രണത്തിലായിരുന്ന ദീപിക. ഔദ്യോഗികപക്ഷത്തെ എതിര്‍ക്കുന്ന വാര്‍ത്ത കൊടുക്കാന്‍ പാടില്ലായിരുന്നു, അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ കേസില്‍ ഏറെ താല്‍പ്പര്യം കാട്ടിയിരുന്നു) എന്നിവയും പിണറായിയുടെ മാധ്യമവധത്തിന്റെ ഭാഗയമായി അരങ്ങേറിയതാണ്.
മാതൃഭൂമി പത്രാധിപരായിരുന്ന കെ ഗോപാലകൃഷ്‌ണനെ `എടോ ഗോപാലകൃഷ്‌ണാ..' എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് ഇഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച് നിശബ്ദരാക്കുക എന്ന പിണറായിയുടെ ശൈലിയില്‍ പൊന്‍തൂവലായി ഇന്നും കിടക്കുന്നത്. അസഹിഷ്‌ണുതയും കമ്യൂണിസ്റ്റ് സേച്ഛാധിപത്യമനോഭാവവും ഒരുമിച്ച് ചേര്‍ന്നുള്ള സ്വരമായിരുന്നു ഇതിലൂടെ കേരളം കേട്ടത്. സി പി എമ്മിനെക്കുറിച്ച് സത്യം എഴുതിയതിന്റെ പേരിലായിരുന്നു ഒരു പത്രാധിപര്‍ ഇത്രമാത്രം ഇകഴ്‌ത്തപ്പെട്ടതെന്ന് നാമോര്‍ക്കണം. വി എസ് അച്യതാന്ദന്‍ `വെറുക്കപ്പെട്ടവന്‍' എന്ന് വിളിച്ച ഫാരീസ് അബൂബക്കറില്‍നിന്ന് നായനാര്‍ ഫുട്‌ബോള്‍ മേളയ്‌ക്ക് ലക്ഷങ്ങളുടെ ഫണ്ട് സ്വീകരിച്ച വാര്‍ത്ത മാതൃഭൂമിയില്‍ വന്നതായിരുന്നു പിണറായിയുടെ ചതുര്‍ത്ഥിയ്‌ക്ക് ഗോപാലകൃഷ്‌ണന്‍ വിധേയനാകാനുള്ള ആദ്യകാരണം. ലോട്ടറിതട്ടിപ്പ് വീരന്‍ മാര്‍ട്ടിനില്‍നിന്ന് കോടികളുടെ ബോണ്ട് ദേശാഭിമാനിയുടെ വകയിലേക്ക് വാങ്ങിയ വാര്‍ത്തയും ലിസ് ചാക്കോയില്‍ ദേശാഭിമാനി കൊച്ചി മാനേജര്‍ കാശ് വാങ്ങിച്ചതിലും തീര്‍ന്നില്ല എം എന്‍ വിജയന്റെ പ്രമാദമായ `അരവും കത്തിയും' എന്ന ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതുമൊക്കെയാണ് ഗോപാലകൃഷ്‌ണന് ശിക്ഷ വിധിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.
മാതൃഭൂമിയില്‍ ഇന്ദ്രന്‍സ് എന്ന പംക്തിയില്‍ `പിണറായി പരിധിക്ക് പുറത്താണ്' എന്ന പേരില്‍ ലേഖനം വന്നതും പിണറായിയുടെ മാധ്യമവധത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. പംക്തി കൈകാര്യം ചെയ്യന്ന എന്‍ പി രാജേന്ദ്രനും ലഭിച്ചു കണക്കറ്റ് ശകാരമര്‍ദ്ദനം. നവകേരളയാത്രയില്‍ തളിപ്പറമ്പില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വി എസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനും കിട്ടിയത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെ പേര് വിളിച്ച് ആക്ഷേപം. ജനാധിപത്യരഹിതമായ പിണറായിയുടെ അന്നത്തെ പത്രസമ്മേളനം ലൈവായി കണ്ട പാര്‍ട്ടിക്കാര്‍പോലും ഇത്രവേണ്ടിയിരുന്നോ എന്ന് ചോദിച്ച് മൂക്കത്ത് വിരല്‍വച്ചുപോയിരുന്നു.
സിണ്ടിക്കേറ്റിനെതിരെ പിണ്ടിക്കേറ്റിന്റെ ഉദയം
പാര്‍ട്ടിയിലെ ആഭ്യന്തരകലാപങ്ങളെക്കുറിച്ച് എഴുതുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്‌തും കവലചട്ടമ്പികളെപ്പോലെ വിരട്ടിയും തെറിവിളിച്ചും പാര്‍ട്ടി മുന്നേറിയെങ്കിലും വേണ്ടത്ര ഗുണം കിട്ടാതെ വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ അനുനയിപ്പിച്ച് കൂടെക്കൂട്ടി പിണറായിക്ക് സിന്‍ഡിക്കേറ്റ് എന്ന `പിണ്ടിക്കേറ്റ'് ഉണ്ടാക്കുക എന്ന ബുദ്ധി ഉദിച്ചത്. മലപ്പുറം സമ്മേളനത്തിനുശേഷം പിണറായിയുടെ ഇമേജ് കേരളത്തില്‍ ഉയര്‍ത്തിക്കാട്ടി അടുത്ത മുഖ്യമന്ത്രി പദത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രണ്ടു നവകേരളയാത്രയുടെ മുന്നോടിയായുമാണ് ഇത്തരത്തിലൊരു നീക്കം തുടങ്ങിയത്. മലപ്പുറം സമ്മേളനത്തിനുശേഷം അതുവരെ എതിരാളിയായിരുന്ന എന്‍ പി ചന്ദ്രശേരനെന്ന മാധ്യമപ്രവര്‍ത്തകനെ പാര്‍ട്ടിചാനലിന്റെ തലപ്പത്ത് കയറ്റിയിരുത്തിയതും ഇന്ത്യന്‍ എക്‌സപ്രസ്സില്‍ ജോലി ചെയ്യവെ പാര്‍ട്ടിക്കെതിരെ നിരന്തരം എഴുതിയിരുന്ന എന്‍ മാധവന്‍കുട്ടിയെ പാര്‍ട്ടി പത്രത്തിന്റെ തലപ്പത്തെത്തിച്ചതും പഴയ നക്‌സലൈറ്റുകാരനായ ഭാസുരേന്ദ്രബാബുവിനെ മാധ്യമവിശകലനക്കാരനാക്കിയതുമൊക്കെ എതിരാളിയെ വശത്താക്കി കീഴടക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു.
കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പാര്‍ട്ടി ഭക്തിയുള്ളവരെ കണ്ടെത്തി അവരുമായി നല്ല ബന്ധം പുലര്‍ത്തുകയും ചില പത്രങ്ങളെ പാര്‍ട്ടിയിലെ ഔദ്വോഗികപക്ഷത്തിന്റെ മുഖപത്രമാക്കി മാറ്റുന്ന നിലയിലേക്ക് കൊണ്ടുവന്നതുമൊക്കെ ചരിത്രമായിരുന്നു. ഫാരീസ് അബൂബക്കറിന്റെ നിയന്ത്രണത്തില്‍ ദീപികയും രാഷ്ട്രദീപികയും പുലരുന്ന കാലത്ത് പാര്‍ട്ടിഔദ്യോഗികപക്ഷത്തിന്റെ മുഖപത്രമെന്ന നിലയിലായിരുന്നു അത് ഇറങ്ങിയിരുന്നത്. ഓരോ ദിവസവും വി എസിനെ അവഹേളിക്കുന്ന വാര്‍ത്തയ്‌ക്ക് പ്രാധാന്യം നല്‍കിയും ഇടയ്‌ക്ക് ഔദ്വോഗി നേതാക്കളുടെയും അവരുമായി ഇഷ്ടം പുലര്‍ത്തുന്നവരുടെ അഭിമുഖമടക്കം അക്കാലത്ത് ദീപികയുടെ പ്രത്യേകതയായിരുന്നു. പിണറായിക്ക് ദോഷം ചെയ്യുന്ന വാര്‍ത്തകള്‍ തമസ്‌ക്കരിച്ചുമുന്നേറിയ പത്രം പിന്നീട് കൃസ്‌ത്യന്‍ മേധാവികള്‍ തിരിച്ചുപിടിച്ചപ്പോള്‍ പാര്‍ട്ടികൂറ് വിട്ടെങ്കിലും ഫാരിസ് `മെട്രോ വാര്‍ത്തയെന്ന' പേരില്‍ സ്വന്തമായി പത്രം തുടങ്ങി അതിലൂടെ `വിഎസ് വധം' പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.
നവകേരളയാത്രയില്‍ പിണറായിക്ക് മാധ്യമപ്രീതി ലഭിക്കുന്നതിനായി എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകരുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തിയതും പിണ്ടിക്കേറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ബിസിനസ് പത്രസമ്മേളനത്തിനെ വെല്ലുന്ന തരത്തില്‍ പത്രങ്ങളുടെ ജില്ലാറിപ്പോര്‍ട്ടര്‍മാരെ വണ്ടിവിട്ട് ഗ്രാമങ്ങളിലേക്ക് കൊണ്ടുവരികയും ഭക്ഷണം കൊടുത്ത് പത്രസമ്മേളനം നടത്തിച്ചതുമൊക്കെ പാര്‍ട്ടിയുടെ ആര്‍ഭാടമഹിമ തെളിയിക്കുന്നതായി. വി എസ് ഗ്രൂപ്പ് അസ്‌തമിച്ചെന്ന് പറയുന്ന പാര്‍ട്ടിയില്‍ വി എസിനെ ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ തനിയെ ചോരുന്നതല്ലെന്നും പിണ്ടിക്കേറ്റ് പ്രവര്‍ത്തിലൂടെ അച്ചടി ദൃശ്യമാധ്യമങ്ങളില്‍ ആരൊക്കെയോ എത്തിച്ചുകൊടുക്കുന്നതാണെന്നും ഇന്ന് ആര്‍ക്കാണ് അറിയാത്തത്. പാര്‍ട്ടിക്കായി ചില പുറത്തുള്ള ചാനലുകളും ഇതിനായി പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു ചാനലിലൂടെ പാര്‍ട്ടിസമ്മേളന റിപ്പോര്‍ട്ടിന്റെ കോപ്പി കാണിക്കുമ്പോഴും ചോര്‍ന്നിട്ടില്ലെന്ന് സി പി എം നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ യുക്തിയെന്താണെന്ന് ഇപ്പോഴും ആര്‍ക്കും മനസിലായിട്ടില്ല.
പത്രയൂണിയന്‍ പിടിച്ചെടുക്കല്‍
മാധ്യമപ്രവര്‍ത്തകര്‍ക്കായി കേരളത്തില്‍ നിലവിലുള്ള പ്രധാന ട്രേഡ് യൂണിയനുകളിലൊന്നാണ് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍( കെ യു ഡബ്ല്യു ജെ) ഒരു കാലത്ത് ദേശാഭിമാനി ഒഴിച്ചുള്ള മറ്റു പത്രങ്ങളില്‍നിന്നുള്ളവരായിരുന്നു ഈ യൂണിന്റെ പ്രധാനഭാരവാഹികള്‍. പാര്‍ട്ടിക്കെതിരായ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ മറ്റു പല തന്ത്രങ്ങളും പയറ്റുന്നതിനൊപ്പം യൂണിയന്‍ പിടിച്ചെടുക്കണമെന്ന് തീരുമാനവും പാര്‍ട്ടി എടുത്തത് ഈയടുത്ത കാലയളവിലായിരുന്നു. അതുവരെ അതിന്റെ തലപ്പത്തുണ്ടായിരുന്നത് സി പി എമ്മിന് അത്ര പഥ്യമാകാത്ത ഗൗരീദാസന്‍നായരെയും എന്‍ പത്മനാഭനെയും പോലെയുള്ളവരായിരുന്നു. അവരെപോലുള്ളവരെ നേതൃത്വത്തില്‍ നിന്ന് താഴെയിറക്കാനും വിവിധ ജില്ലാകമ്മിറ്റികള്‍ പിടിച്ചെടുക്കാനും അനൗപചാരികമായി പല ഇടപെടലും നടത്തിയെന്നത് നിഷേധിക്കാനാകാത്ത വസ്‌തുതയായിരുന്നു. ഇപ്പോള്‍ യൂണിയന്റെ ജന. സെക്രട്ടറി പാര്‍ട്ടിപത്രത്തിലെ പ്രതിനിധിയാണ് മഹാഭൂരിപക്ഷം ജില്ലാകമ്മിറ്റി ഭരിക്കുന്നതും അവരാണ്. മാതൃഭൂമി കഴിഞ്ഞാല്‍ മെമ്പര്‍ഷിപ്പില്‍ രണ്ടാംസ്ഥാനം ദേശാഭിമാനിക്കാണ്.
ഇത്തരത്തിലുള്ള വിവിധങ്ങളായ ഇടപെടല്‍ നടത്തി വലതുപക്ഷമെന്ന് വിളിക്കുന്ന മാധ്യമങ്ങളുടെപോലും പ്രിയപുത്രനായി പിണറായി മാറിയിട്ടും തീരുന്നില്ല വിമര്‍ശനത്തോട് അദ്ദേഹത്തിനുള്ള കെറുവും അസഹിഷ്‌ണുതയും. ഇപ്പോള്‍ സി പി എമ്മുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട പല വാര്‍ത്തകളും പഴയപോലെ കത്തിനില്‍ക്കാത്തത് പിണ്ടിക്കേറ്റിന്റെ വിജയമല്ലാതെ മറ്റെന്താണ്. അത്തരത്തില്‍ സ്വന്തം സിണ്ടിക്കേറ്റുണ്ടാക്കി കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിഴുങ്ങുന്ന വേളയില്‍ എന്തിനാണ് പഴകിനാറിയ സിണ്ടിക്കേറ്റ് പ്രയോഗം വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. `എടോ ഗോപാകൃഷ്‌ണ' മുതല്‍ സിന്‍ഡിക്കേറ്റ് തലവനെ ഇപ്പോള്‍ പേരെടുത്ത് പറഞ്ഞ് അവഹേളിച്ചപ്പോള്‍ പോലും നമ്മുടെ മാധ്യമട്രേഡ് യൂണിയന് യാതൊരു ആശങ്കയോ പ്രതികരണമോ ഇല്ലായിരുന്നു. അത്രമമാത്രം മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദമായിക്കൊണ്ടിരിക്കുന്ന നേരത്ത് പിണറായി നടത്തുന്ന പ്രതികരണത്തെ പാര്‍ട്ടിയുടെ പുതിയ സ്ഥാനലബ്ധിയുടെ സന്തോഷത്തിനപ്പുറം അധികാരം തലയ്‌ക്കു പിടിച്ചവന്റെ ധാര്‍ഷ്‌ട്യമല്ലാതെ വേറെന്താണ്.
കുറിപ്പ്: തലശേരിയില്‍ എന്‍ ഡി എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോടിയേരിയിലെ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടുപരിസരത്ത് പാര്‍ട്ടിക്കാര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തിയിരുന്നു. എന്തിനെയും ഏതിനെയും ലൈവാക്കി നമ്മുടെ അടുക്കളയില്‍ എത്തിക്കുന്ന ചാനലുകളിലൊന്നിലും ആ വിഷ്വല്‍ വന്നില്ല. കണ്ണൂരിലെ ഒരു ദൃശ്യമാധ്യപ്രവര്‍ത്തകനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി കിട്ടിയത് ഇങ്ങിനെയായിരുന്നു. `എന്തിനാണ് സുഹൃത്തെ പാര്‍ട്ടിക്കെതിരെ വാര്‍ത്ത കൊടുത്ത് പൊല്ലാപ്പിലാകുന്നത്''.
Subscribe to:
Posts (Atom)