Saturday, February 18, 2012

'ലാംപ്'അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്.............




(കെ വേണുവിന്റെ നിരാഹാരസമരത്തിന്റെ പശ്ചാത്തലത്തില്‍ ലാലൂരിന്റെ സമരചരിത്രം)


ക്ഷമയുടെ നെല്ലിപ്പലകയെന്നത് ഇപ്പോള്‍ ലാലൂരുകാരെ സംബന്ധിച്ച് ഉള്ളില്‍തട്ടാത്ത പ്രയോഗമായി മാറിയിരിക്കുന്നു. അഞ്ചു പതിറ്റാണ്ടിനു മീതെയായി മാലിന്യകൂമ്പാരത്തിന്റെ രൂക്ഷസാമീപ്യം സൃഷ്ടിച്ച തീരാദുരിതത്തിന് പരിഹാരമായി ലാലൂരുകാര്‍ക്കുമുമ്പില്‍ കോര്‍പ്പറേഷനും ഭരണകൂടവും എന്തെന്ത് വ്യാമോഹങ്ങളാണ് വച്ചുനീട്ടിയത്. എല്ലാം മേമ്പൊടി ചികിത്സ മാത്രമായി പരിണമിക്കുകയും അന്തിമപരിഹാരം നീണ്ടു നീണ്ടു പോകുകയുമാണ് പതിവ്.
പേമാരിയും ദുരിതവും വന്നുമൂടുമ്പോള്‍ വിവിധ സമരരൂപങ്ങളായി പ്രതിഷേധം കത്തിയുയരുമെങ്കിലും പരിഹാരമാര്‍ഗത്തിനുമുന്നില്‍ സമരമവസാനിപ്പിക്കുന്നവര്‍. ഒടുക്കം പരിഹാരമാര്‍ഗങ്ങളെല്ലാം പ്രത്യേകഘട്ടത്തില്‍ അട്ടിമറിക്കപ്പെടുകയും വീണ്ടും സമരത്തിലേക്ക് എടുത്തുചാടുകയും ചെയ്യപ്പെടുന്നവര്‍. എല്ലാ മാലിന്യസംസ്‌ക്കരണപദ്ധതികളും തങ്ങളെ പറഞ്ഞുപറ്റിക്കാനുള്ള മാര്‍ഗങ്ങളാണെന്ന് തിരിച്ചറിഞ്ഞവര്‍ കൂടിയായ ലാലൂരുകാര്‍ക്ക് ക്ഷമയുടെ മാത്രമല്ല ഇപ്പോള്‍ ജീവതത്തിന്റെ തന്നെ നെല്ലിപ്പലക തകര്‍ന്നുകൊണ്ടിരിക്കയാണ്.
ഇത്ര നിരാശാജനകമായി ലാലൂര്‍ സമരത്തിനെ ചുരുക്കിവിവരിക്കേണ്ടിവരുന്നതില്‍ ചില വര്‍ത്തമാനസാഹചര്യമുണ്ട്. മേല്‍പ്പറഞ്ഞ പ്രകാരം 2009 ഡിസംബറില്‍ അളമുട്ടിയെന്ന് പറഞ്ഞതുപോലെ ലാലൂരുകാര്‍ ശക്തമായ സമരത്തിലേക്ക് എടുത്തുചാടി. ഡിസംബര്‍ 14 ന് ലാലൂര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേനിരാഹാരസമരം തുടങ്ങുകയും ചെയ്തു. സമരം മാസങ്ങള്‍ നീണ്ടുപോയിട്ടും സമരക്കാരുമായി സംസാരിക്കാന്‍ പോലും കോര്‍പ്പറേഷന്‍( എല്‍ ഡി എഫ്) ഭരണാധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരക്കാര്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെ നേരില്‍ കണ്ട് കാര്യം ബോധിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന എല്‍ ഡി എഫ് ഭരണത്തിന്റെ കുത്സിതതാല്‍പ്പര്യത്തെ പോലും മറികടന്ന് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ലാലൂരുകാരുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരമെന്ന നിലയില്‍ പത്തിയൂര്‍ ഗോപിനാഥും അദ്ദേഹത്തിന്റെ ലാലൂര്‍ മോഡല്‍ പ്രൊജക്ടും (ലാംപ്) രംഗപ്രവേശം ചെയ്തത്. കോര്‍പ്പറേഷനിലെ വിവിധ ഭാഗങ്ങളിലായി മാലിന്യം സംസ്‌ക്കരിക്കുന്ന പദ്ധതി വരുമെന്ന ഉറപ്പ കിട്ടിയതിനാലാണ് 115 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാരസമരം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെയും മറ്റും സാന്നിധ്യത്തില്‍ നിര്‍ത്തിവെച്ചത്. ഒട്ടേറെ സാങ്കേതികപ്രശ്‌നവും പ്രതിഷേധവും തദ്ദേശസ്വയംഭരണവകുപ്പിന്റെ എതിര്‍പ്പുമൊക്കെ മറികടന്ന് പത്തിയൂരിന്റെ പദ്ധതിക്ക് കോര്‍പ്പറേഷന്‍ അംഗീകാരം കൊടുത്തപ്പോള്‍ അതിനെ ലാലൂര്‍സമരസമിതിയും പിന്തുണച്ചു. ഹൈക്കോടിതിയും സര്‍വ്വകക്ഷിസമിതിയും പല വിദഗ്ധരും മുന്നോട്ടുവച്ച 'വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി' പത്തിയൂരിന്റെ പദ്ധതിയില്‍ ഉണ്ടെന്ന് കണ്ടതോടെയാണ് സമരങ്ങളെല്ലാം അവസാനിപ്പിച്ച് ഈ പുതിയ പദ്ധതിക്ക് സമരസമിതി പിന്തുണ കൊടുത്തത്. പദ്ധതിക്കായി ഫണ്ട് വകയിരുത്തുകയും അത് പ്രയോഗത്തില്‍ വരുത്തുന്നുവെന്ന് നോക്കാനായി ലാലൂരുകാര്‍ അടക്കമുള്ള ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും ഫോം ചെയ്തു. തൃശൂരില്‍ അഞ്ച് കേന്ദ്രങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിച്ച് സംസ്‌ക്കരിക്കുന്ന വികേന്ദ്രീകൃതസംസ്‌ക്കരണപദ്ധതിയായിരുന്നു പത്തിയൂരിന്റേത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ഒന്നരവര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. ഒന്നോ രണ്ടോ സ്ഥലത്ത് ചില ഇരുമ്പുവേലി കെട്ടിയും മറ്റും ചില പ്രാഥമികപ്രവര്‍ത്തി നടത്തിയതല്ലാതെ കാര്യമായ നിര്‍മാണപുരോഗതി ഒന്നും ഇതുവരെ കാണാനില്ല. ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് കണ്ടപ്പോള്‍തന്നെ ഈ പദ്ധതിയും അട്ടിമറിക്കപ്പെടുകയാണോ എന്ന സന്ദേഹം സമരസമിതിയും മറ്റു സാമൂഹ്യപ്രവര്‍ത്തകരും നേരത്തെ പ്രകടിപ്പിച്ചതായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പുതുതായി അധികാരത്തിലേറിയ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ഒപ്പം പത്തിയൂര്‍ ഗോപിനാഥിന്റെയുമൊക്കെ നീക്കങ്ങള്‍ തെളിയിക്കുന്നത്.
പഴയ മുഖ്യമന്ത്രിയുടെ പിന്തുണയോടെ വന്ന പത്തിയൂര്‍ പദ്ധതിയെ പുതിയ യു ഡി എഫ് ഭരണത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പിന്തുണച്ചാണ് സംസാരിച്ചത്. ഈയിടെ മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോള്‍ സമരസമിതിക്കാര്‍ മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നുകണ്ടപ്പോള്‍ അറിയിച്ചിതായിരുന്നു ഇത്. എന്നാല്‍ അഞ്ച് സ്ഥലങ്ങളില്‍ മൂന്ന് സ്ഥലം മാത്രമേ കോര്‍പ്പറേഷന്റെ അനുമതിയുള്ളൂ എന്നതാണ് ഇപ്പോഴത്തെ വൈരുധ്യം. മുന്‍കാലത്തേതുപോലെ ഇപ്പോഴും കേരളം ഭരിക്കുന്ന അതേ മുന്നണിതന്നെയാണ് തൃശൂര്‍ കോര്‍പ്പറേഷനും ഭരിക്കുന്നത്(അന്ന് എല്‍ ഡി എഫാണെങ്കില്‍ ഇന്ന് യു ഡി എഫ്). എല്‍ ഡി എഫ് ഭരണകാലത്ത് ലാലൂരില്‍ സമരമുയരുമ്പോള്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തുണ്ടായിരുന്ന യു ഡി എഫ് സമരത്തെ പരമാവധി ഉപയോഗിക്കുകയും ചില ഘട്ടത്തില്‍ സമരത്തിന് പിന്തുണ കൊടുക്കുയും ചെയ്തിരുന്നു(ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ തെറ്റില്ല). എന്നാല്‍ അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരണപക്ഷത്തായപ്പോള്‍ അവരും അഴകൊഴമ്പന്‍ സമീപനമാണ് എടുക്കുന്നത്. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി കോര്‍പ്പറേഷന്‍ വാങ്ങിത്തരാത്തതിനാലും ചില സ്ഥലങ്ങളില്‍(ശക്തനിലും, കോലോത്തുംപാടത്തും) പ്രതിഷേധത്തെ നേരിടാന്‍ പൊലീസിനെ കിട്ടാത്തതിനാലുമാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്തതെന്നാണ് പത്തിയൂര്‍ തടസ്സമായി പറയുന്നതെന്നാണ് സമരസമിതിക്കാരുടെ പ്രതികരണം. പൊല്യൂഷന്‍കണ്‍ട്രോള്‍ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടത് പത്തിയൂര്‍ ഗോപിനാഥന്‍തന്നെയാണ് എന്നാണ് ഇതിനോട് കോര്‍പ്പറേഷന്റെ വിശദീകരണം.
അതിനിടയില്‍ പി സി ചാക്കോ എം പി യുടെ നേതൃത്വത്തില്‍ വീണ്ടും മറ്റൊരു കേന്ദ്രീകൃത സംസ്‌ക്കരണപദ്ധതിയുടെ ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്. കോയമ്പത്തൂരില്‍ 250 ഏക്കറില്‍ നടക്കുന്ന മാലിന്യസംസ്‌ക്കരണ കേന്ദ്രം നേരില്‍ സന്ദര്‍ശിച്ച് അതിന്റെ അറിയാന്‍ മാസങ്ങള്‍ക്കു മുമ്പ് ചിലര്‍ അങ്ങോട്ടു പോകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്റെ പിന്തുണയോടെ നടക്കുന്ന ഈ പ്രക്രിയ മുന്നോട്ടുപോയാല്‍ തൃശൂരിലെ നിലവില്‍ കൂടുതല്‍ സ്ഥലമെന്നു പറയുന്ന ലാലൂരില്‍തന്നെ ഇത് നടപ്പാക്കാനാണ് ആലോചനയെന്നും അറിയുന്നു. യുഡി എഫ്, എല്‍ ഡി എഫ് ഭരണത്തിലെല്ലാം ലാലൂരില്‍ നടപ്പാക്കിയത് വന്‍കിട പദ്ധതികളാണെങ്കിലും ലാലൂരിലെ ജനതയ്ക്ക് അതു മൂലം വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിറക്കി നടപ്പാക്കുന്ന ഒരു പദ്ധതി നിലവിലിരിക്കെ മറ്റു ചില ആലോചനകളുമായി രാഷ്ട്രീയക്കാര്‍ മുന്നോട്ടുപോകുന്നത് സമരസമിതിയുടെ ആശങ്ക വീണ്ടും വര്‍ധിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്ക് സ്വീകാര്യനായ(അന്നത്തെ മുഖ്യമന്ത്രിക്ക്) പത്തിയൂരിനെ വച്ച് പദ്ധതിക്കായി ഇറക്കിയ ഉത്തരവിന്റെ പുറത്താണ് 'ലാംപ്' പദ്ധതി വന്നത്. ഇപ്പോള്‍ കേരളത്തിലും തൃശൂര്‍ കോര്‍പ്പറേഷനിലും ഭരണം മാറിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും മറ്റും ഇപ്പോള്‍ പ്രായോഗികപ്രശ്‌നമുണ്ടെന്ന വിലയിരുത്തല്‍ കോര്‍പ്പറേഷനു മുന്നിലുള്ളതിനാല്‍ പഴയ ഉത്തരവ് തന്നെ റദ്ദാക്കപ്പെടാനിടയുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ഒട്ടേറെ ദുരൂഹതകളും സംശയങ്ങളുടെയും പശ്ചാത്തലം അനുദിനം വര്‍ധിക്കുമ്പോഴും തൃശൂരിലെ മാലിന്യങ്ങളെല്ലാം എക്കാലത്തേയുംപോലെ ലാലൂരില്‍തന്നെ എത്തുകയാണ്. അവിടെ സംസ്‌ക്കരണപ്രക്രിയക്കായി ഉപയോഗിച്ചിരുന്ന മൂന്ന് ഓര്‍ഗൈവറില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുപയോഗിച്ചാണ് മാലിന്യം കുഴക്കുകയും വളമാക്കുകയും മറ്റുള്ളവ കുഴിച്ചിട്ട് മണ്ണിടുകയുമൊക്കെയാണ് നടക്കുന്നത്. മറ്റു പ്രക്രിയകളെല്ലാം പഴയപടിതന്നെ നടക്കുന്നതിനാല്‍ ലാലൂരുകാരുടെ സഹജമായ പ്രതിഷേധത്തിനും സമരവീര്യത്തിനും കാര്യമാ മാറ്റമൊന്നും വന്നിട്ടുമില്ല. കേന്ദ്രീകൃത പദ്ധതിയാണ് വീണ്ടും വരുന്നതെങ്കില്‍ അതു ലാലൂരിനെ ലക്ഷ്യം വെക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ കാലമായി നിര്‍ത്തിവച്ച് സമരം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാലൂര്‍സമരസമിതി. ലാലൂര്‍ സമരത്തിന് ജില്ലയ്ക്കുള്ളിലെയും പുറത്തെയും നിരവധി സംഘടനകളും സമിതിയുമൊക്കെ പിന്തുണയുമായി എന്നും രംഗത്തുണ്ടായിരുന്നു. അത്തരക്കാരെയൊക്കെ വിളിച്ചുകൂട്ടികൊണ്ട് ഈ വിഷയം വീണ്ടും സജീവചര്‍ച്ചയാക്കി ഭാവിപരിപാടികള്‍ ആലോചിക്കാന്‍ വിശദമായി കണ്‍വെന്‍ഷനും ചേര്‍ന്നുകഴിഞ്ഞു. അതിനാല്‍തന്നെ നിരന്തരം വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടുമോ എന്നാണ് തൃശൂരും ഒപ്പം കേരളവും ഉറ്റുനോക്കുന്നത്.( കേരളീയം മാസികയില്‍ വന്നത്)

Tuesday, January 31, 2012

കോളസമരത്തില്‍ പിണറായി എന്തുകൊണ്ട് അണിചേര്‍ന്നില്ല..... അവഗണിക്കപ്പെട്ട 'ഒക്യുപൈ കോള ലാന്റ്' സമരം








'ഒക്യുപൈ വാള്‍സ്ട്രീറ്റി'നെക്കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളും അതിനെക്കുറിച്ച് പുസ്തകമിറക്കി മേനി നടിക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിലുണ്ട്. എന്നാല്‍ 'ഒക്യുപൈ കൊക്കകോളലാന്റ് എന്ന പേരില്‍ കേരളത്തില്‍ ഈയിടെ നടന്ന സമരത്തെക്കുറിച്ച് അവരാരും ഘോരഘോരം സംസാരിച്ചതേയില്ല. കേരളത്തിലെ കൂറ്റന്‍ കോര്‍പ്പറേറ്റെന്ന് പറയാവുന്ന കൊക്കകോളയുടെ ആസ്ഥാനം പിടിച്ചെടുത്തുകൊണ്ട് സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് വരിക്കപ്പെട്ടവര്‍ പിന്നീട് ജയിലില്‍ നിരാഹാരമിരുന്നതും പലരും അറിഞ്ഞില്ല. അകലത്തിരിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് അടുത്തിരിക്കുന്ന കള്ളന് കഞ്ഞിവെക്കുന്നവന്‍ എന്നു പറയുന്ന നിലയിലേക്ക് മാധ്യമങ്ങളും നമ്മുടെ രാഷ്ട്രീയക്കാരും മാറിയെന്നതിന് വേറെന്ത് തെളിവു വേണം.
ഗംഗാനദി മലിനീകരണത്തിനെതിരായി ഹരിദ്വാറില്‍ ആഴ്ചകളോളം നിരാഹാരം കിടന്ന നിഗമാനന്ദസ്വാമിയെ കണ്ടില്ലെന്ന് നടിക്കുകയും ഒടുക്കം അദ്ദേഹത്തിന്റ മരണത്തിന് സാക്ഷിയാകുകയും ചെയ്തവരാണ് നമ്മുടെ മുഖ്യധാരാ മാധ്യമപ്പടയും രാഷ്ട്രീയക്കാരും. ഇക്കൂട്ടര്‍തന്നെയാണ് ഒരു സുപ്രഭാദത്തില്‍ പൊട്ടിപ്പുറപ്പെട്ട സ്വാമി ബാബാ രാംദേവിന്റെയും അണ്ണാഹസാരെയുടെയും നിരാഹാരം ലൈവാക്കി നിലനിര്‍ത്തി അതിന്മേല്‍ ചര്‍ച്ച നടത്തുകയും ചെയ്തതെന്നോര്‍ക്കണം. ഇത്തരത്തില്‍ തരംപോലെ കാര്യങ്ങളെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തമസ്‌ക്കരിക്കാമെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും തെളിയിച്ചതിന്റെ ഏറ്റവും പുതിയ പാഠംതന്നെയായിരുന്നു കോളക്കെതിരെ ഈയിടെ കേരളത്തില്‍ ഉയര്‍ന്ന സമരം നേരിട്ട അവഗണന.
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ (ജനത്തിനും പരിസ്ഥിതിക്കും നാശം വിതച്ച കോളകമ്പനിയില്‍ നിന്ന് നാശനഷ്ടം ഈടാക്കുന്നതിന്) നിയമമാക്കുക എന്നാവശ്യമുന്നയിച്ച് 2011 ഡിസംബര്‍ 21 മുതല്‍ വിയ്യൂര്‍ ജയിലില്‍ 17 ഓളം പ്ലാച്ചിമട സമരക്കാര്‍ നടത്തിയ നിരാഹാരസമരമാണ് വിഷയം. അതിവൈകാരികത ഉല്‍പ്പാദിപ്പിച്ചവര്‍ക്കുതന്നെ നിയന്ത്രിക്കാനാവാത്തവിധം വളര്‍ന്നുവലുതായ മുല്ലപ്പെരിയാര്‍ എപ്പിസോഡ് വാര്‍ത്തകളിലോ സി പി എം സമ്മേളനങ്ങളിലോ മുങ്ങിക്കുളിക്കുന്നതിനിടയില്‍ കാണാതെപോയതാണ് കേരളത്തിലെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ഈ സമരത്തെയെന്ന് ആരും കരുതേണ്ടതില്ല. ആഗോളവത്ക്കരണ-മൂലധന നിയന്ത്രിതമായ പുതിയ കാലത്ത് ഒന്നും അങ്ങിനെ സ്വാഭാവികമായി ഉണ്ടാകുന്നില്ല. പ്രത്യേകിച്ച് വാര്‍ത്തകള്‍കള്‍ക്കും മുഖ്യധാരാരാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ക്കുപോലും ഒരു മുന്‍കൂര്‍ അജണ്ട ഉണ്ടായിക്കൊണ്ടിരിക്കുന്ന നവലിബറല്‍ കാലത്ത്. സത്യത്തില്‍ ഈയിടെ പുനരാരംഭിച്ച പ്ലാച്ചിമടസമരം തമസ്‌ക്കരിക്കപ്പെട്ടതിന്റെ മുഖ്യകാര്‍മികര്‍ കോള ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്ന് പരസ്യം പറ്റുന്ന മാധ്യമങ്ങളാകുമ്പോള്‍ രണ്ടാം പ്രതിയാകാവുന്നത് പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമമാക്കാന്‍ ധാര്‍മികബാധ്യതയുള്ള കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിലെ (ഇവരാണ് ബില്‍ പാസാക്കിയത്)മുഖ്യകാര്‍മികരായ സി പി എം തന്നെയാണ്. കോണ്‍ഗ്രസുമുതല്‍ ബി ജെ പി വരെയുള്ള പാര്‍ട്ടികളിലെ ഒറ്റപ്പെട്ട നേതാക്കള്‍ ജയിലില്‍ എത്തിനോക്കിയപ്പോള്‍ സമരത്തെ പൂര്‍ണ്ണമായും അവഗണിച്ചത് സി പി എം ആണെന്ന് തെളിയുമ്പോഴാണ് കോളയും സി പി എമ്മും തമ്മില്‍ എന്താണിത്ര അവിശുദ്ധബന്ധം എന്ന് സംശയം തോന്നുക. അത്തരത്തിലൊരു വിലയിരുത്തലിന് മുതിരുന്നതിനു മുമ്പേ പ്ലാച്ചിമട ട്രൈബ്യൂണലും അതിന്റെ ഭാഗമായി ഈയിടെ നടന്ന സമരവും എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

'ഒക്യുപൈ കൊക്കകോള ലാന്റ്'

2011 ഫെബ്രുവരി 24ന് അന്നത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ മന്ത്രിസഭയാണ് ഏകകണ്ഠമായി പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയത്. പ്ലാച്ചിമട സമരസമിതിയുടെയും മറ്റ് നിരവധി പേരുടെയും ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇടതുസര്‍ക്കാരിന്റെ അവസാനകാലയളവില്‍ ബില്‍ പാസാക്കിയതെങ്കിലും പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തില്‍ അയക്കുകയും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയുമായിരുന്നു. വിവിധ മന്ത്രാലയങ്ങളിലൂടെ കടന്നുപോയ ബില്‍ രാഷ്ട്രപതിയുടെ മുമ്പിലെത്തുന്നതിനു മുമ്പ് മരവിപ്പിക്കപ്പെട്ടതോടെ ദില്ലി രാഷ്ട്രീയഭരണകേന്ദ്രങ്ങളില്‍ കോളകമ്പനിയുടെ ഇടപെടല്‍ സജീവമായെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയുമൊക്കെ നേരില്‍ കണ്ട് വിഷയത്തില്‍ വീണ്ടും സജീവ ഇടപെടല്‍ നടത്തിയത്. അതിനിടയില്‍ ബില്‍ അട്ടിമറിക്കാനായി കോളകമ്പനി തയ്യാറാക്കിയ നിയമോപദേശം കേന്ദ്രസര്‍ക്കാരില്‍ എത്തിയത് ഏറെ ഒച്ചപ്പാടിനിടയാക്കി. കോളയുടെ നിയമോപദേശത്തിനു മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാരാകട്ടെ ബില്ലിന്റെ നിയമസാധുത ഒന്നുകൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട്് കേരളത്തിലേക്ക് കത്തയച്ചു(ബില്‍ മടക്കിയയക്കുന്നതിന് തുല്യം). എന്നാല്‍ അത്തരമൊരു കത്തിന് ഉടന്‍ മറുപടി തയ്യാറാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ വല്ലാത്ത അമാന്തം കാട്ടാന്‍ തുടങ്ങിയതോടെ കോളകമ്പനിയുടെ ഇടപെടല്‍ കേന്ദ്രം കടന്ന് കേരളത്തിലേക്ക് വീണ്ടും വ്യാപിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. ഇതിനിടയില്‍ സമരസമിതി നേതാവ് വിളയോടി വേണുഗോപാലും സംഘവും നിരവധി തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. കേന്ദ്രത്തില്‍ ചില ഇടത് എം പിമാര്‍ ഇടപെട്ടിട്ടുപോലും ഒന്നും നടക്കുന്നില്ലെന്ന് വന്നപ്പോഴാണ് ഒക്‌ടോബര്‍ 23ന് പ്ലാച്ചിമടയില്‍ സമരക്കാര്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. സര്‍ക്കാരില്‍ നിന്ന് ഇനിയും അനുകൂലതീരുമാനം ഉണ്ടാകാത്ത പക്ഷം ജനാധികാരതത്വപ്രകാരം പ്ലാച്ചിമടയിലെ കൊക്കകോളയുടെ ഭൂമി കണ്ടുകെട്ടുന്ന നിലയിലേക്ക് സമരം ശക്തമാക്കാന്‍ അവിടെവച്ച് തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ഡിസംബര്‍ 17ന് കോളകമ്പനിയിലേക്ക് പ്ലാച്ചിമട ഐക്യദാര്‍ഡ്യസമിതിയുടെ നേതൃത്വത്തില്‍ 500 ല്‍പ്പരം സമരപ്രവര്‍ത്തകര്‍ എത്തി കോളകമ്പനിയുടെ ആസ്തി പിടിച്ചെടുക്കല്‍(ഒക്യുപൈ കൊക്കകോള ലാന്റ്) സമരം നടത്തിയത്. ഒടുക്കം സമരത്തില്‍ പങ്കെടുത്ത 20 ഓളം പേരെ അറസ്റ്റ് ചെയ്താണ് സമരത്തോട് സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജഡ്ജി ജാമ്യം അനുവദിച്ചെങ്കിലും സമരക്കാര്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നതുവരെ അവര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാരം കിടക്കാനും തീരുമാനിച്ചു.
ഇത്രയും സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കോലാഹലവുമായി രംഗത്തുവരുമെന്നും വിഷയത്തില്‍ കേരളസര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈകൊള്ളുമെന്നുമാണ് പാവം സമരക്കാര്‍ കരുതിയതെങ്കിലും അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട വാര്‍ത്തകള്‍ വന്നതല്ലാതെ വേണ്ടത്ര ഗൗരവത്തില്‍ മാധ്യമങ്ങള്‍ ആരുംതന്നെ ഇതിനെ ഗൗനിച്ചില്ല. ഇതിനെല്ലാമപ്പുറം ഇടതുസര്‍ക്കാര്‍ പാസാക്കിയ സ്വന്തം ബില്‍ നിയമമാക്കുന്നതിനുവേണ്ടി ചിലര്‍ സമരം നടത്തുമ്പോള്‍ അതിന് പിന്തുണക്കാനോ ജയിലില്‍ നിരാഹാരം കിടക്കുന്നവരെ ഒന്നു കാണാനോ സി പി എമ്മിന്റെ സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ പോയിട്ട് തൃശൂരിലെ ലോക്കല്‍ നേതാവുപോലും വന്നില്ല. സി പി ഐ നേതാക്കളും മുന്‍ ജലവിഭവമന്ത്രി എം കെ പ്രമേചന്ദ്രനും വി എം സുധീരനെപോലുള്ള കോണ്‍ഗ്രസുകാരും ബി ജെ പിനേതാവുമൊക്കെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴും സി പി എമ്മിന് അതിന് കഴിയാതെ പോയതാണ് ഏവരെയും ഞെട്ടിച്ചത്. നാഴികയ്ക്ക് നൂറുവട്ടം അമേരിക്കന്‍ സാമ്രാജ്യത്വമെന്നും കോര്‍പ്പറേറ്റ് മൂലധനമെന്നും പറഞ്ഞുനടക്കുന്ന ഇവര്‍ എന്തുകൊണ്ട് ഈ സമരത്തെ അവഗണിച്ചു എന്നതാണ് രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന വിഷയം. അത്തരമൊരു കാര്യത്തിലേക്ക് പോകുന്നതിനു മുമ്പ് പ്ലാച്ചിമടയിലെ സമരചരിത്രവും ഒടുക്കം ട്രൈബ്യുണല്‍ പാസാക്കുന്നതുവരെയുള്ള കാര്യവും അമേരിക്കന്‍പ്രതിനിധിയോട് സാക്ഷാല്‍ പിണറായി വിജയന്‍ നടത്തിയ വെളിപാടുമൊക്കെ പരിശോധിക്കേണ്ടിവരും.

കോളസമരത്തില്‍നിന്ന് പിണറായി മാറിനിന്നതെന്തുകൊണ്ട്?

2002 ഏപ്രില്‍ മാസത്തിലാണ് പ്ലാച്ചിമടയില്‍ കോളകമ്പനിയ്‌ക്കെതിരെ പ്രാദേശിക ജനതയുടെ പ്രതിഷേധസമരം ഉയര്‍ന്നുവന്നത്. ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശത്തെ കിണറുകളില്‍ വെള്ളം മലിനമായതും, പാകം ചെയ്യുന്ന ഭക്ഷണം പെട്ടെന്ന് കേടാവുന്നതും മറ്റുമായിരുന്നു ആദ്യഘട്ടത്തില്‍ സമരകാരണമായി ഉയര്‍ന്നത്. പ്ലാച്ചിമട സമരസമിതി, ആദിവാസി സംരക്ഷണസമിതി എന്നിവരൊക്കെ ചേര്‍ന്ന് അന്ന്് സമരം ശക്തമാക്കുമ്പോള്‍ പ്രാദേശികമേഖലയിലെ മുഖ്യധാരാരാഷ്ട്രീയക്കാരായ സി പി എമ്മും ജനതാദളും അടക്കമുള്ളവര്‍ അതിനെ എതിര്‍ത്തിരുന്നു. സമരം പിന്നീട് ശക്തിപ്രാപിക്കുകയും മേധാപട്ക്കര്‍ അടക്കമുള്ളവര്‍ പ്ലാച്ചിമടയിലേക്ക് വരാനിടയാകുകയും ചെയ്തതോടെയാണ് മുഖ്യധാരാപാര്‍ട്ടികള്‍ ഈ സമരത്തിലേക്ക് കണ്ണി ചേര്‍ന്നത്. എന്നാല്‍ പ്രാദേശകിമായി സി പി എം നേതാവ് എന്‍ എന്‍ കൃഷ്ണദാസും ഡിവൈ എഫ് ഐയുമൊക്കെ സമരത്തിനൊപ്പം നിന്നപ്പോഴും വി എസ് അച്യുതാനന്ദന്‍ പ്ലാച്ചിമട സമരപന്തലില്‍ പോയി പിന്തുണച്ചപ്പോഴുമൊക്കെ പിണറായിയുടെ നേതൃത്വം സമരത്തോട് അത്ര മതിപ്പ് കാട്ടിയിരുന്നില്ല. കേരളത്തിനു പുറത്ത് ലോകമാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച ഈ സമരത്തില്‍ ഒരിക്കല്‍പോലും പിണറായി പങ്കാളിയായിട്ടില്ല എന്നതാണ് വസ്തുത. പല ഘട്ടങ്ങളിലും പരോക്ഷമായി ഈ സമരവികാരത്തെയും കോളയ്‌ക്കെതിരായ നീക്കത്തെയും തടയിടാനാണ് അദ്ദേഹവും കോര്‍പ്പറേറ്റ് മൂലധനത്തോട് സന്ധിചെയ്യാമെന്ന് പറയുന്ന അദ്ദഹേത്തിന്റെ നേതൃത്വത്തിലുള്ള മറ്റു പാര്‍ട്ടിനേതാക്കളും ശ്രമിച്ചതെന്നതാണ് ചരിത്രസത്യം. പ്ലാച്ചിമടയില്‍ സമരം നടക്കുന്നതിനിടയില്‍ കോളയുമായി ബന്ധപ്പെട്ട ഒരു കാര്യം തിരക്കാനായി പിണറായി വിജയന്‍ കെ എം ഷാജഹാനെ( വി എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി, പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍) വിളിപ്പിച്ച കാര്യം അതിലൊന്നാണ്.

''വി എസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന വേളയില്‍ ഒരിക്കല്‍ മാത്രമാണ് പിണറായി എന്നെ വിളിപ്പിച്ചത്. അന്ന് ഞായറാഴ്ചയായിരുന്നു. കൊക്കകോള വിതരണം ചെയ്ത വളത്തില്‍ മാരകവിഷം അടങ്ങിയിട്ടുണ്ടെന്ന ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ വിവരം ചില മാധ്യമങ്ങളെ അറിയിക്കാനും മറ്റുമായി ഞാന്‍ ഓഫീസില്‍ വന്നിരുന്നു. അതിനിടയിലാണ് ഓഫീസിലേക്ക് എ കെ ജി സെന്ററില്‍നിന്ന് പിണറായി വിജയന്റെ ഫോണ്‍ വന്നത്. കോളയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ത്ത വന്നിട്ടുണ്ടോ എന്നായി ഫോണില്‍ അദ്ദേഹത്തിന്റെ ചോദ്യം. അത് എല്ലാവരെയും അറിയിക്കുകയായിരിക്കും എന്നായി പിന്നീടുള്ള ചോദ്യം. കൊക്കകോളയെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകള്‍ ശരിയായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ശരിയാണെന്ന് മറുപടി പറഞ്ഞു. അത് നല്ല ഇടപെടലായി എനിക്ക് തോന്നിയില്ല''- കെ എം ഷാജഹാന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 11-17)

പിണറായി വിജയന് കോളകമ്പനിയിലെ കാര്യങ്ങളില്‍ ഇത്ര വേവലാതി ഉണ്ടായതെന്തിനാണെന്ന് അന്ന് ഷാജഹാന്റെ അഭിമുഖം വായിച്ച പലര്‍ക്കും സംശയം ഉണ്ടായിട്ടുണ്ടാകാം. പാര്‍ട്ടിനടപടിക്കിരയായതിനാല്‍ ഷാജഹാന്‍ വെറുതെ വെച്ച് കാച്ചിയതാകാമെന്ന് ധരിച്ച് വശായവരും കുറെയുണ്ടാകും. എന്നാല്‍ 'വിക്കിലീക്‌സ്' വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഷാജഹാന്റെ പറച്ചില്‍ വെറുതെയായിരുന്നില്ലെന്ന് ആര്‍ക്കും ബോധ്യമാകുന്നതായി മാറി. ചെന്നൈയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനുമായി പിണറായി വിജയന്‍ സംസാരിച്ചതായ രഹസ്യവിവരമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. സി പി എം നേതാക്കളുടെ അമേരിക്കന്‍ വിരുദ്ധതയും കോര്‍പ്പറേറ്റ് വിരുദ്ധതയും പൊള്ളത്തരമാണെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ ആ രേഖകളിലൂടെ മലയാളികള്‍ വായിച്ചപ്പോള്‍ കൊക്കകോളയെ സംബന്ധിച്ച് പിണറായി പറഞ്ഞ ചില കാര്യവുമുണ്ടായി. പ്ലാച്ചിമടയിലെ കൊക്കകോള സമരം വെറും പ്രാദേശികസമരം മാത്രമായിരുന്നു എന്നായിരുന്നു അത്.(തങ്ങള്‍ കോളയ്‌ക്കെതിരല്ലെന്നും തങ്ങള്‍ ഭരിക്കുന്ന പാലക്കാട്ടെ തന്നെ പുതുച്ചേരിപഞ്ചായത്തില്‍ ജലചൂഷണം നടത്തിക്കൊണ്ട് പെപ്‌സികമ്പനിയെ പോറ്റിവളര്‍ത്തുന്നുണ്ടല്ലോ എന്നും പറയാതെ പറയുന്ന കുമ്പസാരം തന്നെയായിരുന്നു അത്) സി പി എം എന്ന പാര്‍ട്ടിയ്ക്ക് പ്രത്യക്ഷത്തില്‍ പങ്കില്ലെങ്കിലും ഡി വൈ എഫ് ഐ യും പാര്‍ട്ടി നേതാവ് എന്‍ എന്‍ കൃഷ്ണദാസും സാക്ഷാല്‍ വി എസ് അച്യുതാനന്ദനുമൊക്കെ നിരവധി തവണ ഇടപെട്ട കോളസമരത്തെയാണ് വെറും പ്രാദേശികമായ വിഷയമാക്കി പിണറായി ചുരുക്കികാട്ടിയതെന്ന് ഓര്‍ക്കണം. അപ്പോള്‍ സാമ്രാജ്വത്വ കോര്‍പ്പറേറ്റ് ഭീമനെന്ന് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കപ്പെട്ട കോളകമ്പനിയോട് പിണറായിക്ക് (സി പി എം സംസ്ഥാനസെക്രട്ടറിക്ക്) എന്തോതരം ബന്ധം ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തം.

എളമരത്തിനും ബാലകൃഷ്ണനും കോളയോടുള്ള ഭക്തി

ഇതുകൊണ്ടും തീരുന്നില്ല അത്തരം അവിഹിത ബന്ധത്തിന്റെ തെളിവുകള്‍. പ്ലാച്ചിമടയിലെ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച നാശനഷ്ടം പഠിക്കാനായി കെ ജയകുമാര്‍ ഐ എ എസ് തലവനായുള്ള ഉന്നതാധികാര സമിതിയെ വച്ചതിനുശേഷം എല്‍ ഡി എഫ് സര്‍ക്കാരിന്റെതന്നെ വ്യവസായവകുപ്പ് സെക്രട്ടറിയായ ബാലകൃഷ്ണന്‍ കോളയ്ക്ക് അനുകൂലമായി നിലപാട് എടുത്തതായിരുന്നു മറ്റൊന്ന്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ മുഖ്യമന്ത്രി വി എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളെ നിയമന്ത്രിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്നും വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കീരമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ ഒരു വികനസന സെമിനാറില്‍ കോളയെ ന്യായീകരിച്ച് ബാലകൃഷ്ണന്‍ പ്രസംഗിച്ചത് വലിയ വിവാദമായി. ഇതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചുട്ട മറുപടിയും കൊടുത്തു. കോളയ്ക്കു വേണ്ടി ബാലകൃഷണന്റെ(എളമരവും പിണറായിയുമൊക്കെ വിഭാവനം ചെയ്യുന്ന വികസനം കോളയെയും ടാറ്റയെയും എന്തു ചൂഷണം നടത്തിയാലും പരവതാനി വിരിച്ച് സ്വീകരിക്കണമെന്ന ബംഗാള്‍ മോഡലാണ്. ഇതിനുവേണ്ടിയാണ് യു ഡി എഫ് കാലത്തെ വ്യവസയാസെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ എല്‍ ഡി എഫ് ഭരണത്തിലും തുടരാന്‍ പാര്‍ട്ടി അനുവദിച്ചത്) കളി അതുകൊണ്ടും തീര്‍ന്നില്ല. കോളകമ്പനിയെ പോലുള്ള വന്‍കിട കമ്പനിയില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്നത് ശരിയല്ലെന്ന തരത്തിലുള്ള നോട്ട് ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ വ്യവസായവകുപ്പ് ചാര്‍ത്തികൊടുത്ത നടപടിയായിരുന്നു രണ്ടാമത്തേത്. വകുപ്പ് സെക്രട്ടറി ബാലകൃഷ്ണന്റെ ഈ നടപടിക്കെതിരെ പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ് ഫെയ്‌സി പരസ്യമായി രംഗത്തുവന്ന് വിശദീകരണം നടത്തിയതോടെ രണ്ടാമത്തെ ഇടപെടലും പൊളിഞ്ഞു. ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ട്രൈബ്യൂണല്‍ പാസാക്കിയതെന്ന് നാമോര്‍ക്കണം. കോളയ്ക്കു വേണ്ടിയുള്ള ഈ അമിതഭക്തി എല്‍ ഡി എഫിലും യു ഡി എഫിലും (കെ എം മാണി അന്ന് ബില്ലിനെ എതിര്‍ത്തിരുന്നു) ഒരേ പോലെ പ്രകടമായിരുന്നു എന്ന് സാരം.

കോളയ്ക്കുമീതെ പറക്കുമോ ഈ ബില്ല്

ബില്ലിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം കേരളം അയച്ചുവെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് രേഖാമൂലം ജയിലില്‍ അറിയിച്ചതിനെതുടര്‍ന്നാണ് മൂന്ന് ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായത്. മറുപടി അയച്ചെന്നും ബില്‍ നിയമാക്കാന്‍ ഇടപെട്ടു എന്നൊക്കെ മന്ത്രി പറഞ്ഞത് സമരം തല്‍ക്കാലം നിര്‍ത്തിവെപ്പിക്കാനായി നടത്തിയ പ്രകടനമാണോ എന്ന സംശയവും നിലവിലുണ്ട്. സമരം അവസാനിപ്പിക്കാനായി തയ്യാറായ മധ്യസ്ഥന്‍ വി എം സുധീരനുപോലും ഇതില്‍ വ്യക്തതയില്ല. കേന്ദ്രത്തിലേക്ക് അയച്ച കോപ്പി ഇതുവരെ ആരും കണ്ടിട്ടുമില്ല. അതിനാല്‍തന്നെ ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമം ഇനിയും താമസിക്കയാണെങ്കില്‍ 'ഒക്യുപൈ കോളലാന്റ്' സമരരത്തിലേത്തക്ക് വീണ്ടും ഇറങ്ങാനാണ് സമരക്കാരുടെ തീരുമാനം. ജനോപകാരപ്രദമായ ഒരു ബില്‍ നിയമസഭ പാസാക്കിയാല്‍പോലും കോളയുടെ(സ്വകാര്യകമ്പനി) നിയമോപദേശത്തിന്റെ പുറത്ത് ബില്‍ അട്ടിമറിക്കാനുള്ള ശ്രമം പാര്‍ലിമെന്റ് നടത്തുമ്പോള്‍ നമ്മുടെ ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. കോളയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഭരണകൂടം മുട്ടുമടക്കുമ്പോള്‍ കേരളജനതയെ മൊത്തത്തില്‍ അപഹസിക്കുന്നതിന് തുല്യമാണെന്ന് വിളിച്ചുപറയാന്‍ ഇതുവരെ ആരും തയ്യാറാകുന്നില്ല. കോളകമ്പനിയ്ക്കു മീതെ ഒരു ബില്ലും പറക്കില്ല എന്നാണോ ഇതിന്റെയൊക്ക അര്‍ഥം. അപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും മറ്റേതു പാര്‍ട്ടിയായാലും ഇവരെയൊക്കെ ബില്ലുകളും നിമങ്ങളും പാസ്സാക്കാനായി തിരഞ്ഞെടുത്തയച്ചത് സാമാന്യജനതയോ അതോ കോളകമ്പനിയോ.....(ഇടതുപക്ഷം 2012 ജനുവരി)

Tuesday, December 27, 2011

നിഴല്‍: പെന്റവാലന്റ് വാക്‌സിന്‍; തമിഴ്‌നാട് പിന്‍വാങ്ങി ക...

നിഴല്‍: പെന്റവാലന്റ് വാക്‌സിന്‍; തമിഴ്‌നാട് പിന്‍വാങ്ങി ക...: പോളിയോ അടക്കമുള്ള വാക്‌സിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉള്ളപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ...

പെന്റവാലന്റ് വാക്‌സിന്‍; തമിഴ്‌നാട് പിന്‍വാങ്ങി കേരളം ആശയക്കുഴപ്പത്തില്‍




പോളിയോ അടക്കമുള്ള വാക്‌സിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉള്ളപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പുതുതായി പെന്റവാലന്റ് വാക്‌സിനേഷന്‍( അഞ്ചു രോഗങ്ങളെ ഒന്നിച്ചു പ്രതിരോധിക്കാന്‍) അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്‌സിനേഷനെതിരെ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും പരാതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകാന്‍ പോകുകയാണ്. വേണ്ടത്ര ശാസ്ത്രീയപിന്‍ബലമില്ലാതെയാണ് ഈ വാക്‌സിന്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഇത് മരുന്നുപരീക്ഷണമാണെന്നും കാണിച്ച് ഇവര്‍ നല്‍കിയ പരാതിയിന്മേല്‍ കോടതി കേരള-കേന്ദ്ര സര്‍ക്കാരുകളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനു പുറമെ വാക്‌സിനേഷന് വിധേയമായ ഒരു കുഞ്ഞ് വിതുരയില്‍ മരിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അമ്മമാരും മറ്റും ആശയക്കുഴപ്പത്തിലായിരിക്കയാണ്. ആഴ്ചയില്‍ ബുധനാഴ്ച തോറുമാണ് സി എച്ച് സി, പി എച്ച് സി വഴി ഈ വാക്‌സിനുകള്‍ 58 ദിവസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്നത്. വാക്‌സിനേഷനില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നിയമപരമായ പ്രശ്‌നമുണ്ടാകുമോ എന്ന ഭീതിയും ചില രക്ഷിതാക്കളിലുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ 'നിര്‍ബന്ധമല്ലെന്നും ഇത് എടുക്കുന്നില്ലെന്ന് എഴുതികൊടുക്കേണ്ട ആവശ്യമില്ലെന്നും നിയമപരമായ പ്രശ്‌നമുണ്ടാകില്ലെന്നും' ഇക്കാര്യം സംബന്ധിച്ച് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ സര്‍ക്കാര്‍ ആശുപത്രിമുഖേന ഇതാദ്യമായി ഡിസംബര്‍ 14മുതല്‍ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷം വാക്‌സിനേഷന്‍ നല്‍കുമെന്നും അതിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചശേഷമേ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കൂ എന്നുമാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ തമിഴ്‌നാട് വാക്‌സിനേഷന്‍ പ്രക്രിയയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കയാണ്. വാക്‌സിനേഷനെതിരെ നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് അവരെ ഇതില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. പെന്റവാലന്റ് വാക്‌സിന്‍ ഉപയോഗിച്ച ശ്രീലങ്ക, ബംഗാള്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ നിരവധി മരണവും പാര്‍ശ്വഫലങ്ങളും ഉണ്ടായതിനാല്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചിരുന്നു. ഇതിനു പുറമെ ഇന്ത്യയില്‍ ഈ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനെതിരെ ചില ഡോക്ടര്‍മാര്‍ ദില്ലി ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തും അവിടെയുള്ള ചില ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് തമിഴ്‌നാടിന്റെ പിന്‍വാങ്ങലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വിതുരയിലെ പരപ്പാറ മരുതംമൂട് സജീന്‍ മന്‍സില്‍ സബീറിന്റെയും ഷാജിതയുടെയും കുഞ്ഞാണ് വാക്‌സിന്‍ എടുത്ത ശേഷം പിറ്റേന്ന്(15ന്) മരിച്ചത്. ശ്വാസതടസ്സം മൂലമാണെന്നും വാക്‌സിന്‍മൂലമല്ല മരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോളിയോ അടക്കമുള്ള വാക്‌സിനുകള്‍ക്കു ശേഷം ഇത്തരത്തില്‍ കുട്ടികള്‍ മരിച്ചപ്പോഴും സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഇതേ മറുപടിയാണ് പറഞ്ഞിട്ടുള്ളതെന്നാണ് അതില്‍ കൂടുതല്‍ വാക്‌സിന്‍ കമ്പനികളെ പ്രതികൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കാറില്ലെന്നുമാണ് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രസിഡന്റ് ഡോ. പി ജി ഹരി പറയുന്നത്. സ്വകാര്യ ആശുപത്രികളില്‍ നേരത്തെ നല്‍കുന്ന ഈ വാക്‌സിന്‍ മൂലം മലപ്പുറത്ത് കുട്ടിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആരോഗ്യരംഗത്ത് ഏറെ പിന്നില്‍ നില്‍ക്കുന്ന പല സംസ്ഥാനങ്ങളെയും ഒഴിവാക്കി കേരരളം പോലുള്ള സാമാന്യേന മെച്ചപ്പെട്ട സംസ്ഥാനമായ കേരളത്തില്‍ ഈ മരുന്ന് അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. മരുന്ന് പ്രചാരണത്തിനും പ്രയോഗത്തിനും കോടികള്‍ മുടക്കുന്ന സന്നദ്ധസംഘടനകളായ ഗാവി(GAVI) യും ബില്‍ഗേറ്റ്‌സ് ട്രസ്റ്റുമാണ് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഇതിന്റെ ചെലവായ 765 കോടി വഹിക്കുന്നതെന്ന് കാണുമ്പോള്‍ തന്നെ ഭാവിയിലുള്ള കച്ചവടസാധ്യത കണക്കിലെടുത്തുള്ള മരുന്നുപരീക്ഷണമാണ് ഇതെന്ന് വ്യക്തമാണെന്നും ഹരി കൂട്ടിചേര്‍ക്കുന്നു. കേരളത്തില്‍ വരുന്ന വാക്‌സിനേഷന്‍ പരിശോധിക്കാനായി വാക്‌സിന്‍ വയല്‍ മോണിറ്ററിംഗ് സമിതിയുണ്ടെങ്കിലും ശാസ്ത്രീയമായ പരിശോധന നടക്കാറില്ല. 2004ല്‍ നടന്ന പരിശോധനാഫലം വെച്ചാണ് ഈ വര്‍ഷവും പോളിയോവാക്‌സിനേഷന്‍ നടത്തിയതെന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച വിവരം. (സിറാജ്-27-12-11)

Wednesday, October 19, 2011

നിഴല്‍: ''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ...

നിഴല്‍: ''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ...: ''ഒരു നല്ല മകനെ പ്രസവിച്ച് രാജ്യത്തിന് നല്‍കിയപ്പോള്‍ രാജ്യം അവനെ കൊലയാളിയായി തിരിച്ചുതന്നതെന്തിനാണ്?'' കണ്ഠമിടറിക്കൊണ്ട് ചോദിക്കുന്നത് രാ...

''രാജ്യം എന്റെ മകനെ കൊലയാളിയായി തിരിച്ചുതന്നതെന്തേ'- അര്‍പുതം അമ്മാള്‍



''ഒരു നല്ല മകനെ പ്രസവിച്ച് രാജ്യത്തിന് നല്‍കിയപ്പോള്‍ രാജ്യം അവനെ കൊലയാളിയായി തിരിച്ചുതന്നതെന്തിനാണ്?'' കണ്ഠമിടറിക്കൊണ്ട് ചോദിക്കുന്നത് രാജീവ് ഗാന്ധിവധകേസില്‍ പ്രതിചേര്‍ത്ത് 21 വര്‍ഷം മുമ്പ് 19-ാം വയസ്സില്‍ ജയിലിലടക്കപ്പെട്ട പേരറിവാളന്‍ എന്ന ചെറുപ്പക്കാരന്റെ അമ്മ അര്‍പുതം അമ്മാള്‍. മകന്‍ പേരറിവാള്‍ അടക്കം ജയിലിലുള്ള മൂന്ന് പ്രതികളുടെ വധശിക്ഷ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തില്‍ മകന്റെ അന്തിമമായ മോചനം ആവശ്യപ്പെട്ട് അലയുന്ന ഈ അമ്മ കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
രാജീവ് ഗാന്ധി വധകേസില്‍ എന്റെ മകന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അതിനായി കേസ് പുനര്‍വിചാരണ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധിവധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. കൊലപാതകവുമായി ചുറ്റിപ്പറ്റി എന്തൊക്കെ കഥകള്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ക്കുപോലും ഇതില്‍ പങ്കുണ്ടെന്ന ആക്ഷേപമില്ലേ? വിവരാവകാശനിയമപ്രകാരം അറിഞ്ഞ അറിവ് വച്ച് എന്റെ മകന്‍ അടക്കമുള്ള മൂന്നു പേരെയും തൂക്കിലേറ്റുന്നതില്‍ വലിയ താല്‍പ്പര്യമുള്ളത് കേന്ദ്രമന്ത്രി ചിദംബരത്തിനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്്. എന്തിനാണ് നിരപരാധികളെ ഇങ്ങിനെ തൂക്കിലേറ്റാന്‍ ധൃതി പെടുന്നത്. യഥാര്‍ത്ഥത്തില്‍ കൊല നടത്തിയവരെ കണ്ടെത്തണമെന്നുതന്നെയാണ് എന്റെയും ആവശ്യം. അങ്ങിനെ വന്നാലും അവരെ തൂക്കികൊന്നുകൊണ്ട് ശിക്ഷിക്കരുതെന്നാണ് തന്റെയും അഭിപ്രായം. രാജീവ് ഗാന്ധിയുടെ ജീവനുള്ള വില തന്നെ എന്റെ മകനുമില്ലേ? എന്റെ മകനെ രാജ്യം എന്തിനാണ് കൊലയാളിയാക്കി മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ നളിനിയ്ക്ക് മാപ്പ് കൊടുത്തവര്‍ക്ക് എന്തേ എന്റെ മകനും അത് നല്‍കികൂടാ. ആദ്യമൊക്കെ സോണിയാഗാന്ധി വധശിക്ഷയ്‌ക്കെതിരായിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. നിരപരാധിയായ അവനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം നിയമത്തെ അംഗീകരിക്കുന്ന ഞങ്ങള്‍ മാതാപിതാക്കള്‍ പൊലീസുമായി സഹകരിക്കുകയായിരുന്നു. എട്ടുദിവസം കഴിഞ്ഞിട്ടും അവനെ പുറത്തുവിടാത്തിതനെതുടര്‍ന്ന് സ്റ്റേഷനില്‍ പോയപ്പോഴാണ് അവനെ രാജീവ് ഗാന്ധിവധകേസില്‍ ബോംബ് നിര്‍മിച്ചു എന്ന പേരില്‍ കേസിലെ 18-ാം പ്രതിയാക്കിയ വിവരം അറിഞ്ഞത്. ഇന്ന് ബോംബിനുവേണ്ടിയുള്ള ഒമ്പത് വാട്ട് ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നായി മാറിയിരിക്കുന്നു അവന്റെ കുറ്റം. ചെന്നൈ ജയിലില്‍ പോയി മകനെ നേരില്‍ കണ്ടപ്പോള്‍ എന്നോട് ഒന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല അവന്‍. 'അമ്മ എന്തിനാണിവിടെ വന്നതെന്ന്' ചോദിച്ച് അവന്‍ പൊട്ടിക്കരയുമ്പോള്‍ ചുറ്റും നിറയെ പൊലീസുകാരായിരുന്നു. 19 വയസ്സുവരെ സ്വന്തം അച്ഛനോ അമ്മയോ ഒരു വടിയെടുത്തുപോലും തല്ലാതെ നല്ല കുട്ടിയായി വളര്‍ത്തിയ എന്റെ മകനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യം വിവരിക്കുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു.
തമിഴ്‌നാട്ടിലേതുപോലെ എന്റെയും എന്റെ മകന്റെയും വേദനാനിര്‍ഭരമായ കഥകള്‍ മലയാളികള്‍ക്കും നല്ല വണ്ണം അറിയാമെന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ളവര്‍ ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചതില്‍ അവരോട് വലിയ ഭക്തിയുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി അച്ഛനെയും അമ്മയെയും കാണാതെ ജയിലിലെ പീഡനം സഹിച്ച് മകനും അവന്റെ മോചനം ആവശ്യപ്പെട്ട് ഞാനടക്കമുള്ള കുടുംബവും സഹിക്കാത്ത വേദനയില്ല. എന്നാലിപ്പോള്‍ കേരളീയരായ നിങ്ങളും ലോകത്തെങ്ങുമുള്ള പലരും എന്റെ മകന്റെ മോചനത്തിനായി നടത്തുന്ന പ്രവര്‍ത്തി കാണുമ്പോള്‍ മനസ്സിന് ആശ്വാസമുണ്ട്. ആദ്യകാലത്ത് നിരപരാധിയായ മകനെ പ്രതിചേര്‍ത്തപ്പോള്‍ അതിനെതിരായി ശബ്ദിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ടെന്നും അവന്റെ യഥാര്‍ത്ഥ കഥ പറയുന്ന പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ തമിഴിലും നിരവധി ഭാഷകളിലും ഇറങ്ങിയിട്ടുമുണ്ട്. മകനും ഒപ്പമുള്ള മറ്റു രണ്ടു പേരായ മുരുകനും ശാന്തനും നീതി ലഭിക്കണമെന്നും എന്നെപ്പോലെ മറ്റൊര അമ്മയ്ക്കും ഇത്തരമൊരി ഗതി ഉണ്ടാകരുതെന്നും വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞുകൊണ്ടാണ് ആഐ അമ്മ സംസാരം നിര്‍ത്തിയത്.

Tuesday, September 6, 2011

കുട്ടികളുടെ ആധാര്‍ കാര്‍ഡ്‌ നിര്‍മ്മാണം; ഫോം പൂരിപ്പിക്കേണ്ട കാലാവധി 14 വരെ നീട്ടി `സമ്പൂര്‍ണ്ണ'യ്‌ക്കെതിരെ ദേശീയകമ്മീഷനു മുമ്പാകെ പരാതി




വ്യക്തികളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ആധാര്‍ കാര്‍ഡ്‌ നിര്‍മാണപ്രക്രിയയില്‍ കേരളത്തിലെ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതി വ്യാപകമാകുന്നു. സ്‌കൂളുകളില്‍ `സമ്പൂര്‍ണ്ണ' എന്ന അപരനാമത്തില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ശക്തമായ പ്രതിഷേധിച്ചതിനു പിന്നാലെ ചില സൈബര്‍ ആക്‌ടിവിസ്റ്റുകളും രംഗത്തെത്തിയിരിക്കുകയാണ്‌.
സൈബര്‍ ആക്‌ടിവിസ്റ്റ്‌ മേഖലയില്‍ സജീവമായി ഇടപെടുന്ന അനിവര്‍ അരവിന്ദ്‌, അഡ്വ. കാമയാനി ബാലി മഹാബാല്‍, സാമൂഹ്യപ്രവര്‍ത്തക ഉഷാ രാമനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പദ്ധതിക്കെതിരെ രംഗത്തുള്ളത്‌. ഏറെ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനു മുമ്പ്‌ വിശദമായ അന്വേഷണം നടത്തണമെന്നും കുട്ടികള്‍ക്കുമേല്‍ ഇത്‌ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട്‌ നേഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ചൈല്‍ഡ്‌ റൈറ്റ്‌സ്‌ ചെയര്‍പേര്‍സനു മുമ്പാകെയാണ്‌ ഇവര്‍ പരാതി നല്‍കിയിരിക്കയാണ്‌. വിദ്യാഭ്യാസ വകുപ്പ്‌ ധൃതി പിടിച്ച്‌ ഇറക്കിയ സര്‍ക്കുലറിന്റെ കോപ്പിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്‌. ആധാര്‍ പദ്ധതിക്കെതിരെ ദേശീയതലത്തില്‍ കാമ്പയിന്‍ നടത്തുന്ന `സെ നോ ടു യുഐഡി കാമ്പയിന്‍' എന്ന ഓണ്‍ലൈന്‍ സംഘടനയുടെ പേരിലാണ്‌ ഇവര്‍ പരാതി നല്‍കിയത്‌. ആധാര്‍ പദ്ധതിക്കു പിന്നില്‍ സി ഐ എ ബന്ധമുണ്ടെന്നും പാര്‍ലിമെന്ററി സ്റ്റാന്‍ിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ യാതൊരു നിമപരിരക്ഷയും കിട്ടില്ലെന്നും കുട്ടികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പരാതിയില്‍ പറയുന്നു. ഇത്തരം തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍മാണം ലണ്ടന്‍ അടക്കമുള്ള പല രാജ്യങ്ങളിലും നിര്‍ത്തിവെച്ചിരിക്കയാണെന്നും പദ്ധതിക്കു പിന്നില്‍ നിരവധി ദുരൂഹതകളുണ്ടെന്നും വിശദമാക്കുന്നതാണ്‌ പരാതി. `സമ്പൂര്‍ണ്ണ' എന്ന അപരനാമത്തില്‍ സ്‌കൂളുകളില്‍ ഇതിന്റെ പ്രവര്‍ത്തി തുടങ്ങിയത്‌ രക്ഷിതാക്കളടക്കം പലരും അറിഞ്ഞിട്ടില്ലെന്നതാണ്‌ മറ്റൊരു വസ്‌തുത. ധൃതി പിടിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌ ഇറക്കിയ ഒരു ഉത്തരവ്‌ മാത്രമാണ്‌ ഇതു സംബന്ധിച്ച്‌ പുറത്തിറങ്ങിയിട്ടുള്ളത്‌. സമ്പൂര്‍ണ്ണ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി എല്ലാ വിദ്യാര്‍ഥികളും ആഗസ്റ്റ്‌ 31നകം ഫോം പൂരിപ്പിച്ച്‌ നല്‍കണമെന്ന്‌ കാണിക്കുന്ന ഈ ഉത്തരവ്‌ അതാത്‌ വിദ്യാലയങ്ങള്‍ക്ക്‌ ഒരാഴ്‌ച മുമ്പാണ്‌ അയച്ചുകൊടുത്തത്‌. ഓണപ്പരീക്ഷാനടത്തിപ്പിനിടയില്‍ ധൃതി പിടിച്ച്‌ ഇറക്കിയ ഉത്തരവിന്മേല്‍ യാതൊരു നടപടിയും സ്വകരിക്കാന്‍ സ്‌കൂള്‍ അധികൃര്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ തിയ്യതി സെപ്‌തംബര്‍ 14 വരെ നീട്ടികൊടുത്തിട്ടുണ്ടെന്നാണ്‌ പദ്ധതിയുടെ നടത്തിപ്പുകാരായ ഐ ടി അറ്റ്‌ സ്‌കൂള്‍ കോഴിക്കോട്‌ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി കെ ബാബു പറഞ്ഞത്‌.
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും 12 അക്ക ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ്‌ തയ്യാറാക്കുന്നതിനായുള്ള പദ്ധതിയാണ്‌ യൂണിക്‌ ഐഡി എന്ന ആധാര്‍ പദ്ധതി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാ പൗരന്മാരുടെയും വിരലടയാളം, കൃഷ്‌ണമണിയുടെ അടയാളം തുടങ്ങിയ ബയോമെട്രിക്‌ വിവരണങ്ങളും ശേഖരിക്കുന്നുണ്ട്‌. സര്‍ക്കാരിന്റെ വിശ്വസ്‌തരായ ഏജന്‍സികള്‍ക്കും പുറമെ വിവിധ സ്വകാര്യ ഏജന്‍സികളെയും ഉപയോഗിച്ചാണ്‌ ഇവ തയ്യാറാക്കുന്നത്‌. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. എന്‍ പി ആര്‍ ഡാറ്റാകലക്ഷന്റെ (നേഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റാര്‍) മറവില്‍ കേരളത്തില്‍ ആധാര്‍ കാര്‍ഡ്‌ തയ്യാറാക്കുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അക്ഷയ പോലുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത്‌ വന്നത്‌ പദ്ധതി പ്രവര്‍ത്തനത്തിലെ ദുരൂഹത കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കയാണ്‌. കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന ഈ തിരിച്ചറിയല്‍കാര്‍ഡ്‌ നിര്‍മ്മാണം എത്രത്തോളം ശാസ്‌ത്രീയവും നിയമവിധേയവുമാണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യധാരാ രാഷ്‌ട്രീയക്കാര്‍ വിഷയം ഏറ്റെടുത്തിട്ടില്ലെങ്കിലും പാര്‍ലിമെന്റിന്റെ അംഗീകാരം പോലും ഇല്ലാതെ കോടികള്‍ ചെലവഴിക്കപ്പെടുന്ന ഈ പദ്ധതി ധൃതി പിടിച്ച്‌ നടപ്പാക്കുന്നത്‌ എന്തിനാണെന്നതിന്‌ വ്യക്തമായ ഉത്തരം ആര്‍ക്കുംതന്നെയില്ല- (സിറാജ്‌ ദിനപത്രം 5-9-11)